ADVERTISEMENT

ചങ്ങനാശേരി ∙ നിയമസഭാ സാമാജികനായി ജോബ് മൈക്കിൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ നാടിന്റെ പ്രതീക്ഷകളും ഏറെയാണ്. ഫലപ്രഖ്യാപനത്തിനും സത്യപ്രതിജ്ഞയ്ക്കും ഇടയിലുള്ള 3 ആഴ്ച മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലെ പ്രശ്നങ്ങളിൽ ഇടപെട്ടും പരിഹാരം നിർദേശിച്ചും സജീവമായിരുന്നു ജോബ് മൈക്കിൾ. നിയോജകമണ്ഡലത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കുന്ന പ്രധാന ആവശ്യങ്ങൾ:

സന്ധ്യ മനോജ്(ചങ്ങനാശേരി നഗരസഭാധ്യക്ഷ )

∙ 24 മണിക്കൂറും നഗരപരിധിയിൽ ജലവിതരണം ഉറപ്പാക്കുന്ന രീതിയിൽ പ്രത്യേക ജലപദ്ധതി വേണം. പല കാരണങ്ങളാൽ ജലവിതരണം തടസ്സപ്പെടുന്നതു പതിവായിട്ടുണ്ട്.

∙ നഗരത്തിൽ മാലിന്യ സംസ്കരണത്തിനു രാജ്യാന്തര നിലവാരത്തിലുള്ള യൂണിറ്റുകൾ സ്ഥാപിക്കുന്നതിനു സഹായം ആവശ്യമാണ്.

∙ ബൈപാസ് ഭാഗത്തേക്കു ഫയർ സ്റ്റേഷൻ മാറ്റണം. ഫയർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന നിലവിലെ കെട്ടിടവും സമീപത്ത് കാടുപിടിച്ചു കിടക്കുന്ന സ്ഥലവും പൊതുജനങ്ങൾക്കു പ്രയോജനകരമായ രീതിയിൽ മറ്റ് ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തണം.

കെ.‍ഡി.മോഹനൻ(പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് )

∙ പടിഞ്ഞാറൻ ഭാഗത്തുള്ള 1, 15, 16 വാർഡുകളുടെ വികസനത്തിനു പ്രത്യേക ഇടപെടൽ വേണം. എസി റോഡരികിലുള്ള പ്രദേശത്തു വെള്ളം കയറുന്നതും ജനങ്ങൾ ദുരിതത്തിലാകുന്നതും പതിവാണ്. നല്ല റോഡുകളും പട്ടയ പ്രശ്നത്തിനു പരിഹാരവും വേണം.

∙ കവിയൂർ റോഡ് നിർമാണം പൂർത്തിയാക്കാൻ അടിയന്തരമായി ഇടപെടണം. റോഡ് വികസനം പൂർത്തിയാക്കുന്നതിനൊപ്പം മാത്രമേ പഞ്ചായത്തിലേക്കുള്ള പൈപ്പ് ലൈനുകളുടെ ജോലികളും പൂർത്തിയാക്കാൻ സാധിക്കൂ.

∙ ഓമണ്ണ്, മച്ചിപ്പള്ളി, പാറ, മുണ്ടുകോട്ട പ്രദേശങ്ങൾ തുടങ്ങി 7, 8, 9, 10 വാർഡുകളിലെ ജലക്ഷാമം പരിഹരിക്കാൻ സഹായം ആവശ്യമാണ്.

കെ.എൻ.സുവർണകുമാരി(തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് )

∙ പഞ്ചായത്തിന്റെ 1, 16, 18, 19 വാർഡുകളിലൂടെ കടന്നുപോകുന്ന പൊട്ടശേരി - ഇരുപ്പ തോടിന് ആഴം കൂട്ടുന്നതിനു സഹായം വേണം. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളാണിത്.

∙ പഞ്ചായത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ പൈപ്പിലൂടെ വെള്ളം എത്തുന്നില്ല. കൊടിനാട്ടുകുന്ന്, അമര, കടമാഞ്ചിറ, ചക്രാത്തിക്കുന്ന് എന്നീ ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. ‍ഇതിനു പരിഹാരം വേണം.

∙ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച തൃക്കൊടിത്താനം ഹയർ സെക്കൻഡറി സ്കൂളിൽ ഇതിന് അനുയോജ്യമായ രീതിയിലുള്ള ഫർണിച്ചർ ആവശ്യമാണ്.

സോഫി ലാലിച്ചൻ(വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് )

∙‍ അനേകം ആളുകൾ ചികിത്സ തേടി എത്തുന്ന വാഴപ്പള്ളി പിഎച്ച്സിയിൽ മതിയായ സൗകര്യങ്ങൾ ഇല്ല. ഇതിനു പരിഹാരം കാണണം. പുതിയ കെട്ടിടം ഉൾപ്പെടെയുള്ള ആവശ്യങ്ങളുമുണ്ട്.

∙ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ പുതുക്കി നിർമിക്കണം. പഞ്ചായത്തുമായി ബന്ധപ്പെട്ട യോഗങ്ങൾ നടത്തുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ഇത് ഏറെ സഹായകരമാകും. നിലവിലെ ഹാളിൽ ഒട്ടേറെ പരിമിതികൾ ഉണ്ട്.

∙ പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും ജലക്ഷാമം നേരിടുന്നുണ്ട്. ഇതിന് അടിയന്തര പരിഹാരം വേണം.

സുജാത സുശീലൻ(കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് )

∙ 20 വാർഡുകളിലെയും ജലക്ഷാമത്തിനു ശാശ്വത പരിഹാരം കാണുന്നതിന് പദ്ധതി ആവശ്യമാണ്. പഞ്ചായത്ത് സ്വന്തമായി പദ്ധതി രൂപീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

∙ മന്ദിരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഒട്ടേറെ അസൗകര്യങ്ങളുണ്ട്. ആധുനിക രീതിയിലുള്ള കെട്ടിടം വേണം. ഗൈനക്കോളജിസ്റ്റ് അടക്കം 24 മണിക്കൂർ ഡോക്ടറുടെ സേവനം വേണം.

∙ ചാലച്ചിറ തോട് പുറമ്പോക്കിൽ ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. തോടിനും റോഡിനും ഇടയിലുള്ള സംരക്ഷണ ഭിത്തി ഇടിയുന്നതു വീടുകൾക്കു ഭീഷണിയാണ്. സംരക്ഷണ ഭിത്തി നിർമിക്കുന്നതിനു സഹായം വേണം.

മണിയമ്മ രാജപ്പൻ(മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് )

∙ മാമ്മൂട് - പായിപ്പാട് റോഡിന്റെ വശങ്ങളിൽ നടപ്പാതകൾ നിർമിക്കണം. പല ഭാഗങ്ങളിലും ആളുകൾക്കു നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഈ റോഡിന്റെ ഭാഗമായ ചേന്നമറ്റം പാലം പുതുക്കി നിർമിക്കണം.

∙ തെങ്ങണ ജംക്‌ഷനിലെ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കാൻ സഹായം ആവശ്യമാണ്. ഓടകളുടെ നിർമാണം പൂർത്തിയാക്കണം. ‘തെങ്ങണ പ്രോജക്ട്’ നടപ്പാക്കുമ്പോൾ എംഎൽഎയുടെ കൂടുതൽ സഹകരണം വേണം. ‍

∙ ചങ്ങനാശേരി ജല അതോറിറ്റി ഓഫിസിനു കീഴിൽ മാടപ്പള്ളി പഞ്ചായത്തിനെ പൂർണമായി ഉൾപ്പെടുത്തി ജലക്ഷാമത്തിനു പരിഹാരം കാണണം. എല്ലാ വാർഡുകളിലും ജലക്ഷാമം ഉണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com