വാഴപ്പള്ളി മഹാദേവ ക്ഷേത്ര മുറ്റത്ത് സഹസ്രദള പത്മം
![ചങ്ങനാശേരി വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ വിരിഞ്ഞ സഹസ്രദള പത്മം കൗതുകത്തോടെ വീക്ഷിക്കുന്നവർ. ചിത്രം: നിഖിൽരാജ്∙മനോരമ ചങ്ങനാശേരി വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ വിരിഞ്ഞ സഹസ്രദള പത്മം കൗതുകത്തോടെ വീക്ഷിക്കുന്നവർ. ചിത്രം: നിഖിൽരാജ്∙മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2021/7/26/kottayam-vazhappally-temple-sahasra-dala-padmam-flower.jpg?w=1120&h=583)
Mail This Article
ചങ്ങനാശേരി ∙ വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ സഹസ്രദള പത്മം വിരിഞ്ഞു. കേരളത്തിൽ തന്നെ അപൂർവമായി കാണപ്പെടുന്ന ആയിരം ഇതളുകൾ ഉള്ള താമരപ്പൂവാണിത്. ദേവീദേവന്മാരുടെ ഇരിപ്പിടമായും പ്രിയപ്പെട്ട പുഷ്പമായും വിശേഷിപ്പിക്കുന്ന സഹസ്രദള പത്മം വാഴപ്പള്ളി ക്ഷേത്രപരിസരത്ത് വിരിഞ്ഞുനിൽക്കുന്നതു കാണാൻ ഒട്ടേറെ ആളുകളാണ് എത്തുന്നത്.
സിമന്റ് ടാങ്കിൽ നട്ട് പരിപാലിച്ച താമര ഇന്നലെ രാവിലെയാണ് വിരിഞ്ഞത്. 2 ദിവസം കൂടി ഈ കാഴ്ച ഇവിടെ ഉണ്ടാകും. പിന്നീട് ഇതളുകൾ കൊഴിഞ്ഞുതുടങ്ങും. കൊൽക്കത്തയിൽ നിന്ന് എത്തിച്ച കിഴങ്ങ് മാർച്ച് അഞ്ചിനാണ് ഇവിടെ നട്ടത്. താമര വളർത്തുന്നത് ഹോബിയാക്കിയിട്ടുള്ള കോട്ടയം എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്.പ്രമോദ് കുമാറാണ് ഇതു ക്ഷേത്രത്തിൽ സമർപ്പിച്ചത്.
ക്ഷേത്ര ജീവനക്കാരും മേൽശാന്തിമാരും തുടർന്നുള്ള പരിപാലനം ഏറ്റെടുത്തു. 800 മുതൽ 1600 ഇതളുകൾ വരെ സഹസ്രദള പത്മത്തിൽ ഉണ്ടാവാറുണ്ട്. ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലും വടക്കേ ഇന്ത്യയിലും കാണപ്പെടുന്ന സഹസ്രദള പത്മം കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ലെന്നാണു പറയപ്പെടുന്നത്.