പൂവിളി... പൂവിളി...പൊന്നോണമായി...

Mail This Article
കൂരോപ്പട ∙ കഴിഞ്ഞ കുറെ വർഷങ്ങളായി കൂരോപ്പടയിലേക്ക് ആദ്യം ഓണം എത്തിക്കുന്നതു കർഷകൻ ചെന്നാമറ്റം വേങ്ങത്താനത്ത് വേണുഗോപാലാണ്. ഇത്തവണയും ഓണം വിപണി ലക്ഷ്യമിട്ടു വേണുഗോപാലിന്റെ ജമന്തിയും ബന്ദിപ്പൂക്കളും പൂത്തുലഞ്ഞു നിൽക്കുകയാണ്. അത്തപ്പൂക്കളം ഒരുക്കാൻ വിപണിയിലേക്കു എത്താൻ പൂക്കൾ അടുത്ത ദിവസം മുതൽ പറിച്ചു തുടങ്ങും.
സംസ്ഥാന ഹോർട്ടികൾച്ചറൽ മിഷൻ പദ്ധതി പ്രകാരം കൃഷി വകുപ്പിന്റെ മേൽനോട്ടത്തിലാണു വേണുഗോപാൽ വർഷങ്ങളായി മറ്റു കൃഷികളോടൊപ്പം പൂക്കൃഷിയിലും രംഗത്തുള്ളത്. ഇത്തവണ 1000 മൂട് ജമന്തിയും ബന്ദിയും കൃഷി ചെയ്തിരുന്നു. രണ്ടു ഘട്ട വിളവെടുപ്പു നേരത്തെ നടത്തി. മൂന്നാം ഘട്ട വിളവെടുപ്പാണ് ഓണത്തോട് അനുബന്ധിച്ചു നടത്തുന്നത്.
വിവിധ ക്ഷേത്രങ്ങളിൽ പൂജ ആവശ്യങ്ങൾക്കായും ഇവിടെ നിന്നു പൂക്കൾ വിപണനം നടത്താറുണ്ട്. 150– 200 രൂപ വരെ വില ലഭിക്കാറുണ്ട്. കൃഷി ഓഫിസർ സൂര്യമോൾ, പഞ്ചായത്ത് അംഗം ആശ ബിനു എന്നിവരും കൃഷിക്കു ആവശ്യമായ സഹായങ്ങൾ വേണുഗോപാലിനു നൽകുന്നു. സമ്മിശ്ര കൃഷിയുടെ ഉടമ കൂടിയാണ് ഇദ്ദേഹം. വെണ്ട ഉൾപ്പെടെ പച്ചക്കറികൾ വിപണനത്തിനു നൽകാൻ വിധം ഇവിടെ കൃഷിയിടങ്ങളിൽ വിളയുന്നു. ബ്ലോക്കിനു കീഴിലുള്ള വിവിധ കൃഷി ഭവനുകളിൽ ജമന്തി,
ബന്ദി എന്നിവയുടെ തൈകൾ ഉൽപാദിപ്പിച്ചു എത്തിക്കുന്നതും വേണുഗോപാലാണ്. ഭാര്യ അനുമോൾ, മക്കളായ നിഖിൽ, നിഹാൽ എന്നിവരും കൃഷിയിൽ സഹായത്തിനു ഒപ്പമുണ്ട്. കൃഷിക്ക് ഒപ്പം ക്ഷീര മേഖലയിലും വേണുഗോപാൽ സജീവമാണ്. നാടൻ കാർഷിക വിളകളുടെ വിപണനവും വീടിനോടു ചേർന്നു നടത്തുന്നു. നാട്ടിൽ നിന്നു തന്നെയുള്ള പൂവുകൾ ശേഖരിച്ചു അത്തപ്പൂക്കളം ഒരുക്കാൻ വർഷങ്ങളായി ആവശ്യക്കാരും എത്താറുണ്ടെന്നു വേണുഗോപാൽ പറഞ്ഞു.