നാലമ്പല ദർശന ക്രമം; നാലു ക്ഷേത്രങ്ങളിലെയും ദർശന സമയം ഇങ്ങനെ

Mail This Article
രാമപുരം ശ്രീരാമക്ഷേത്രത്തിൽ ദർശനത്തിനു ശേഷം ലക്ഷ്മണ ക്ഷേത്രം, ഭരത ക്ഷേത്രം, ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളിലും ദർശനം നടത്തി തിരികെ ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിൽ എത്തുമ്പോഴാണ് നാലമ്പല ദർശന ക്രമം പൂർത്തിയാകുക. 3 കിമി ചുറ്റളവിലാണ് 4 ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. ഉച്ചപ്പൂജയ്ക്കു മുൻപ് നാലു ക്ഷേത്രങ്ങളിലും ദർശനം നടത്തണമെന്നാണു വിശ്വാസം.
നാലു ക്ഷേത്രങ്ങളിലെയും ദർശന സമയം
രാവിലെ അഞ്ചു മുതൽ 12 വരെ,
വൈകിട്ട് അഞ്ചു മുതൽ 7.30 വരെ.
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം

രാമപുരം ടൗണിൽ നിന്നു ഒരു കിലോമീറ്റർ ദൂരെയാണു ക്ഷേത്രം. ഭക്തർ ആദ്യം എത്തുക ഇവിടെയാണ്. അമ്പും വില്ലും സമർപ്പണം, കുടുംബാർച്ചന എന്നിവയാണു ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ.
ഫോൺ – 9961148485.
ക്ഷേത്രത്തിൽ ഭക്തർക്ക് സൗകര്യപ്രദമായി ക്യൂ നിന്നു തൊഴുന്നതിനു വിപുലമായ ക്രമീകരണം ഏർപ്പെടുത്തും. മഴ നനയാതിരിക്കാൻ താൽക്കാലിക പന്തൽ സ്ഥാപിക്കും. 30 പേർക്ക് ഒരേസമയം ഉപയോഗിക്കാവുന്ന ശുചിമുറി സൗകര്യമുണ്ട്. ദൂരദേശങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് വിശ്രമത്തിനും സൗകര്യമുണ്ട്. ആഴ്ചയിൽ ഒരു ദിവസം അന്നദാനം ഉണ്ടാകും. കൂടുതൽ ദിവസങ്ങൾ അന്നദാനം നടത്തുന്ന കാര്യം പിന്നീട് തീരുമാനിക്കും.
പ്രദീപ് നമ്പൂതിരി അമനകര മനരാമപുരം ദേവസ്വം പ്രസിഡന്റ്
കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം

രാമപുരത്തു നിന്ന് ഉഴവൂർ റൂട്ടിലാണു ലക്ഷ്മണ ക്ഷേത്രം. ചതുർബാഹു വിഗ്രഹത്തിലാണു ലക്ഷ്മണ ചൈതന്യം. സ്വയംഭൂവായി പടിഞ്ഞാറോട്ടു ദർശനമായ അയ്യപ്പപ്രതിഷ്ഠയും ഇവിടത്തെ പ്രത്യേകതയാണ്. ലക്ഷ്മണ സ്വാമിക്ക് അരമണി സമർപ്പിച്ചാൽ സന്താനലബ്ധിയുണ്ടാകുമെന്നാണു ഭക്തരുടെ വിശ്വാസം. കുഞ്ഞുങ്ങളുടെ ചോറൂട്ടിനും ഒട്ടേറെ ആളുകൾ ക്ഷേത്രത്തിലെത്തുന്നു. ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ചേർത്തുള്ള സമർപ്പണമാണു പ്രധാന വഴിപാട്. ഒരേസമയം 900 പേർക്കു വരെ വഴിപാടു സമർപ്പിക്കാൻ ശംഖ് ഉൾപ്പെടെ ക്ഷേത്രത്തിൽ ശേഖരിച്ചിട്ടുണ്ട്. ഫോൺ – 9188951165.
റോഡ് മുതൽ ക്ഷേത്രം വരെയും ക്ഷേത്രത്തിന് അകത്തും പ്രത്യേക ക്യൂ സംവിധാനം ക്രമീകരിക്കും. ഭക്തർക്കു തിരക്ക് ഒഴിവാക്കി ദർശനം നടത്താൻ സാധിക്കും. ഭക്തജനങ്ങൾക്കായി പ്രത്യേക ഔഷധക്കൂട്ടിൽ ഔഷധ വെള്ളം എല്ലാദിവസവും ക്ഷേത്രത്തിൽ ക്രമീകരിക്കും.
പി.സി.ശ്രീകുമാർ പറത്താനത്ത് നാലമ്പലം കമ്മിറ്റി ട്രഷറർകൂടപ്പുലം ലക്ഷ്മണ ക്ഷേത്രം
അമനകര ഭരതസ്വാമി ക്ഷേത്രം

രാമപുരം – കൂത്താട്ടുകുളം റൂട്ടിൽ ഗ്രാമീണ ഭംഗി നിറയുന്ന പ്രദേശത്താണ് അമനകര ഭരതക്ഷേത്രം.പടിഞ്ഞാറോട്ടു ദർശനമുള്ള ഭരത ക്ഷേത്രത്തിൽ ശംഖു പൂജ പ്രധാന വഴിപാട്. കർക്കടക മാസത്തിലെ കറുത്തവാവ് ദിനത്തിൽ നമസ്കാര ഊട്ടും ഇവിടെ നടത്തുന്നു. ശ്രീരാമ – ഭരത ക്ഷേത്രങ്ങളിലെ ആറാട്ടു നടക്കുന്ന കുളമാണ് ഇവിടത്തേത്. മീനൂട്ടു വഴിപാടുമുണ്ട്.
ഫോൺ – 8281450739.
തീർഥാടകർക്കായി ദിവസവും രാവിലെ എട്ടു മുതൽ അന്നദാനം നടത്തും. തിരക്ക് ഒഴിവാക്കാൻ ക്യൂ സമ്പ്രദായമുണ്ട്. മഴ നനയാതിരിക്കാൻ കൂടുതൽ പന്തലുകളും സ്ഥാപിക്കും. തീർഥാടകർക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള എല്ലാ ക്രമീകരണങ്ങളും തയാറാക്കും.
വി.സോമനാഥൻ നായർ അക്ഷയ പ്രസിഡന്റ് അമനകര ഭരത ക്ഷേത്രം
മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം.

കൊത്തുപണികളോടെ പൂർണമായും കരിങ്കല്ലിൽ തീർത്ത ശ്രീകോവിലാണു അമനകര ശത്രുഘ്ന സ്വാമി ക്ഷേത്രത്തിലേത്. കഴുക്കോലും പട്ടികയും വരെ കരിങ്കല്ലിൽ നിർമിച്ചതാണ്. രണ്ടു ചൈതന്യ സങ്കൽപങ്ങളാണ് ഇവിടത്തെ പ്രത്യേകത. ഉച്ചപ്പൂജ വരെ ശത്രുഘ്ന സങ്കൽപവും ഉച്ചയ്ക്കുശേഷം സന്താനഗോപാല സങ്കൽപവുമാണ്. ഉച്ചപ്പൂജ വരെയേ ശത്രുഘ്ന സങ്കൽപമുള്ളൂ, എന്നതുകൊണ്ടാണ് നാലമ്പല ദർശനം ഉച്ചപ്പൂജയ്ക്കു മുൻപ് എന്ന ആചാരം നിലനിൽക്കുന്നത്. ചുറ്റമ്പലത്തിന്റെ പുറം ഭിത്തിയിൽ രാമായണ കഥാ സന്ദർഭങ്ങളും സന്താനഗോപാല മൂർത്തിയുടെ കഥാ സന്ദർഭങ്ങളും ദർശിക്കാം. ചക്രസമർപ്പണവും സന്താനലബ്ധിക്ക് തൊട്ടിൽ സമർപ്പണവുമാണു പ്രധാന വഴിപാട്.
ഫോൺ– 9539530899.
തീർഥാടകർക്കു സൗകര്യപ്രദമായി ദർശനം നടത്താൻ മേൽപാലം സഹിതം ക്യൂ സമ്പ്രദായം ക്രമീകരിക്കും. വിപുലമായ പാർക്കിങ് സൗകര്യമുണ്ട്.
വിഷ്ണു നമ്പൂതിരി കൊണ്ടമറുക് ഇല്ലം മേതിരി.
നാലമ്പലത്തിലേക്കുള്ള വഴികൾ
പ്രധാന വഴിയായ രാമപുരം – കൂത്താട്ടുകുളം റോഡ് നിലവിൽ തകർന്നു കിടക്കുകയാണ്. രാമപുരം മുതൽ റോഡിന്റെ വിവിധ ഭാഗങ്ങളിൽ കുഴികളും വെള്ളക്കെട്ടുമുണ്ട്. നാലമ്പല തീർഥാടനം ആരംഭിക്കുന്ന 17 ന് മുൻപ് തന്നെ കുഴികൾ അടയ്ക്കാമെന്നു അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. മേതിരിയിൽ നിന്നു തിരികെ രാമപുരത്തിനുള്ള രാമപുരം – പൂവക്കുളം റൂട്ടിലെ നീറന്താനം ഭാഗത്തും വൻ കുഴികൾ റോഡിലുണ്ട്.
കോട്ടയത്തുനിന്ന് എത്തുന്നവർക്ക് ഏറ്റുമാനൂർ – കുറവിലങ്ങാട് – കുര്യനാട് – ഉഴവൂർ വഴിയോ പാലാ വഴിയോ രാമപുരത്ത് എത്താം. വടക്കൻ മേഖലയിൽ നിന്നുള്ളവർക്കു കൂത്താട്ടുകുളത്ത് ഇറങ്ങി പത്തു കിലോമീറ്റർ സഞ്ചരിച്ചും, ഇടുക്കി, തൊടുപുഴ ഭാഗത്തുള്ളവർക്കു പാലാ റൂട്ടിൽ കുറിഞ്ഞി ജംക്‌ഷനിൽ നിന്നു തിരിഞ്ഞും രാമപുരത്ത് എത്താം. കിഴക്കൻ മേഖലയിൽനിന്നുള്ള തീർഥാടകർക്ക് കാഞ്ഞിരപ്പള്ളി – പൊൻകുന്നം – പാലാ വഴി രാമപുരത്തേക്ക് എത്താം.
ബസിൽ വരുന്നവർക്കായി രാമപുരത്തു നിന്നു മറ്റു ക്ഷേത്രങ്ങളിലേക്കു പോകാൻ ഓട്ടോ – ടാക്സി വാഹനങ്ങൾ ലഭിക്കും. ഇൻഫർമേഷൻ സെന്ററുകൾ, വൊളന്റിയർ സേവനം, ആംബുലൻസ് എന്നിവയുണ്ട്.