ഇടയന്റെ വെണ്മയാർന്ന ഓർമകളിൽ നാട്: അതിരൂപത ആസ്ഥാനത്തേക്ക് ഭൗതികശരീരം എത്തിക്കുക നാളെ , വാഹനക്രമീകരണം ഇങ്ങനെ
![kottayam-former-arch-bishop-mar-joseph-powathil
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്കു മുൻപിൽ പ്രത്യേകമായി തയാറാക്കിയ സംവിധാനത്തിൽ മാർ ജോസഫ്
പൗവത്തിലിന് ആദരാഞ്ജലി അർപ്പിക്കുന്നവർ. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2023/3/20/kottayam-former-arch-bishop-mar-joseph-powathil.jpg?w=1120&h=583)
Mail This Article
ചങ്ങനാശേരി ∙ കാലം ചെയ്ത മാർ ജോസഫ് പൗവത്തിലിന്റെ ഭൗതികശരീരം കാണുന്നതിനും അന്തിമോപചാരം അർപ്പിക്കുന്നതിനും ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിൽ വിപുലമായ സൗകര്യം ഏർപ്പെടുത്തുമെന്ന് അതിരൂപത കേന്ദ്രം അറിയിച്ചു. ഇന്നു ചെത്തിപ്പുഴ ആശുപത്രിയിൽ അന്തിമോപചാരം അർപ്പിക്കുന്നതിനു സൗകര്യം ഉണ്ടാവില്ല. അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഇന്നു പ്രത്യേക അനുസ്മരണവും പ്രാർഥനയും നടത്തും.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ നിന്നു നാളെ രാവിലെ 7ന് അതിരൂപത ആസ്ഥാനത്തെ ചാപ്പലിലേക്കു ഭൗതികശരീരം എത്തിക്കും. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ കാർമികത്വത്തിൽ കുർബാന, കബറടക്ക ശുശ്രൂഷയുടെ ഒന്നാം ഭാഗം എന്നിവ നടത്തും.
9ന് വിലാപയാത്ര ആരംഭിച്ച് സെൻട്രൽ ജംക്‌ഷൻ വഴി മാർക്കറ്റ് ചുറ്റി 10.30 ന് മെത്രാപ്പൊലീത്തൻ പള്ളിയിൽ എത്തും. അതിരൂപതയിലെ 250 ഇടവകകളിൽ നിന്ന് വൈദികർ, സന്യസ്തർ, കൈക്കാരന്മാർ, സംഘടനാ പ്രതിനിധികൾ, ഇടവക ജനങ്ങൾ എന്നിവർ സ്വർണക്കുരിശുകൾ, വെള്ളിക്കുരിശുകൾ, മുത്തുക്കുടകൾ എന്നിവയുമായി വിലാപയാത്രയിൽ പങ്കെടുക്കും.
രാവിലെ 11 മുതൽ 22ന് രാവിലെ 9 വരെ മെത്രാപ്പൊലീത്തൻ പള്ളിയിൽ പൊതുദർശനം.22ന് രാവിലെ 9.30ന് കബറടക്ക ശുശ്രൂഷയുടെ രണ്ടാം ഭാഗം മെത്രാപ്പൊലീത്തൻ പള്ളിയിൽ ആരംഭിക്കും. തുടർന്ന് കുർബാന, നഗരികാണിക്കൽ, സമാപന ശുശ്രൂഷ, കബറടക്കം. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. മറ്റു ബിഷപ്പുമാർ സഹകാർമികരാകും.
നാളെ വാഹനക്രമീകരണം ഇങ്ങനെ
ഫാത്തിമാപുരം, തൃക്കൊടിത്താനം തിരുവല്ല ഭാഗങ്ങളിൽ നിന്നു വരുന്നവർ ബൈപാസ് റോഡിലൂടെ റെയിൽവേ ജംക്‌ഷനിൽ എത്തി ആളുകളെ ഇറക്കിയ ശേഷം വാഹനങ്ങൾ മോർക്കുളങ്ങര എകെഎം സ്കൂൾ ഗ്രൗണ്ടിലും സമീപത്തുള്ള റോഡരികിലും പാർക്ക് ചെയ്യണം.കുട്ടനാട് ഭാഗത്തു നിന്ന് എത്തുന്നവർ പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ ആളുകളെ ഇറക്കിയ ശേഷം ചെറിയ വാഹനങ്ങൾ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിലും വലിയ വാഹനങ്ങൾ എസ്ബി കോളജ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.
കോട്ടയം ഭാഗത്തു നിന്നു വരുന്നവർ എസ്ബി കോളജ് ഗ്രൗണ്ടിൽ എത്തി ആളുകളെ ഇറക്കിയ ശേഷം അവിടെ വാഹനങ്ങൾ പാർക്ക് ചെയ്യണം.പറാൽ, കുമരങ്കരി ഭാഗത്തു നിന്ന് വരുന്നവർ മതുമൂല ജംക്‌ഷനിൽ എത്തി, അവിടെ നിന്ന് എസ്ബി കോളജ് ഗ്രൗണ്ടിൽ വന്ന് ആളുകളെ ഇറക്കിയ ശേഷം അവിടെ പാർക്ക് ചെയ്യണം.കറുകച്ചാൽ ഭാഗത്തു നിന്ന് എത്തുന്നവർ എസ്ബി ഹൈസ്കൂൾ ജംക്‌ഷനിൽ ആളുകളെ ഇറക്കിയ ശേഷം ചെറിയ വാഹനങ്ങൾ സ്കൂൾ ഗ്രൗണ്ടിലും വലിയ വാഹനങ്ങൾ ബൈപാസ് റോഡിലും പാർക്ക് ചെയ്യണം.
അന്ത്യവിശ്രമസ്ഥലം മാർ മാത്യു കാവുകാട്ടിന്റെ കബറിടത്തിനു സമീപം
ചങ്ങനാശേരി ∙ സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിലെ മർത്തമറിയം കബറിടപ്പള്ളിയിൽ ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ കബറിടത്തിനു സമീപത്താണ് മാർ ജോസഫ് പൗവത്തിലിന്റെ അന്ത്യവിശ്രമസ്ഥലം ഒരുക്കുന്നത്. പൗലോസ് മാർ അക്വിനാസ്, ധന്യൻ മാർ തോമസ് കുര്യാളശേരി, മാർ ജയിംസ് കാളാശേരി, ദൈവദാസൻ മാർ മാത്യു കാവുകാട്ട് എന്നിവരുടെ ഭൗതിക അവശിഷ്ടങ്ങളാണ് കബറിടപ്പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നത്.
2015ൽ വെഞ്ചരിച്ച കബറിടപ്പള്ളിയിൽ ആദ്യ കബറടക്ക ശുശ്രൂഷയായി മാറും മാർ പൗവത്തിലിന്റെ സംസ്കാരച്ചടങ്ങുകൾ.54 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചങ്ങനാശേരി നഗരം ഒരു അതിരൂപത അധ്യക്ഷന്റെ കബറടക്ക ശുശ്രൂഷയ്ക്ക് സാക്ഷ്യം വഹിക്കുന്നത്. 1969ൽ മാർ മാത്യു കാവുകാട്ടിന്റെ കബറടക്ക ശുശ്രൂഷയാണ് മുൻപ് ചങ്ങനാശേരിയിൽ നടന്നത്