എംജി സർവകലാശാലാ കലോത്സവം ആവേശസമാപനം

Mail This Article
തൊടുപുഴ∙ഒരാഴ്ച നീണ്ടുനിന്ന എംജി സർവകലാശാലാ കലോത്സവത്തിന് ആവേശപ്പേമാരിയിൽ സമാപനം. ആദ്യദിനം മുതൽ എറണാകുളത്തെ കോളജുകൾ ഇഞ്ചോടിഞ്ച് പൊരുതിയ കലോത്സവത്തിൽ അവസാന ഇനങ്ങളിൽ വിജയം സ്വന്തമാക്കി തൃപ്പൂണിത്തുറ ആർഎൽവി കോളജിന് കിരീടം.എറണാകുളം സെന്റ് തെരേസാസ് രണ്ടാം സ്ഥാനത്തും തേവര എസ്എച്ച് കോളജ് മൂന്നാം സ്ഥാനത്തുമെത്തി. എറണാകുളം മഹാരാജാസ് കോളജ് നാലാം സ്ഥാനത്താണ്.അവസാന ദിനമായ ഇന്നലെ വൈകിട്ട് പ്രഖ്യാപിച്ച ഇനങ്ങളിലെ നേട്ടമാണ് ആർഎൽവിക്ക് കിരീടം സമ്മാനിച്ചത്.
ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ മത്സരിച്ച എല്ലായിനങ്ങളിലും മികവ് പുലർത്തിയ എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിഎ ഭരതനാട്യം മൂന്നാംവർഷ വിദ്യാർഥി സഞ്ജന ചന്ദ്രൻ പ്രതിഭാ തിലകമായി. തുടർച്ചയായ മൂന്നാംവർഷമാണ് സഞ്ജന പ്രതിഭാതിലകമാകുന്നത്.11 പോയിന്റ് നേടി തേവര എസ്എച്ച് കോളജിലെ പി.നന്ദന കൃഷ്ണൻ കലാതിലകമായി. തുടർച്ചയായ രണ്ടാം തവണയാണ് നേട്ടം. 13 പോയിന്റുമായി ആലുവ ഭാരതമാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ സി.എസ്.ആനന്ദ് കലാപ്രതിഭയായി. 2023ലും ആനന്ദായിരുന്നു കലാപ്രതിഭ.ഇന്നലെ വൈകിട്ട് വരെ മഹാരാജാസ് ആയിരുന്നു മുന്നിൽ. പിന്നീട് ആർഎൽവിയും മഹാരാജാസും ഒപ്പത്തിനൊപ്പം എത്തിയെങ്കിലും ക്ലൈമാക്സിൽ ആർഎൽവി കിരീടം ഒപ്പം കൂട്ടി. 2011ന് ശേഷം ആദ്യമായാണ് ആർഎൽവി കിരീടം നേടുന്നത്.