ദേശീയപാത 66 ലേക്ക് ബന്ധിപ്പിച്ച് കോട്ടയത്തുനിന്ന് ഇടനാഴി; കൊച്ചിയിലേക്ക് തടസ്സമില്ലാതെ യാത്ര

Mail This Article
കോട്ടയം ∙ ദേശീയപാത 183– 66 എന്നിവയെ ബന്ധിപ്പിച്ചു കോട്ടയം– കുമരകം– ചേർത്തല ഇടനാഴിയുടെ സാധ്യതാ പഠനത്തിന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി. കെ.ഫ്രാൻസിസ് ജോർജ് എംപി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണു നടപടി. പഠനം നടത്തി 2 മാസത്തിനകം റിപ്പോർട്ട് നൽകാൻ ദേശീയപാത അതോറിറ്റി ബോർഡ് അംഗം വെങ്കിട്ട രമണനെ മന്ത്രി ചുമതലപ്പെടുത്തിയെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. വെങ്കിട്ടരമണന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ കോട്ടയത്ത് എത്തും.പി.ജെ.ജോസഫ് പൊതുമരാമത്ത് മന്ത്രി ആയിരുന്ന കാലത്ത് കേരള റോഡ് ഫണ്ട് ബോർഡ് നടത്തിയ വിശദമായ പഠന റിപ്പോർട്ടും നിവേദനത്തോടൊപ്പം ഫ്രാൻസിസ് ജോർജ് നിതിൻ ഗഡ്കരിക്കു സമർപ്പിച്ചു.
റോഡിന്റെ പഠനം ഇങ്ങനെ
ദേശീയപാത 183ൽ കോട്ടയം മുളങ്കുഴ ജംക്‌ഷനിൽ നിന്നോ സിമന്റ് കവലയിൽ നിന്നോ പുതിയ റോഡ് നിർമിക്കുകയാണു ലക്ഷ്യം. കോട്ടയത്ത് നിന്നു കുമരകം വഴി വെച്ചൂരിലേക്കു പാടശേഖരങ്ങൾ വഴി പുതിയ റോഡ് നിർമിക്കും. വെച്ചൂരിൽ നിന്നു നിലവിലെ റോഡ് വഴി ചേർത്തലയിൽ എത്തി ദേശീയപാത 66ൽ പ്രവേശിക്കും. മുളങ്കുഴയിൽ നിന്നാണു ദേശീയപാത 183 ന്റെ വികസനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ കോട്ടയം ബൈപാസും നിർദേശിച്ചിരിക്കുന്നത്. പാമ്പാടി വെള്ളൂർ വരെയാണു ദേശീയപാത 183ലെ ഈ ബൈപാസിനുള്ള സാധ്യത പഠിക്കുന്നത്. അങ്ങനെ വന്നാൽ മുളങ്കുഴയിൽ നിന്നു ഇരു വശത്തേക്കും മികച്ച റോഡുകൾ നിർമിക്കാനുള്ള സാധ്യത തെളിയും. സാധ്യതാ പഠനത്തിനു ശേഷമാകും റോഡിന്റെ രൂപരേഖ അടക്കമുള്ള അടുത്ത ഘട്ടത്തിലേക്കു കടക്കുന്നത്.
നിർദിഷ്ട ഇടനാഴിയുടെ ഗുണങ്ങൾ
∙ കോട്ടയത്ത് നിന്ന് നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാൻ സാധിക്കും.
∙ ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച കുമരകത്തേക്ക് വിനോദ സഞ്ചാരികൾക്ക് എത്തിച്ചേരാൻ വേഗത്തിൽ സാധിക്കും.
∙ ദേശീയപാത 66ന്റെ വികസനം പൂർത്തിയാകുന്നതോടെ കോട്ടയം – കൊച്ചി യാത്രകൾ വേഗത്തിലാകും.
∙ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഗുണം.
∙ ചേർത്തല ഭാഗത്തു നിന്നു കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്താനും വേഗത്തിൽ സാധിക്കും.