സാഗരറാണി വരുന്നു, നമുക്കു കടൽ കാണാം; രണ്ടര മണിക്കൂറോളം നീളുന്ന കടൽ യാത്രയാണ് പദ്ധതി

Mail This Article
ബേപ്പൂർ ∙ വിനോദ സഞ്ചാരികൾക്ക് ആഡംബര ബോട്ടിൽ കടൽ യാത്രാസൗകര്യം ഒരുക്കാൻ ബേപ്പൂരിൽനിന്നു വീണ്ടും ക്രൂയിസ് ഫെറി സർവീസ് തുടങ്ങുന്നു. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ(കെഎസ്ഐഎൻസി) ‘സാഗരറാണി’ വെസൽ ഉപയോഗപ്പെടുത്തി സർവീസ് ആരംഭിക്കാനാണ് പദ്ധതി. ബേപ്പൂരിന്റെ ടൂറിസം വികസനത്തിനു വിനോദസഞ്ചാര വകുപ്പ് നടപ്പാക്കുന്ന പദ്ധതികളിൽ ഉൾപ്പെടുത്തി ഇത്തവണത്തെ വാട്ടർ ഫെസ്റ്റിനു മുൻപ് ഫെറി സർവീസ് ആരംഭിക്കാനാണ് നീക്കം.
ഇതിന്റെ ഭാഗമായി കെഎസ്ഐഎൻസി ഉദ്യോഗസ്ഥർ തുറമുഖത്ത് പ്രാഥമിക പരിശോധനയും പോർട്ട് ഓഫിസറുമായി കൂടിക്കാഴ്ചയും നടത്തി. ഒരാഴ്ചയ്ക്കകം സാഗരറാണി ഫെറി ബോട്ട് ബേപ്പൂരിൽ എത്തിച്ചു പരീക്ഷണ യാത്ര നടത്താനാണു ശ്രമം. 100 പേർക്കു യാത്ര ചെയ്യാവുന്നതാണ് സാഗരറാണി. 2 ഡെക്കുകൾ ഉണ്ട്. മുകൾ നിലയിൽ കാഴ്ച കാണാനും വിനോദ പരിപാടികൾ നടത്താനും സൗകര്യമുണ്ട്. താഴെ മിനി കോൺഫറൻസ് മുറിയുണ്ട്. തുറമുഖത്തു നിന്നു പുറപ്പെട്ട് രണ്ടര മണിക്കൂറോളം നീളുന്ന കടൽ യാത്രയാണ് പദ്ധതിയിടുന്നത്. 10 കിലോമീറ്റർ കടൽ കാഴ്ചകളും തീര മനോഹാരിതയും ആസ്വദിച്ച് യാത്ര ചെയ്യാം. പരീക്ഷണ ഓട്ടം ഫലപ്രദമായാൽ പെട്ടെന്നു തന്നെ സർവീസ് തുടങ്ങും.
ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോവിഡിനു മുൻപ് ബീച്ച് മറീന ജെട്ടി കേന്ദ്രീകരിച്ചു ക്ലിയോപാട്ര എന്ന ഫെറി ബോട്ടിൽ ഏറെക്കാലം വിനോദസഞ്ചാരികൾ കടലിൽ ഉല്ലാസയാത്ര നടത്തിയിരുന്നു. കോവിഡ് വ്യാപനത്തോടെ നിർത്തിവച്ച സർവീസ് പിന്നീട് പുനരാരംഭിച്ചില്ല. കഴിഞ്ഞ വർഷം വാട്ടർ ഫെസ്റ്റ് നടത്തിയതോടെ കേരള ടൂറിസം ഭൂപടത്തിൽ ശ്രദ്ധാകേന്ദ്രമായി മാറിയ ബേപ്പൂർ മറീനയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ താൽപര്യം കണക്കിലെടുത്താണു കടലിലേക്ക് ഉല്ലാസ ബോട്ട് സർവീസ് തുടങ്ങാൻ അധികൃതർ പദ്ധതിയിട്ടത്.