തിക്കോടിയിലെ അടിപ്പാത: സമരക്കാർക്ക് പൊലീസ് മർദനം
Mail This Article
തിക്കോടി∙ ടൗണിൽ അടിപ്പാത ആവശ്യപ്പെട്ട് സമരം ചെയ്ത കർമ സമിതി നേതാക്കൾക്കും ജനപ്രതിനിധികൾക്കും നേരെ പൊലീസ് ബലപ്രയോഗം, ഒട്ടേറെ പേർക്ക് പരുക്ക്. സമരപ്പന്തൽ പൊലീസ് പൊളിച്ചു നീക്കി. സംഭവത്തിൽ പ്രതിഷേധിച്ച് തിക്കോടിയിൽ ഹർത്താൽ ആചരിച്ചു. ഇന്നലെ രാവിലെ പത്തരയ്ക്കാണ് സംഭവങ്ങളുടെ തുടക്കം. 2 വർഷമായി അടിപ്പാത ആവശ്യപ്പെട്ട് സർവകക്ഷി നേതൃത്വത്തിൽ കർമ സമിതി രൂപീകരിച്ച് നാട്ടുകാർ പന്തൽ കെട്ടി സമരത്തിലാണ്. അതു കൊണ്ടു തന്നെ ഇവിടെ ദേശീയപാത സർവീസ് റോഡിന്റെ നിർമാണ പ്രവൃത്തി നിലച്ചിരുന്നു. ഇന്നലെ പ്രവൃത്തി ആരംഭിക്കുമെന്ന വിവരം ലഭിച്ചതിനാൽ നാട്ടുകാർ സംഘടിച്ച് എത്തിയിരുന്നു.
ഡിവൈഎസ്പിമാരായ ആർ.ഹരിപ്രസാദ്, കെ.സി.സുബാഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പൊലീസും സ്ഥലത്ത് ക്യാംപ് ചെയ്തു. സമര പന്തലിനു മുൻപിൽ നേതാക്കളുടെ പ്രസംഗം നടക്കുന്നതിനിടെ പൊലീസ് സംരക്ഷണത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിർമാണ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. സമരക്കാരിൽ ചിലർ പ്ലക്കാർഡുമായി മണ്ണുമാന്തിക്കു മുന്നിൽ നിന്നതോടെ പൊലീസ് സമരക്കാർക്കെതിരെ ബലം പ്രയോഗിക്കുകയായിരുന്നു. വനിതകളെയടക്കം ബലം പ്രയോഗിച്ച് വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു.
ഇതിനിടയിലാണ് തിക്കോടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. ഷക്കീല, ആർ.വിശ്വൻ, മൂടാടി ഒന്നാം വാർഡ് അംഗം എ.വി.ഹുസ്ന, ബ്ലോക്ക് അംഗം പി.വി.റംല, കെ.കെ.ഷാഹിദ, കെ.വി.മനോജൻ, പി.വി.സുരേഷ്, കെ.പി.റഫീഖ്, കളത്തിൽ ബിജു, പി.വി.വത്സല എന്നിവർക്ക് പരുക്കേറ്റത്. ഇതിൽ ഹുസ്നയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റുള്ളവർ വിവിധ ആശുപത്രികളിലും ചികിത്സ തേടി. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ജില്ലാ പഞ്ചായത്ത് അംഗം വി.പി.ദുൽഖിഫിൽ, കർമ സമിതി ചെയർമാൻ വി.കെ. അബ്ദുൽ മജീദ്, കൺവീനർ പി.വി.സുരേഷ്, സന്തോഷ് തിക്കോടി, കെ.ടി.വിനോദൻ, ടി.കെ.ജയേന്ദ്രൻ, പി.വി.റംല, യു.കെ.സൗജത്ത്, കെ.പി. ഷക്കീല എന്നിവർ ഉൾപ്പടെ നാൽപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.