ഫുട് ഓവർ ബ്രിജ്: സ്ഥലപരിശോധന നടത്തി

Mail This Article
രാമനാട്ടുകര∙ ദേശീയപാതയിൽ പാറമ്മൽ എഎൽപിബി സ്കൂൾ, സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂൾ പരിസരങ്ങളിൽ ഫുട് ഓവർ ബ്രിജ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ദേശീയപാത അധികൃതർ സ്ഥല പരിശോധന നടത്തി. ദേശീയപാത കൺസൽറ്റിങ് ഏജൻസി എൻജിനീയർമാരായ ഇ.ശശികുമാർ, എ.പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രാഥമിക പരിശോധന. കാൽനട മേൽപാലത്തിന്റെ രൂപരേഖ സംബന്ധിച്ച് പഞ്ചായത്ത് അംഗം എ.വി.അനിൽ കുമാറുമായി ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തി. പാറമ്മൽ സ്കൂളിന് മുൻപിൽ ദേശീയപാതയ്ക്കു കുറുകെ 42 മീറ്റർ വീതിയിൽ നിർമിക്കുന്ന ഫുട് ഓവർ ബ്രിജിന് 5.8 മീറ്റർ ഉയരമുണ്ടാകും.
3 മീറ്റർ വീതിയുള്ള കാൽനട മേൽപാലത്തിന്റെ ഒരു ഭാഗത്തുകൂടെ നടന്നുകയറാം. മറുഭാഗത്ത് വീൽചെയർ കയറ്റാനുള്ള സൗകര്യവും ഒരുക്കും. പാലം ഇറങ്ങുന്നതും കയറുന്നതുമായ ഇടങ്ങളിൽ കൂടുതൽ ഭൂമി ആവശ്യമാണ്. ഇതു കണ്ടെത്തുന്നതിനാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. അതേസമയം പാറമ്മലിൽ അടിപ്പാത വേണമെന്ന ആവശ്യത്തിൽ സമരസമിതി ഉറച്ചുനിൽക്കുകയാണ്. ദേശീയപാതയിൽ പലയിടങ്ങളിലും ഇപ്പോഴും അടിപ്പാത നിർമിക്കാൻ അനുമതി നൽകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി ഏറെക്കാലമായുള്ള ജനങ്ങളുടെ ആവശ്യം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാറമ്മൽ–പുതുക്കോട് അടിപ്പാത ആക്‌ഷൻ കമ്മിറ്റി.