മാർച്ചിനു മുൻപ് സ്റ്റേഷൻ വികസനം പൂർത്തിയാക്കും: ഡിആർഎം

Mail This Article
കുറ്റിപ്പുറം ∙ 2024 മാർച്ചിനു മുൻപായി ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനം പൂർത്തിയാക്കുമെന്ന് ഡിവിഷനൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന സ്റ്റേഷനുകളിലെ ജോലികൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി നവീകരണ ജോലികൾ പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്നലെ ഉച്ചയോടെ പ്രത്യേക ട്രെയിനിൽ എത്തിയ സംഘം കുറ്റിപ്പുറം, തിരൂർ സ്റ്റേഷനുകൾ സന്ദർശിച്ചു. കുറ്റിപ്പുറത്തെ ലിഫ്റ്റ് സംവിധാനം സംഘം പരിശോധിച്ചു. കുറ്റിപ്പുറം രണ്ടാം പ്ലാറ്റ്ഫോമിലെ മേൽക്കൂര നിർമാണ ജോലികളും പാർക്കിങ് സ്ഥലത്തിന്റെ വികസനവും വിലയിരുത്തി. നിർമാണ സാമഗ്രികളുടെ ഗുണമേന്മയും സംഘം പരിശോധിച്ചു.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്കുള്ള നിലവിലെ റോഡിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സ്റ്റേഷനിലേക്ക് മറ്റൊരു റോഡുകൂടി പരിഗണിക്കുന്നുണ്ട്.
സ്റ്റേഷനിലെ ജലസംഭരണിക്കു സമീപത്തുകൂടി തിരൂർ റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ പാതയാണ് ആലോചിക്കുന്നത്. റെയിൽവേയുടെ സ്ഥലത്തിനു പുറമേ സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നാട്ടുകാരുമായി ചർച്ച നടത്തി. നവീകരണം നടക്കുന്ന തിരൂർ സ്റ്റേഷനിലും സംഘം പരിശോധന നടത്തി. ലിഫ്റ്റിനു പുറമേ എസ്കലേറ്റർ അടക്കമുള്ള സംവിധാനങ്ങളാണ് സ്റ്റേഷനിൽ ഒരുങ്ങുന്നത്. മലബാറിലെ ഏറ്റവും വലിയ പാർക്കിങ് സംവിധാനമാണ് തിരൂർ സ്റ്റേഷനിൽ ക്രമീകരിക്കുന്നത്. എഡിആർഎം എസ്.ജയകൃഷ്ണൻ, ഡപ്യൂട്ടി ചീഫ് എൻജിനീയർ എ.വി.ശ്രീകുമാർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
ക്രിസ്മസ്: 2 ട്രെയിനുകൾക്ക് കൂടുതൽ കോച്ചുകൾ
ജില്ലയിലൂടെ കടന്നുപോകുന്ന 2 ട്രെയിനുകൾക്ക് ക്രിസ്മസ് പ്രമാണിച്ച് കൂടുതൽ കോച്ചുകൾ അനുവദിച്ചു. മംഗളൂരു–കോയമ്പത്തൂർ ഇന്റർസിറ്റി (22609) സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് 24,25 തീയതികളിൽ അധികമായി ഒരുകോച്ചും കോയമ്പത്തൂർ–മംഗളൂരു ഇന്റർസിറ്റി (22610) എക്സ്പ്രസിന് 23,24 തീയതികളിൽ അധികമായി ഒരുകോച്ചും അനുവദിച്ചു. ഈ ട്രെയിനുകൾക്ക് ചെയർ കാർ കോച്ചുകളാണ് അനുവദിച്ചത്.