കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ നവീകരണം അവസാനഘട്ടത്തിൽ

Mail This Article
കുറ്റിപ്പുറം ∙ അമൃത് ഭാരത് പദ്ധതിയിൽ വികസിപ്പിക്കുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ നവീകരണ ജോലികൾ അവസാനഘട്ടത്തിലേക്ക് കടന്നു. ഡിആർഎമ്മിന്റെ നിർദേശപ്രകാരം ജോലികൾ പൂർത്തിയാക്കാൻ ഇനി 8 ദിവസമാണ് അവശേഷിക്കുന്നത്. ഈമാസം 15ന് അകം ജോലികൾ പൂർത്തിയാക്കാനാണ് കരാറുകാർക്ക് റെയിൽവേയുടെ നിർദേശം. സ്റ്റേഷനിലെ പ്രധാനകെട്ടിടത്തിന്റെ മോടിക്കൂട്ടുന്ന ജോലികൾ പുരോഗമിക്കുകയാണ്. കെട്ടിടത്തിന് മുന്നിൽ പാനൽ ഘടിപ്പിക്കുന്ന ജോലികൾ അടുത്തദിവസം മുതൽ ആരംഭിക്കും.
സ്റ്റേഷനിലേക്കുള്ള വൺവേ റോഡിലും പാർക്കിങ് സ്ഥലത്തും കട്ടകൾ പാകുന്ന ജോലികൾ പൂർത്തിയാകാറായി. സ്റ്റേഷനിലെ ശീതികരിച്ച വിശ്രമകേന്ദ്രത്തിന്റെ ജോലികളും അവസാനഘട്ടത്തിലാണ്. ബി കാറ്റഗറിയിൽപ്പെട്ട കുറ്റിപ്പുറം സ്റ്റേഷനിൽ പതിറ്റാണ്ടുകൾക്ക് ശേഷമാണ് വികസനം എത്തുന്നത്. റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിലെ കയ്യേറ്റം ഒഴിപ്പിച്ച് വീതികൂട്ടാൻ റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.