200 ദിനത്തിൻ നന്മ പിന്നിട്ട് സൗജന്യ ഭക്ഷണ വിതരണം
Mail This Article
ഫരീദാബാദ് ∙ സെക്ടർ 31 ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സൗജന്യ ഭക്ഷണ വിതരണം 201 ദിവസം പിന്നിട്ടു. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ ഏതാനും ദിവസത്തേക്കെന്ന നിലയിൽ ആരംഭിച്ച പദ്ധതിയാണ് ഇപ്പോഴും ഞായറാഴ്ചകളിൽ തുടരുന്നത്. 2020 മാർച്ച് 20നാണു തുടക്കം. കോവിഡ് സമയത്തു ഭക്ഷണത്തിനു വലയുന്ന ഒട്ടേറെപ്പേരുണ്ടെന്ന തിരിച്ചറിവിലായിരുന്നു ഇതെന്നു ഭാരവാഹികൾ പറയുന്നു. ഫരീദാബാദിലെ ബിസിനസുകാരനായ റോഷൻ ബാബുവാണു ആദ്യ ഘട്ടത്തിൽ സഹായം ചെയ്തത്.
ക്ഷേത്രം സെക്രട്ടറി ഗോപകുമാർ, മറ്റു ഭാരവാഹികളായ സതീശൻ, രവികുമാർ, രാജൻ, ശശികുമാർ, മോഹൻ, രാമചന്ദ്രൻ, ഗോപൻ, അച്യുതൻ എന്നിവരെല്ലാം നേതൃത്വം നൽകി. ജൂൺ വരെ എല്ലാ ദിവസവും ഉച്ചഭക്ഷണം നൽകിയിരുന്നു. പിന്നീടാണു ഞായറാഴ്ച്ചകളിലാക്കി മാറ്റിയത്. ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിലാണു സാമഗ്രികൾ തയാറാക്കുന്നതും പാക്കിങ് നടത്തുന്നതുമെല്ലാം. ഭക്ഷണം പാകം ചെയ്യാൻ ഒരാളെ ക്രമീകരിച്ചിട്ടുണ്ട്.
സാധാരണ ദിവസങ്ങളിൽ 300 പാക്കറ്റ് ഭക്ഷണമാണു തയാറാക്കി വിതരണം ചെയ്യുന്നതു. ക്ഷേത്രത്തിനു മുന്നിലെ പാർക്കിലെത്തുന്നവർക്ക് ഇതു കൈമാറുന്നു. വിശേഷദിവസങ്ങളിൽ 600 മുതൽ 1000 പാക്കറ്റ് വരെ വിതരണം ചെയ്യാറുണ്ട്. ചോറും കറിയും അച്ചാറും ഉൾപ്പെടുന്ന ഉച്ചഭക്ഷണമാണ് ഇവർ വിളമ്പുന്നത്. പദ്ധതിക്കു പിന്തുണയുമായി ഒട്ടേറെപ്പേർ എത്തുന്നുവെന്നും ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി. വിവരങ്ങൾക്ക്: 9999277331