മൂന്നാം ദൗത്യവുമായി ഷെയ്ഖ്; ലക്ഷ്യം അലാസ്കയിലെ കൊടുമുടി
![malayali-mountaineer-sheikh-hasan-khan എവറസ്റ്റ് കൊടുമുടി കീഴടക്കിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ മൂന്നാംഘട്ട പർവതാരോഹണ ദൗത്യവുമായി അലാസ്കയിലെ മൗണ്ട് ദെനാലിയിലേയ്ക്ക് പുറപ്പെടുമ്പോൾ, കൊടുമുടിയിൽ ഉയർത്താനുള്ള ഇന്ത്യൻ ദേശീയ പതാക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ കൈമാറുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/new-delhi/images/2023/5/15/malayali-mountaineer-sheikh-hasan-khan.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ എവറസ്റ്റ് കൊടുമുടി കീഴടക്കിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ മൂന്നാം ഘട്ട പർവതാരോഹണ ദൗത്യത്തിനായി ഇന്ന് പുറപ്പെടും. അലാസ്കയിലെ മൗണ്ട് ദെനാലിയിലേക്കാണു യാത്ര. കൊടുമുടിയിൽ ഉയർത്താനുള്ള ഇന്ത്യൻ ദേശീയ പതാക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഷെയ്ഖ് ഹസനു കൈമാറി.
ഇന്ത്യയുടെ സ്വാതന്ത്ര്യ വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന ലോക പർവതാരോഹണ ദൗത്യത്തിൽ ഷെയ്ഖ് എത്തുന്ന മൂന്നാമത്തെ ഭൂഖണ്ഡമാണ് വടക്കേ അമേരിക്ക. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് ദെനാലി. ഷെയ്ഖിനു പുറമേ സംഘത്തിൽ 3 പേർ കൂടിയുണ്ട്. 21 ദിവസം കൊണ്ട് പൂർത്തിയാക്കി ജൂൺ 11നു കൊടുമുടിയിറങ്ങും.
യാത്രയുടെ ചെലവിന്റെ ഒരു ഭാഗം ഷെയ്ഖ് ബിടെക് പഠിച്ച പത്തനംതിട്ട മുസ്‍ല്യാർ കോളജ് വഹിക്കും. സംസ്ഥാന ധനവകുപ്പിൽ അസി. സെക്‌ഷൻ ഓഫിസറായ ഷെയ്ഖ് ഹസൻ ഖാൻ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിൽ നിന്ന് എംടെക്ക് പാസായ ശേഷമാണ് സർക്കാർ സർവീസിലെത്തിയത്. പന്തളം കൂട്ടംവെട്ടിയിൽ അലി അഹമ്മദ് ഖാന്റെയും ഷാഹിദയുടെയും മകനാണ്. ഖദീജ റാണി ഹമീദാണ് ഭാര്യ. മകൾ: ജഹനാര മറിയം ഷെയ്ഖ്.