വിടവാങ്ങി, മംഗലാംകുന്ന് കർണൻ
Mail This Article
ഒറ്റപ്പാലം ∙ ഗജവീരൻ മംഗലാംകുന്ന് കർണൻ ഇനി ആനപ്രേമികളുടെ മനസ്സിൽ തലയെടുപ്പോടെ നിൽക്കും. മംഗലാംകുന്ന് ആനത്തറവാട്ടിൽ ഇന്നലെ പുലർച്ചെ അഞ്ചരയോടെ കർണൻ (63) ചരിഞ്ഞു. അസുഖങ്ങൾ അലട്ടിയിരുന്ന ഗജവീരൻ മാസങ്ങളായി വിശ്രമത്തിലായിരുന്നു.
തൃശൂരിലെ എഴുത്തച്ഛൻ ഗ്രൂപ്പ് 1989ൽ ബിഹാറിൽനിന്നു കേരളത്തിലെത്തിച്ച കർണൻ പിന്നീടു മനിശ്ശേരിയിലെ വടക്കൂട്ട് ഹരിദാസിന്റെ ഉടമസ്ഥതയിൽ മനിശ്ശേരി കർണനായി. 2003ൽ മംഗലാംകുന്നിലെ എം.എ. പരമേശ്വരൻ, ഹരിദാസ് സഹോദരങ്ങൾ സ്വന്തമാക്കിയതോടെ മംഗലാംകുന്ന് കർണനായി. കണ്ണഞ്ചിപ്പിക്കുന്ന തലയെടുപ്പും സ്വഭാവശുദ്ധിയുമായിരുന്നു ആനയുടെ സവിശേഷത.
തലപ്പൊക്കം നോക്കി തിടമ്പാനയെ നിർണയിക്കുന്ന ചെറായിലെയും ചക്കുമരശ്ശേരിയിലെയും ഇത്തിത്താനത്തെയും ഉത്സവങ്ങളിൽ ഉയരപ്പെരുമയുള്ള ഗജനിരയോടു മത്സരിച്ചു പലതവണ ഒന്നാം സ്ഥാനക്കാരനായി. നെന്മാറ–വല്ലങ്ങി വേലയിലും ഉത്രാളി, ചിനക്കത്തൂർ, കുന്നംകുളം പാർക്കാടി, ചിറവരമ്പത്തുകാവ് ഉൾപ്പെടെയുള്ള പൂരങ്ങളിലും ഏറെക്കാലം സ്ഥിരസാന്നിധ്യമായിരുന്നു.
തൊണ്ണൂറുകളിൽ തൃശൂർ പൂരത്തിലും പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലാണ് അവസാനമായി ഉത്സവത്തിൽ പങ്കെടുത്തത്. ആറാംതമ്പുരാൻ, നരസിംഹം, തൂവൽക്കൊട്ടാരം ഉൾപ്പടെ ഒട്ടേറെ സിനിമകളിൽ മുഖം കാണിച്ച കർണൻ മണിരത്നത്തിന്റെ ‘ദിൽസേ’യിലൂടെ ബോളിവുഡിലും അരങ്ങേറി.
മംഗലാംകുന്ന് ആനത്തറവാട്ടിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് വാളയാർ വനത്തിൽ സംസ്കരിച്ചു.