ADVERTISEMENT

പാലക്കാട് ∙ നിർദിഷ്ട പാലക്കാട്–കോഴിക്കോട് 966 ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിയിൽ ഏറ്റെടുക്കുന്ന മുഴുവൻ വില്ലേജുകളുടെയും വ്യക്തിഗത നഷ്ടപരിഹാര നിർണയം ഓഗസ്റ്റ് 15നകം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നു കലക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു. പദ്ധതി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട റിഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് കമ്മിറ്റി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

9 വില്ലേജുകളിൽ നിലവിൽ പൂർത്തിയാക്കി. വ്യക്തിഗത വിലനിർണയം പൂർത്തിയാക്കിയ വില്ലേജുകളിൽ ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭ്യമായ ഉടൻ തന്നെ നഷ്ടപരിഹാരത്തുക വിതരണം ചെയ്യും. ഏറ്റെടുക്കുന്ന നിർമിതികൾക്ക് അവയുടെ കാലപ്പഴക്കം പരിഗണിക്കാതെയാണു നഷ്ടപരിഹാരം നൽകുക.

ഭൂമി നഷ്ടമാകുന്ന കുടുംബങ്ങൾ സർക്കാരിനു നൽകേണ്ട അനന്തരാവകാശ സർട്ടിഫിക്കറ്റ്, പട്ടയം, വില്ലേജ് രേഖകൾ എന്നിവ മുൻഗണന നൽകി ലഭ്യമാക്കാൻ തഹസിൽദാർമാർക്കു നിർദേശം നൽകുമെന്നും കലക്ടർ അറിയിച്ചു,  ജനപ്രതിനിധികൾക്കു പുറമേ ഡപ്യൂട്ടി കലക്ടർ ജോസഫ് സ്റ്റീഫൻ റോബി, ദേശീയപാത പ്രോജക്ട് ഡയറക്ടർ ബിപിൻ മധു,  അസി. കലക്ടർ ഒ.വി. ആൽഫ്രഡ് എന്നിവർ പ്രസംഗിച്ചു.

ഉയർന്ന പുനരധിവാസ പാക്കേജ് വേണം 

നിലവിലെ നഷ്ടപരിഹാര പാക്കേജ് വർധിപ്പിച്ച് സംസ്ഥാനസർക്കാർ ഭൂമി ഏറ്റെടുക്കുന്ന പദ്ധതികളിൽ അനുവദിക്കുന്ന ഉയർന്ന പുനരധിവാസ പാക്കേജ് ഗ്രീൻഫീൽഡ് ഹൈവേയിൽ ഭൂമി നഷ്ടമാകുന്നവർക്കു നൽകണമെന്നു യോഗത്തിൽ ആവശ്യമുയർന്നു. ഭൂമി നഷ്ടമാകുന്നവരുടെ സംഘടനകളുടെ ആവശ്യങ്ങൾ:

∙ദേശീയപാത, പൊതുമരാമത്ത് വകുപ്പ് റോഡ് എന്നിവയ്ക്കു സമീപം വരുന്നതും പഞ്ചായത്ത് റോഡിനോ സ്വകാര്യ റോഡിനോ അഭിമുഖം വരുന്നതുമായ സ്ഥലങ്ങളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് മൂല്യനിർണയം നടത്തുക

∙കമേഴ്‌സ്യൽ, റസിഡൻഷ്യൽ മേഖലകളെ പ്രത്യേക വിഭാഗമായി തിരിച്ച് മൂല്യനിർണയം നടത്തുക

∙കെട്ടിടങ്ങൾക്കു ഡിപ്രീസിയേഷൻ കണക്കാക്കുന്നത് ഒഴിവാക്കുക

∙വീട് പൂർണമായോ ഭാഗികമായോ നഷ്ടമാകുന്ന എല്ലാവർക്കും പുനരധിവാസ തുക 2.80 ലക്ഷം രൂപയാക്കുക

∙നിശ്ചിത സെന്റിൽ താഴെയുള്ള ആധാരങ്ങൾ വില നിർണയത്തിനു പരിഗണിക്കുന്നില്ലെന്ന മാനദണ്ഡം മാറ്റുക

∙വീടോ സ്ഥലമോ ഒഴിയുന്നതിനു മുൻപ് തന്നെ നഷ്ടപരിഹാരത്തുക നൽകുക

∙ഭാഗികമായി ഏറ്റെടുത്തു പോകുന്ന വീടുകളെ പൂർണമായും ഏറ്റെടുക്കുക

∙സ്ഥലം ഒഴിഞ്ഞു കൊടുക്കും മുൻപ് നഷ്ടപരിഹാരത്തുക അക്കൗണ്ടിലേക്ക് കൈമാറുക

ഭാഗികമായി ഏറ്റെടുക്കുന്ന കെട്ടിടങ്ങൾക്ക് പൂർണ നഷ്ടപരിഹാരം വേണം: എംപി

ഭാഗികമായി ഏറ്റെടുക്കുന്ന കെട്ടിടങ്ങൾക്ക് പൂർണ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും നൽകാവുന്നതാണോയെന്നു പരിശോധിക്കണമെന്നു വി.കെ.ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടു. ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറാമെന്നു എൻഎച്ച് സ്പെഷൽ ഡപ്യൂട്ടി കലക്ടർ അറിയിച്ചു.

കെട്ടിടം ഭാഗികമായി ഏറ്റെടുക്കുമ്പോൾ കെട്ടിടത്തിന്റെ ബാക്കി ഭാഗം മറ്റാവശ്യങ്ങൾക്കു വിനിയോഗിക്കാൻ കഴിയാത്തതിനാൽ വലിയ തോതിൽ നഷ്ടം സംഭവിക്കുമെന്നും എംപി പറഞ്ഞു. 10 വർഷം മുൻപുള്ളതിന്റെ അടിസ്ഥാനത്തിലല്ല പുതിയ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം നഷ്ട പരിഹാരം നൽകേണ്ടത്.

വീട് ഭാഗികമായി ഏറ്റെടുക്കുന്ന വീടുകളുടെ എണ്ണം പരമാവധി കുറയ്ക്കുക, വീടു മാറുന്നതിനു മുൻപു തുക നൽകുക തുടങ്ങിയ ആവശ്യങ്ങളും എംപി ഉന്നയിച്ചു. മുൻ തീരുമാനങ്ങളിൽ നിന്നു മാറ്റം വരുത്തരുതെന്നും ഭൂമി കൈമാറ്റം ചെയ്യുന്നതിനു മുൻപു മതിയായ തുക നൽകണമെന്നും എൻ.ഷംസുദ്ദീൻ എംഎൽഎ ആവശ്യപ്പെട്ടു. ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കു നൽകുന്ന തുക വ്യക്തമാക്കണമെന്ന് എ.പ്രഭാകരൻ എംഎൽഎയും ആവശ്യപ്പെട്ടു.

English Summary : Greenfield Highway; Compensation determination to be completed by August 15: Collector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com