പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ തുറക്കാതെ കെട്ടിടങ്ങൾ; ചികിത്സാ സൗകര്യമില്ല
Mail This Article
പട്ടാമ്പി∙ താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ട് 14 വർഷമായിട്ടും പട്ടാമ്പി ആശുപത്രിയിൽ ഇന്നും അതിന്റേതായ സൗകര്യം ഒരുക്കിയിട്ടില്ല. ലക്ഷങ്ങൾ മുതൽ മുടക്കി പണിത കെട്ടിടങ്ങൾ പോലും പ്രവർത്തിക്കാതെ കിടക്കുന്നതിനാൽ രോഗികൾ വലയുകയാണ്. ആവശ്യത്തിനു ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കാത്തതിനാൽ കുട്ടികളുടെ തീവ്രപരിചരണ വിഭാഗം ഇതുവരെ തുറന്നിട്ടില്ല. 47,24000 ലക്ഷം രൂപ ചെലവാക്കി പണിത കുട്ടികളുടെ ഐസിയുവിന്റെ ഉദ്ഘാടനം കഴിഞ്ഞ മേയിൽ ആരോഗ്യമന്ത്രി തന്നെ നടത്തിയതാണ്. 13 വയസ്സിനു താഴെയുള്ള കുട്ടികളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ടു പണിത ഐസിയുവിൽ വെന്റിലേറ്റർ ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ വരെയുണ്ട്.
ഉദ്ഘാടന ദിവസം തുറന്ന ഐസിയു പിന്നീട് തുറന്നിട്ടില്ല. ആവശ്യത്തിനു ശിശുരോഗ വിദഗ്ധൻമാരെ നിയമിക്കാൻ കഴിയാത്തതു തന്നെയാണ് പ്രതിസന്ധിക്കു കാരണം. 4 പീടിയാട്രിക് ഡോക്ടർമാരെ നിയമിച്ചാൽ മാത്രമേ ഐസിയു പ്രവർത്തിപ്പിക്കാൻ കഴിയൂ. കുട്ടികളുടെ ഐസിയു നോക്കുകുത്തിയായതോടെ ജനിച്ച ഉടൻ കുഞ്ഞുങ്ങൾക്കു ശ്വാസതടസ്സം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ സമീപ ആശുപത്രികളിലേക്ക് ഇവരെ മാറ്റേണ്ട അവസ്ഥയാണ്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്കും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ കഴിയുന്നില്ല.
വൃക്കരോഗികളെ ചികിത്സിക്കാൻ താലൂക്ക് ആശുപത്രിയിൽ പണിത ഡയാലിസിസ് കേന്ദ്രത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഇരുനില കെട്ടിടത്തിന്റെ പണി പൂർത്തിയായെങ്കിലും കെട്ടിടം കാടുകയറി നശിക്കുകയാണ്. മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 99 ലക്ഷം രൂപയും 74 ലക്ഷം രൂപ മെഷീനുകൾ വാങ്ങാനും അനുവദിച്ചു കൊണ്ടാണ് ഡയാലിസിസ് കേന്ദ്രത്തിന്റെ പണി ആരംഭിച്ചത്. കെട്ടിടത്തിന്റെ ആദ്യ നിലയിൽ ഒപി സെന്ററും കാത്തിരിപ്പു കേന്ദ്രവും രണ്ടാമത്തെ നിലയിൽ ഡയാലിസിസ് റൂം, ബയോപ്ലാന്റ് റൂം തുടങ്ങിയവയുമാണ് ഒരുക്കിയിരിക്കുന്നത്.
യന്ത്രങ്ങൾ വാങ്ങാനായി ആദ്യം ടെൻഡർ അനുവദിച്ച കമ്പനി കരാർ അവസാനിപ്പിച്ചതാണ് നിലവിലെ പ്രതിസന്ധികൾക്കു കാരണം. മറ്റൊരു കമ്പനിയുമായി കരാറിൽ ഏർപ്പെട്ട് മെഷീനുകൾ എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണു അധികൃതരുടെ വിശദീകരണം. ഡയാലിസിസ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചാൽ ഒരേ സമയം 10 പേർക്കു ഡയാലിസിസ് നടത്താനും കഴിയും. പട്ടാമ്പിക്കാർ വലിയ പണം മുടക്കി സ്വകാര്യ ആശുപത്രികളെയാണു ഇപ്പോൾ ഡയാലിസിസിനായി ആശ്രയിക്കുന്നത്.
സ്പെഷലിസ്റ്റ് ഡോക്ടർമാരില്ല
താലൂക്ക് ആശുപത്രികളിൽ 20 നു മുകളിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെങ്കിലും വേണമെന്നാണു നിയമം. എന്നാൽ പട്ടാമ്പിയിൽ 13 ഡോക്ടർമാർ മാത്രമാണുള്ളത്. ആവശ്യത്തിനു പീഡിയാട്രിക് ഡോക്ടർമാരുമില്ല. കണ്ണ്, ഇഎൻടി, എല്ല്, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാരെ ഇതുവരെ നിയമിച്ചിട്ടില്ല. ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 7 ഓഫിസ് ജീവനക്കാർ വേണ്ടയിടത്ത് ഉള്ളത് 2 ക്ലാർക്കുമാർ മാത്രവും.
പുതിയ കെട്ടിടവും വേണം
അത്യാഹിത വിഭാഗം, ഒപി, ഐപി, ഓപ്പറേഷൻ തിയറ്റർ, പ്രസവ മുറി, ലബോറട്ടറി, ഫാർമസി തുടങ്ങിയവ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കാലപ്പഴക്കം കെട്ടിടത്തെ ബാധിച്ചിട്ടുണ്ട്. പുതിയ കെട്ടിടം പണിയുന്നതിനു പ്രപ്പോസൽ സമർപ്പിച്ചെങ്കിലും റെയിൽവേ അനുമതി നിഷേധിച്ചു. പട്ടാമ്പി റെയിൽവേ സ്റ്റേഷനു തൊട്ട് അടുത്ത് പ്രവർത്തിക്കുന്നതിനാൽ നിർമാണ പ്രവൃത്തികൾ നടത്താൻ റെയിൽവേയുടെ അനുമതിയും ആവശ്യമാണ്. ഇതോടെ റിവേഴ്സ് പ്രപ്പോസൽ തയാറാക്കി അനുമതിക്കായി കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പു ജീവനക്കാർ.