കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്കു പരുക്ക്

Mail This Article
വാൽപാറ ∙ തോട്ടം തൊഴിലാളിക്കു കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. വാൽപാറയ്‌ക്കു സമീപം അണലി എസ്റ്റേറ്റിലെ നാലാം നമ്പർ ഫീൽഡിൽ ജോലി ചെയ്തുകൊണ്ടിരുന്ന രവി എന്ന സെൽവരത്നത്തിന (60 )യാണ് കാട്ടുപോത്ത് ആക്രമിച്ചത്. ദേഹമാസകലം ഗുരുതരമായ പരുക്കുകളേറ്റ ഇയാളെ വാൽപാറയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിലേക്കു മാറ്റി.
വിവരം അറിഞ്ഞു സ്ഥലത്തെത്തിയ വാൽപാറ റേഞ്ച് ഓഫിസർ വെങ്കടേഷും സംഘവും വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. പിന്നീട് ചികിത്സാ സഹായത്തിനായി വനം വകുപ്പിന്റെ നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡുവായ 25,000 രൂപ അദ്ദേഹത്തിന്റെ കുടുംബത്തിനു കൈമാറി.