പുലിപ്പേടിയിൽ കൈപ്പുറം, നെടുങ്ങോട്ടൂർ മേഖലകൾ; മൂന്നിടത്തു ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം

Mail This Article
തിരുവേഗപ്പുറ ∙ പഞ്ചായത്തിലെ കൈപ്പുറം, നെടുങ്ങോട്ടൂർ എന്നീ പ്രദേശങ്ങളിൽ രണ്ടു പേർ പുലിയെ കണ്ടെന്ന് ഉറപ്പു പറഞ്ഞതോടെ ജനങ്ങളുടെ ഭീതി അകറ്റാൻ വനംവകുപ്പും പഞ്ചായത്തും നടപടി തുടങ്ങി. പുലിയെ കണ്ടെന്നു പറയുന്ന പ്രദേശങ്ങളിൽ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. മൂന്നിടത്താണ് ഇന്നലെ ഉച്ചയോടെ ക്യാമറകൾ സ്ഥാപിച്ചത്. നിലവിൽ പുലിയെന്നു കരുതുന്ന ജീവി സഞ്ചരിച്ച പ്രദേശങ്ങളോടു ചേർന്ന മരങ്ങളിലാണു ക്യാമറ വച്ചിട്ടുള്ളത്. കൈപ്പുറം മൈലാടി ആനേംകൊടി, നെടുങ്ങോട്ടൂർ പറക്കല്ല് വെള്ളാരംപാറ പ്രദേശങ്ങളിലാണു പുലി ഉണ്ടെന്ന പ്രചാരണം ശക്തമായിട്ടുള്ളത്. പാമ്പ് പിടിത്ത വിദഗ്ധൻ കൈപ്പുറം അബ്ബാസും നെടുങ്ങോട്ടൂർ പ്രദേശവാസിയുമാണു പുലിയെ കണ്ടെന്നു പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയായിരുന്നു പുലിയെ കണ്ടതത്രെ. വാർത്ത പ്രചരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തരാണ്. പുലിയെ കണ്ടെന്നു പറയുന്ന രണ്ടു ദിവസങ്ങളിലും വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. പുലിയല്ല, കാട്ടുപൂച്ചയാകാം എന്ന നിഗമനത്തിലായിരുന്നു ഉദ്യോഗസ്ഥർ. പുലിയെ കണ്ടെന്നു പറയുന്നവർ കണ്ടതു പുലിയാണെന്ന് ഉറച്ചു പറയുന്നതിനാൽ ജനങ്ങളുടെ ഭീതി ഇരട്ടിയായി.
കഴിഞ്ഞ ദിവസം രാത്രി കൈപ്പുറം മൈലാടിക്കുന്ന് ആനേംകൊടി പ്രദേശത്താണു പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം പരിശോധന നടത്തിയതില്‍ പുലിയല്ല കാട്ടുപൂച്ചയാകാമെന്നാണു പറഞ്ഞിരുന്നത്. നെടുങ്ങോട്ടൂര്‍ പറക്കല്ല് വെള്ളാരംപാറ പ്രദേശത്തും പുലിയെ കണ്ടെന്നു പ്രദേശവാസി സാക്ഷ്യപ്പെടുത്തിയതോടെയാണു ജനങ്ങളുടെ ഭീതിയകറ്റാന്‍ അധികൃതര്‍ നടപടി തുടങ്ങിയത്. രണ്ടു കിലോമീറ്റർ വ്യാപ്തിയിൽ കിടക്കുന്ന പ്രദേശത്താണു പുലിയുടെ സാന്നിധ്യമുണ്ടെന്ന സംശയം ഉയർന്നിട്ടുള്ളത്. മൃഗങ്ങളെ അപായപ്പെടുത്തുകയോ കാൽപാടുകൾ പുലിയുടേതാണെന്നു വ്യക്തമാകുകയോ ചെയ്തിട്ടില്ല. എന്നാൽ, ജനങ്ങളുടെ ആശങ്ക ഗൗരവമായി കാണുന്നുവെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു.