ADVERTISEMENT

കോവളം∙കിലോയ്ക്ക് രണ്ടു ലക്ഷത്തിലേറെ രൂപ  വിലയുള്ളതും ‘ചുവന്ന സ്വർണം’ എന്ന പേരിൽ ലോകപ്രസിദ്ധവുമായ കശ്മീർ കുങ്കുമപ്പൂവ് വെള്ളായണി കാർഷിക കോളജിലെ പ്ലാന്റ് ബയോടെക്നോളജി ലാബിൽ വിടർന്നു. പ്ലാന്റ് ബയോടെക്നോളജി വിഭാഗം അസി.പ്രഫസർ ഡോ. സ്‌മിതാ ഭാസി നേതൃത്വം നൽകിയ പഠനത്തിന്റെ ഭാഗമായാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധ വ്യഞ്ജനങ്ങളിലൊന്നായ കുങ്കുമപ്പൂവ് പരീക്ഷണശാലയിൽ നിയന്ത്രിത അന്തരീക്ഷത്തിൽ വിരിയിച്ചത്.വിത്തു കിഴങ്ങ് കശ്‌മീരിലെ കർഷകരിൽ നിന്നാണ് ലഭ്യമാക്കിയത്. 

കശ്മീർ കാർഷിക സർവകലാശാല മാർഗനിർദേശങ്ങൾ നൽകി. വളർച്ചയുടെ ഓരോ ഘട്ടത്തിലും കാലാവസ്ഥ കൃത്യമായി ക്രമീകരിച്ചു.  പഠനത്തിന് ഉപയോഗിച്ച വിത്തുകൾ നൂറ് ശതമാനവും മുളയ്‌ക്കുകയും വളരുകയും ചെയ്‌തു. ടിഷ്യു കൾച്ചറിലൂടെ ടെസ്റ്റ് ട്യൂബിനുള്ളിൽ പൂവിരിയിക്കുന്നതിനുള്ള ശ്രമവും (ഇൻ-വിട്രോ ഫ്ലവറിങ്) ഫലം കണ്ടു. ടിഷ്യൂ കൾച്ചറിലൂടെ വിത്ത് ഉൽപ്പാദിപ്പാക്കാനുള്ള ഗവേഷണവും തുടങ്ങിയതായി അധികൃതർ പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിന് കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ വേണം. 

അതിനായി വിവിധ ഗവേഷണ പദ്ധതികൾ തയാറാക്കി ഫണ്ടിങ് ഏജൻസികളെ സമീപിക്കും. പഠനം ഫലം കണ്ടാൽ വിവിധ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ കുങ്കുമപ്പൂവിന്റെ കൃഷി രീതി കേരളത്തിലും സാധ്യമാകുമെന്ന് ഡോ. സ്‌മിതാ ഭാസി പറഞ്ഞു. കോളജ് ഡീൻ ഡോ. റോയി സ്റ്റീഫന്റെ പ്രോത്സാഹനത്തിൽ വകുപ്പ് മേധാവി ഡോ. കെ. ബി സോണിയും പ്രൊഫ. ഡോ. സ്വപ്‌ന അലക്സും ഗവേഷണ വിദ്യാർഥി മിധു കൃഷ്ണയും ഉൾപ്പെട്ട സംഘമാണ് നേട്ടം കൈവരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com