ബാലരാമപുരം പൊതുചന്ത നവീകരണം; പഴയ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി

Mail This Article
ബാലരാമപുരം∙ 8 കോടി രൂപ ചെലവിൽ ബാലരാമപുരം പൊതുചന്ത നവീകരിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന ജോലിക്കു തുടക്കമായി. ഇതിന്റെ ഭാഗമായി കടകൾ ഒഴിയുന്നതിന് വ്യാപാരികൾക്ക് നേരത്തെ നോട്ടിസ് നൽകിയിരുന്നു. കാലങ്ങൾക്കു മുൻപു നിർമിച്ച് അപകട നിലയിലായ കെട്ടിടങ്ങളിലെ ബാക്കിയുള്ള ഭാഗങ്ങൾ പൊളിക്കുന്ന ജോലികൾ വരും ദിവസങ്ങളിൽ നടക്കും.
ഇപ്പോൾ ചന്തയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ പൊളിക്കുന്നതിന് പൊലീസ് സഹായം തേടാൻ പഞ്ചായത്ത് ശ്രമിക്കുന്നുണ്ട്. വൈദ്യുതി, വെള്ളം കണക്‌ഷനകുൾ വിച്ഛേദിച്ചശേഷവും പ്രവർത്തിക്കുന്ന കടകളാണ് പൊലീസ് സഹായത്തോടെ പൊളിക്കുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ അറിയിച്ചു.
രാത്രികാലങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന കടകളിലെ ജനറേറ്റർ ഉൾപ്പെടെയുള്ള സാധനങ്ങൾ പിടിച്ചെടുക്കാനും ശ്രമം നടക്കുന്നുണ്ട്. പൊതുചന്ത ആധുനിക രീതിയിൽ പുതുക്കി നിർമിക്കുന്നതിന് ഒരു വർഷം മുൻപ് നടപടി ആരംഭിച്ചെങ്കിലും മുന്നോട്ടു പോയില്ല. പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിലെ പ്രാദേശിക ഘടകത്തിന്റെ എതിർപ്പുകാരണം നടന്നില്ലെന്നാണ് ആരോപണം.
എന്നാൽ ജനവികാരം ശക്തമായതോടെയാണ് പഞ്ചായത്ത് പഴയ കെട്ടിടം പൊളിക്കുന്നതിന് കരാർ നൽകി. പൊളിച്ചു തീർന്നു കഴിയുമ്പോൾ തറക്കല്ലിട്ട് നിർമാണം ആരംഭിക്കാനാണ് തീരുമാനം. പദ്ധതിയുടെ രൂപരേഖ പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായാണ് അംഗീകരിച്ചത്. 8,284 സ്ക്വയർ ഫീറ്റിൽ 4 നിലകളിലായാണ് രാജ്യാന്തര നിലവാരത്തിൽ മാർക്കറ്റ് പുനർനിർമിക്കുന്നത്.
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായുള്ള റോഡ് വികസനം വരുമ്പോൾ ഇതിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലാണ് നിർമാണം നടക്കുക. താഴത്തെ നിലയിൽ പാർക്കിങ് സൗകര്യവും ഒന്നാം നിലയിൽ പച്ചക്കറി, മീൻ മാർക്കറ്റുൾപ്പെടെ 27 കടകളും. രണ്ടാം നിലയിൽ രണ്ട് വലിയ ഹാളും 15 കടകളും മൂന്നാം നിലയിൽ മിനി ഓഡിറ്റോറിയവുമാണ് നിർമിക്കുക.