കിളിമാനൂരിലെ കൊലപാതകം: സുഹൃത്ത് അറസ്റ്റിൽ; ദേഹമാസകലം അടിയേറ്റ പാട്

Mail This Article
കിളിമാനൂർ∙ പുളിമാത്ത് കാട്ടുംപുറം പന്തടിക്കളം ആര്യാഭവനിൽ യു.അഭിലാഷ് (28) കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് അറസ്റ്റിൽ. കാട്ടുംപുറം ഊറാംകുഴി പന്തടിക്കളം മണ്ണടി വീട്ടിൽ അരുണിനെ (38) കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇരുവരും കൂലിപ്പണിക്കാർ ആണെന്നു പൊലീസ് പറഞ്ഞു. വ്യാഴം രാവിലെ മുതൽ ഇരുവരും ചേർന്ന് വിറക് കീറലും വിറക് അടുക്കലും നടത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം അരുണിന്റെ വീട്ടിൽ ഇരുന്നു മദ്യപിച്ചു. മദ്യപിക്കുന്നതിനിടെ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും കമ്പിവടി കൊണ്ട് അഭിലാഷിനെ തലങ്ങും വിലങ്ങും അടിച്ചെന്നും പൊലീസ് പറയുന്നു.
ദേഹമാസകലം അടിയേറ്റ് പാടുണ്ട്. തലയിലേറ്റ അടിയാണ് മരണത്തിൽ കാരണമായതെന്നാണ് വിവരം. അടി നടക്കുന്ന വിവരം നാട്ടുകാർ പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കിളിമാനൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. അടിയേറ്റ് കിടന്ന അഭിലാഷിനെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് സൂചന. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വൈകിട്ട് വീട്ടിൽ എത്തിച്ചു. ഉണ്ണി–വത്സല ദമ്പതികളുടെ മകനാണ് അഭിലാഷ്. അവിവാഹിതനാണ്. സഹോദരി: ആര്യ.