ADVERTISEMENT

തിരുവനന്തപുരം ∙ ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിനെ തിരഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. നെടുമ്പാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി അസിസ്റ്റന്‍റായ സുകാന്ത് സുരേഷ് ലീവിലുമാണ്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാല് തവണയാണ് മേഘയും സുകാന്തുമായി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു. 

ഫോണ്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ എട്ടു സെക്കന്‍റ് വീതം മാത്രമാണ് ഈ വിളികള്‍ നീണ്ടിട്ടുള്ളത്. ഈ ഫോണ്‍ വിളികള്‍ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പൊലീസ് തിരയുന്നത്. രാജസ്ഥാനിലെ ജോധ്പുരില്‍ നടന്ന ട്രെയിനിങിനിടെയാണ് സുകാന്തുമായി മേഘ അടുപ്പത്തിലാകുന്നത്. സൗഹൃദം പ്രണയമായി വളര്‍ന്നതിന് പിന്നാലെയുള്ള എട്ടുമാസക്കാലയളവില്‍ പലതവണ സുകാന്തിന്‍റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ട്. അപൂര്‍വമായി മാത്രമാണ് തിരികെ സുകാന്തിന്‍റെ അക്കൗണ്ടില്‍ നിന്നും പണം ഇട്ടിട്ടുള്ളതും. സുകാന്തിനെ കാണാൻ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നു. സുകാന്ത് പലവട്ടം തിരുവനന്തപുരത്തും വന്നിട്ടുണ്ട്. എന്നാല്‍ യാത്ര ചെലവുകൾ വഹിച്ചിരുന്നത് മേഘയായിരുന്നു. മേഘയ്ക്കുമേല്‍ കൂടുതൽ ഭീഷണിയും ചൂഷണവും നടന്നതായി സംശയിക്കുന്നതായും കുടുംബം പറയുന്നു.

suresh-megha1
കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി ഐബി ഉദ്യോഗസ്ഥ മേഘയുടെ അതിരുങ്കൽ കാരയ്ക്കാക്കുഴിയിലെ വീട്ടിൽ എത്തിയപ്പോൾ.

അന്വേഷണത്തിന്‍റെ ഭാഗമായി തിരഞ്ഞപ്പോഴാണ് മലപ്പുറം എടപ്പാള്‍ സ്വദേശിയായ സുകാന്ത് ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ ഐബിയുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം ആരംഭിച്ചതായും സൂചനകളുണ്ട്. അതേസമയം, സുകാന്ത് ഒളിവില്‍ പോയത് പൊലീസിന്‍റെ വീഴ്ചയാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. 

ഈഞ്ചയ്ക്കൽ പരക്കുടിയിൽ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകൾ മേഘയെ മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌‌പ്രസിന് മുന്നിലാണ് ചാടിയത്. 

ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് വെളിപ്പെടുത്തിയിരുന്നു. ട്രെയിന്‍ ശരീരത്തിലൂടെ കയറിയിറങ്ങി. മൊബൈല്‍ഫോണ്‍ തകര്‍ന്നു തരിപ്പണമാകുകയും ചെയ്തു. ഐഡി കാര്‍ഡ് കണ്ടാണ് മരിച്ചത് മേഘയാണെന്ന് തിരിച്ചറിഞ്ഞത്. ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുൻപാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിച്ചത്.
കേന്ദ്ര അന്വേഷണത്തിനായി ബന്ധപ്പെടും: മന്ത്രി സുരേഷ് ഗോപി

കലഞ്ഞൂർ ∙ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ വീട്ടുകാർക്കുള്ള സംശയങ്ങൾകൂടി അന്വേഷണവിധേയമാക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപി. മേഘയുടെ അച്ഛൻ മധുസൂദനൻ, അമ്മാവൻ സന്തോഷ് എന്നിവരുമായി സംസാരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ വൈകുന്നതിനെപ്പറ്റി അന്വേഷിക്കുമെന്നും സെൻട്രൽ ഐബി തലത്തിലുള്ള അന്വേഷണത്തിനായി ബന്ധപ്പെടുമെന്നും സുരേഷ്‌ ഗോപി പറഞ്ഞു.

ഇതുവരെ ഉണ്ടായ അന്വേഷണങ്ങളെക്കുറിച്ചും ഐബിയുടെ ഇടപെടലും സുരേഷ്‌ ഗോപി മധുസൂദനനോടും സന്തോഷിനോടും ചോദിച്ചറിഞ്ഞു. പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതായി മേഘയുടെ അച്ഛൻ മധുസൂദനൻ പറഞ്ഞിരുന്നു. അന്വേഷണം ത്വരിതപ്പെടുത്താൻ ശ്രമിക്കുമെന്നും അതിൽ വിട്ടുവീഴ്ചകൾ ഉണ്ടാകില്ലെന്നും അന്വേഷണത്തിന് ആവശ്യമായ നടപടി കൈക്കൊള്ളാൻ മുൻകയ്യെടുക്കുമെന്നും സുരേഷ് ഗോപി അദ്ദേഹത്തോടു പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് വി.എ.സൂരജും ഒപ്പമുണ്ടായിരുന്നു.

English Summary:

IB officer Megha's death is under intense investigation following her suicide in Thiruvananthapuram. Police are focusing on her relationship with Sukant Suresh and allegations of financial exploitation and potential police negligence.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com