കാട്ടാക്കടയിൽ പാർക്കിങ് നിരോധനം ഏപ്രിൽ 1 മുതൽ; ലംഘിച്ചാൽ കടുത്ത പിഴ
Mail This Article
കാട്ടാക്കട ∙ പട്ടണത്തിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന അനധികൃതമായ പാർക്കിങ്ങും വഴിയോര കച്ചവടങ്ങളും ഏപ്രിൽ 1 മുതൽ നിരോധിക്കും. പാർക്കിങ് പൂർണമായി ഒഴിവാക്കിയ പട്ടണത്തിലെ വിവിധ സ്ഥലങ്ങളിൽ നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചു. നിരോധനം ലംഘിക്കുന്നവർക്ക് കനത്ത പിഴ നൽകേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു. അനധികൃത പാർക്കിങ് പൂർണമായി നിയന്ത്രിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് പഞ്ചായത്ത് 3 ദിവസമായി പട്ടണത്തിലും പരിസര പ്രദേശങ്ങളിലും അനൗൺസ്മെന്റ് നടത്തി. നോ പാർക്കിങ്ങ് ബോർഡുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കിയതായി പ്രസിഡന്റ് കെ.അനിൽകുമാർ പറഞ്ഞു.
പൊലീസ്,മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കാണ് നിരോധനം നടപ്പിലാക്കുനുള്ള ചുമതല. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ,വ്യാപാര സംഘടന പ്രതിനിധികൾ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത പഞ്ചായത്ത് ട്രാഫിക് ക്രമീകരണ സമിതി യോഗം തീരുമാനിച്ചിരുന്നു.
പാർക്കിങ് നിരോധിത മേഖലകൾ
∙കഞ്ചിയൂർക്കോണം റോഡിൽ ജംക്‌ഷൻ മുതൽ 50 മീറ്റർ ദൂരത്തിൽ റോഡിനു ഇരു വശവും പാർക്കിങ്ങ് പൂർണമായി നിരോധിച്ചിട്ടുണ്ട്.
∙ മണ്ഡപത്തിൻകടവ് റോഡിൽ ജംക്‌ഷൻ മുതൽ എസ്ബിഐ വരെ റോഡിന്റെ വലതുവശത്ത് എല്ലാത്തരത്തിലുമുള്ള വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ചിട്ടുണ്ട്.
∙ബിഎസ്എൻഎൽ റോഡിൽ റോഡിന്റെ ഇരു വശങ്ങളിലും എല്ലാത്തരം വാഹന പാർക്കിങ്ങും നിരോധിച്ചു.
∙ കാട്ടാക്കട–തിരുവനന്തപുരം റോഡ് മുതൽ നെടുമങ്ങാട് റോഡിൽ കട്ടയ്ക്കോട് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം വരെ റോഡിന്റെ ഇടതുവശത്തെ എല്ലാത്തരം പാർക്കിങും നിരോധിച്ചു.
∙ കെഎസ്ആർടിസി ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ അനധികൃത പാർക്കിങും വഴിയോര കച്ചവടവും നിരോധിച്ചിട്ടുണ്ട്.
പാർക്കിങ്ങ് അനുവദിക്കുന്ന സ്ഥലങ്ങൾ
∙തിരുവനന്തപുരം റോഡിൽ പെട്രോൾ പമ്പിനു എതിർ വശം മുതൽ മൊളിയൂർ റോഡ് തിരിയുന്ന ഭാഗം വരെ വാഹനങ്ങൾ പാർക്ക് ചെയ്യാം.
∙നെയ്യാറ്റിൻകര റോഡിൽ ദേവി ഓഡിറ്റോറിയത്തിന്റെ മുൻവശം മുതൽ ക്യാരിസ് പ്ലാസ വരെ റോഡിന്റെ ഇരു ഭാഗത്തും ഗതാഗത തടസം ഉണ്ടാകാത്ത രീതിയിൽ ഇരു ചക്ര വാഹനമുൾപ്പെടെ എല്ലാത്തരം വാഹനങ്ങളും പാർക്ക് ചെയ്യാം.
∙ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ വഴിയോര കച്ചവടം പൂർണമായി ഒഴിപ്പിക്കുന്നതിനും തീരുമാനിച്ചു.
കടകളിൽ വരുന്നവർക്ക് ടോക്കൺ നൽകും
പട്ടണത്തിലെ ഗതാഗത കുരുക്കിന് അറുതിവരുത്താനും തോന്നും പോലുള്ള വാഹന പാർക്കിങ് ഒഴിവാക്കാനുമാണ് തീരുമാനം. വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് കടയിൽ നിന്നും കടയുടമ ടോക്കൺ നൽകും. സാധനം വാങ്ങിയാൽ ടോക്കൺ തിരികെ നൽകി വാഹനം എടുത്ത് മാറ്റണം. ടോക്കൺ ഇല്ലാതെ കടകൾക്ക് മുന്നിൽ പാർക്ക് ചെയ്താൽ പിഴ ഈടാക്കാനാണ് തീരുമാനം. കട ഉടകളുടെ വാഹനം കടയ്ക്ക് മുന്നിൽ പാർക്കിങ് അനുവദിക്കില്ല. ഇവർ പാർക്കിങ് സ്ഥലത്ത് തങ്ങളുടെ വാഹനം പാർക്ക് ചെയ്ത് സ്ഥാപനത്തിലേക്ക് വരണമെന്ന് പഞ്ചായത്ത് സെക്രട്ടറി എസ്.സുരേഷ് കുമാർ അറിയിച്ചു