മാനംതൊട്ട കാഴ്ചകളുടെ ചന്തം, അസി. കലക്ടറുടെ ചിത്രങ്ങൾ

Mail This Article
തൃശൂർ ∙ ചെറുതുരുത്തി വാഴാലിക്കാവിന്റെ മനോഹാരിത, മനക്കൊടി പുള്ളിലെ കോൾപാടത്തിന്റെ പച്ചപ്പ്, മലക്കപ്പാറയിലെ തേയിലത്തോട്ടങ്ങളുടെ സൗന്ദര്യം.. ഔദ്യോഗിക തിരക്കുകൾക്കിടയിലും അസി. കലക്ടർ വി.എം. ജയകൃഷ്ണൻ പകർത്തിയ ഡ്രോൺ ചിത്രങ്ങൾക്കു ഭംഗിയേറെ. തന്റെ ഡ്രോൺ ക്യാമറയിൽ അസി. കലക്ടർ പകർത്തിയ മനോഹര ചിത്രങ്ങളുടെ പ്രദർശനത്തിനു ലളിതകലാ അക്കാദമി ഹാളിൽ തുടക്കമായി. എബൗവ് ആൻഡ് ബിയോണ്ട് എന്നു പേരിട്ട പ്രദർശനം 21നു സമാപിക്കും. പ്രദർശനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു.
കൊല്ലത്തെ ജഡായുപ്പാറയുടെ ആകാശ ചിത്രം മന്ത്രിക്കും കലക്ടർ വി.ആർ. കൃഷ്ണതേജയ്ക്കും അസിസ്റ്റന്റ് കലക്ടർ സമ്മാനിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്റേതടക്കം വെബ് പേജുകളിൽ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. പ്രദർശനത്തിന്റെ ഉദ്ഘാടനത്തിൽ കലക്ടർ അധ്യക്ഷത വഹിച്ചു. സബ് കലക്ടർ മുഹമ്മദ് ഷഫീക്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ സി.പി. അബ്ദുൽ കരീം, തഹസിൽദാർ ടി. ജയശ്രീ, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.