ദന്തചികിത്സയ്ക്കിടെ മരിച്ച ഹാരോണിന്റെ സംസ്കാരം നടത്തി

Mail This Article
കുന്നംകുളം ∙ പാൽപല്ലിൽ പൾപെക്ടമി ശസ്ത്രക്രിയയ്ക്കു വിധേയനായ ശേഷം നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മരിച്ച മൂന്നര വയസ്സുകാരൻ ഹാരോൺ കെവിന്റെ മരണ കാരണം സ്ഥിരീകരിക്കാൻ പതോളജി ലാബിൽ നിന്നുള്ള പരിശോധനാഫലം ലഭിക്കണമെന്നു മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം അധികൃതർ വ്യക്തമാക്കി.
മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഹാരോണിന്റെ സംസ്കാരം നടത്തി.മലങ്കര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ചയാണ് മുണ്ടൂർ പുറ്റേക്കര പാറമേൽ വീട്ടിൽ കെവിന്റെയും ഷെൽജയുടെയും ഏക മകനായ ഹാരോൺ മരിച്ചത്. ചികിത്സപ്പിഴവാണു മരണത്തിന് ഇടയാക്കിയതെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നു അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒരാഴ്ചയ്ക്കകം പരിശോധനാഫലം ലഭിക്കുമെന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് അറിയിച്ചിട്ടുണ്ടെന്നും ഇതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സി.ആർ.സന്തോഷ് പറഞ്ഞു.ഹൃദയസ്തംഭനമാണു മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുട്ടിയുടെ ഓക്സിജൻ നിലയിൽ കുറവു വന്നതിനാൽ കുട്ടികളുടെ ഡോക്ടർ, അനസ്തീസിയ വിദഗ്ധൻ, ഹൃദ്രോഗ വിദഗ്ധൻ തുടങ്ങിയവർ ചികിത്സ നൽകാൻ എത്തിയിരുന്നെന്നും ജീവൻ നിലനിർത്താൻ എല്ലാ ശ്രമവും നടത്തിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.