ചാലക്കുടിയിൽ വീണ്ടും പുലി, കാൽപാടുകൾ കണ്ടു; ഒരു കൂട് കൂടി സ്ഥാപിച്ചു

Mail This Article
ചാലക്കുടി ∙ കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപം വീണ്ടും പുലി എത്തിയതായി സൂചന ലഭിച്ചെന്നു വനംവകുപ്പ് അറിയിച്ചു. ഇവിടെ നിന്നു കാൽപാടുകൾ ലഭിച്ചതായി ഡിഎഫ്ഒ എം.വെങ്കിടേശ്വരൻ അറിയിച്ചു. കണ്ണമ്പുഴ റോഡിലെ വീട്ടിൽ 24നു പുലി ഇറങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ സ്ഥിരീകരിക്കുകയും പുലിയുടെ കാൽപാടുകൾ ലഭിക്കുകയും ചെയ്തിരുന്നു. 26നു നടത്തിയ പരിശോധനയിൽ അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണന്റെ വീട്ടുമുറ്റത്തും കണ്ണമ്പുഴ ക്ഷേത്ര വളപ്പിനോടു ചേർന്നു തെക്കേടത്തു മന വളപ്പിലുമാണു കാൽപാടുകൾ കണ്ടത്. കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ ഇന്നലെ വൈകിട്ട് പുതിയ കാൽപാടുകൾ ലഭിച്ചതോടെ ഈ ഭാഗത്തു തന്നെ പുലി ഉള്ളതായാണു വനംവകുപ്പ് അധികൃതരുടെ നിഗമനം.
വനംവകുപ്പ് എത്തിച്ച തെർമൽ ഡ്രോണിലും പുലിയെ കണ്ടെത്താനായില്ല. ശനി രാത്രി 11 മുതൽ ഞായർ പുലർച്ചെ 3.30 വരെ നീണ്ട ഡ്രോൺ പറത്തലിൽ പാടത്തു മേയാൻ കെട്ടിയിരുന്ന പോത്തിനെയും പശുവിനെയും മാത്രമാണു കാണാൻ കഴിഞ്ഞതെന്നാണു വനംവകുപ്പ് നൽകുന്ന സൂചന. ഇന്നലെ വൈകിട്ടും ഡ്രോൺ ഉപയോഗിച്ചു തിരച്ചിൽ നടത്തി. മന്ത്രി കെ.രാജൻ, സനീഷ്കുമാർ ജോസഫ് എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ തൃശൂരിൽ നടത്തിയ യോഗത്തിലെ തീരുമാന പ്രകാരം പുലിയെ പിടികൂടാനായി ഒരു കൂടു കൂടി സ്ഥാപിച്ചു.
കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപം നേരത്തെ സ്ഥാപിച്ച കൂടിനു 100 മീറ്റർ ദൂരെയാണ് പുതിയ കൂട് സ്ഥാപിച്ചത്. പീച്ചിയിൽനിന്ന് വനംവകുപ്പ് ഒരു കൂട് എത്തിച്ചെങ്കിലും ഉപയോഗിക്കാവുന്ന സ്ഥിതിയിലായിരുന്നില്ല. പരിയാരം റേഞ്ച് ഓഫിസിൽനിന്ന് എത്തിച്ച കൂടാണ് ഇന്നലെ രാത്രി ഏഴരയോടെ സ്ഥാപിച്ചത്. കണ്ണമ്പുഴ ക്ഷേത്രത്തിലെ പൂജ രാവിലെ ആറരയ്ക്കു ശേഷം മാത്രമാക്കി. ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. കുട്ടികളെ കഴിവതും പുറത്തുവിടരുതെന്നും നിർദേശമുണ്ട്.