നാട് വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ; പ്രദേശത്ത് നിന്നും കൂട്ടിലാകുന്ന മൂന്നാമത്തെ കടുവ

Mail This Article
പുൽപള്ളി ∙ രണ്ടു മാസത്തോളം ചീയമ്പം പ്രദേശത്ത് വളര്‍ത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ കടുവ ഇന്നലെ കൂട്ടിലായി. 9 വയസ് പ്രായംവരുന്ന പെണ്‍കടുവയാണു കൂട്ടിലകപ്പെട്ടത്. കഴിഞ്ഞ രാത്രിയും ചീയമ്പം കോളനി പരിസരത്ത് വളര്‍ത്ത് നായയെ പിടിക്കാന്‍ ശ്രമിച്ച കടുവയെ പ്രദേശവാസികള്‍ പാട്ടകൊട്ടി തുരത്തുകയായിരുന്നു. രാവിലെ 6 മണിയോടെയാണ് ആനപന്തിയില്‍ സ്ഥാപിച്ച കൂട്ടില്‍ കയറിയത്. 8 മണിയോടെ കടുവയെ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു. വനം വെറ്ററിനറി സര്ജന് ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ കടുവയെ പരിശോധിച്ചു. ബാഹ്യമായ പരുക്കുകളോ, രോഗങ്ങളോ കണ്ടെത്താനായില്ല.
ആന്തരിക പ്രശ്നങ്ങള്‍ വല്ലതുമുണ്ടോയെന്ന പരിശോധനയ്ക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ചീയമ്പം പ്രദേശത്ത് നിന്ന് 4 വര്‍ഷത്തിനിടെ പിടികൂടുന്ന മൂന്നാമത്തെ കടുവയാണിത്. കൂട്ടിലായ കടുവയെ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടാകും. കടുവ സംരക്ഷണ അതോറിറ്റിയുടെയും സംസ്ഥാന വന്യജീവി സംരക്ഷണ മേധാവിയുടെയും അനുമതിയോടെ മാത്രമേ കടുവയെ ഇനി മറ്റൊരിടത്തേക്കു മാറ്റാനാവൂ.
ഇന്നലെ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയിലും തീരുമാനമായില്ല. മൃഗശാലയിലേക്കോ, ഏതെങ്കിലും കടുവ സങ്കേതത്തിലേക്കോ മാറ്റാനാണ് ആലോചന.സൗത്ത് വയനാട് ഡിഎഫ്ഒ.പി. രജ്ഞിത്കുമാര്‍, മാനനന്തവാടി ഡിഎഫ്ഒ. രമേഷ് ബിഷ്ണോയി, സാമൂഹിക വനവല്‍ക്കരണ വിഭാഗം ഡിഎഫ്ഒ. എന്‍.പി.ഹരിലാല്‍, ചെതലയം റേഞ്ച് ഓഫിസര്‍ ടി.ശശികുമാര്‍, ഇരുളം ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.വി.ആനന്ദന് എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.