ഒറ്റ രാത്രിയിൽ കടുവ എത്തി; നാലിടത്ത്
![wayanad-tiger
ഞായറാഴ്ച രാത്രി സീതാമൗണ്ട് കോലാഞ്ഞിയിൽ തമ്പിയുടെ വീട്ടുപരിസരത്തെത്തിയ കടുവ (തമ്പിയുടെ മകൻ റിച്ചു മൊബൈൽ ഫോണിൽ പകർത്തിയ ചിത്രം).](https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2024/1/23/wayanad-tiger.jpg?w=1120&h=583)
Mail This Article
പുൽപള്ളി ∙ ഞായറാഴ്ച രാത്രി മേഖലയിൽ നാലിടത്ത് കടുവയുടെ സാന്നിധ്യം. സീതാമൗണ്ട്, വെട്ടിക്കൽ കവല, ചെറ്റപ്പാലം റോഡ്, വെളളക്കെട്ട് എന്നിവിടങ്ങളിലാണ് പലരും കടുവയെ കണ്ടത്. വളർത്തുമൃഗങ്ങളെ കടുവ പിടികൂടിയ സ്ഥലത്തിന് ഏറെയകലമില്ലാത്ത സീതാമൗണ്ടിൽ അർധരാത്രിയോടെയാണ് കടുവയെത്തിയത്.
കോലാഞ്ഞിയിൽ തമ്പിയുടെ വീടിന് പിൻഭാഗത്താണ് കടുവയെ കണ്ടത്. പട്ടിയുടെ കേട്ട് വീട്ടുകാർ ഉണർന്ന് ടോർച്ചു തെളിച്ചപ്പോഴാണ് കൃഷിയിടത്തിലൂടെ കടുവ നീങ്ങുന്നത് കണ്ടത്. തമ്പിയുടെ മകൻ റിച്ചു കടുവയുടെ ചിത്രവുമെടുത്തു. വിവരമറിഞ്ഞ് റേഞ്ച് ഓഫിസർ കെ.പി.അബ്ദുൽസമദിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
പാടിച്ചിറയിൽ കാട്ടുപന്നിയെ കൊന്നു ഭക്ഷിച്ച കടുവയാണോ സീതാമൗണ്ടിലെത്തിയതെന്നും സംശയമുണ്ട്. പാടിച്ചിറയിൽ കൂട് സ്ഥാപിച്ചിടത്തു നിന്ന് ഒന്നര കിലോമീറ്റർ അകലമേ ഇവിടേക്കുള്ളൂ. പാടിച്ചിറയിൽ ഞായറാഴ്ചയാണ് കൂട് സ്ഥാപിച്ചത്.
സീതാമൗണ്ട് കുന്നിൽ പല തോട്ടങ്ങളും കാടുമൂടിക്കിടക്കുകയാണ്. ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ നിന്നു മിക്കവാറും ഈ റൂട്ടിൽ കടുവയെത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. വെട്ടിക്കൽ കവല ഭാഗത്തും വനപാലകർ തിരച്ചിൽ നടത്തി.