ADVERTISEMENT

ജൂൺ 15നുള്ള സർവകലാശാലാ അസിസ്റ്റന്റ് പരീക്ഷയ്ക്ക് ഇനി കൃത്യം ഒരു മാസം. കടുത്ത മത്സരമുള്ള പരീക്ഷയ്ക്കു തയാറെടുക്കുന്നവർ 6 ലക്ഷത്തിലേറെ. അവസാന 30 ദിവസത്തെ ഒരുക്കങ്ങൾ എങ്ങനെ ആയിരിക്കണം. 51 പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഇടം നേടിയ മൻസൂർ അലി കാപ്പുങ്ങൽ പറയുന്നു.

റിവിഷൻ, പരിശീലനം
മാസങ്ങളായി പരീക്ഷയ്ക്കു തയാറെടുക്കുന്നവർ ഫൈനൽ ലാപ്പിൽ പഠനരീതിയിൽ മാറ്റം വരുത്തണം. പഠിച്ച കാര്യങ്ങൾ റിവൈസ് ചെയ്യുക എന്നതാണ് ഇനി പ്രധാനം. പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിച്ച് സമയം ഒരുപാട് കളയേണ്ടതില്ല.

ഇന്ത്യ, കേരളം, ഭരണഘടന, മലയാളം, ഇംഗ്ലിഷ്, സയൻസ്, ആനുകാലിക വിവരങ്ങൾ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, മെന്റൽ എബിലിറ്റി, ഐടി ആൻഡ് സൈബർ ലോ എന്നിങ്ങനെ 10 മേഖലകളാണു സിലബസിലുള്ളത്.

ഈ 10 വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തി പിഎസ്‍സി ഇതുവരെ 22 പരീക്ഷകൾ നടത്തിയിട്ടുണ്ട്. ഇവയുടെ ചോദ്യക്കടലാസുകൾ പിഎസ്‍സി വെബ്സൈറ്റിലുണ്ട്. ‌ഓരോന്നിലെയും ചോദ്യങ്ങളും ഉത്തരങ്ങളും അനുബന്ധവിവരങ്ങളും പഠിച്ചുവയ്ക്കുക.

അവസാന ലാപ്പിൽ  ഓർക്കാൻ
ഇന്ത്യ, കേരളം, ഭരണഘടന എന്നീ വിഷയങ്ങൾ ഇപ്പോഴേ പഠിച്ചുവച്ചാലും ഓർമയിലുണ്ടാകും. എന്നാൽ കണക്ക്, സയൻസ്, മെന്റൽ എബിലിറ്റി എന്നിവ അവസാന ദിവസങ്ങളിൽ നോക്കിയില്ലെങ്കിൽ ഉത്തരമെഴുതാൻ കഴിയില്ല. മലയാളം, ഇംഗ്ലിഷ്, ഐടി എന്നീ വിഷയങ്ങളും പരീക്ഷയോടു ചേർന്ന ദിവസങ്ങളിൽ പഠിച്ചാൽ മതി.

ഇന്ത്യയെക്കുറിച്ചുള്ള വിവരങ്ങളിൽ ഇന്ത്യൻ ഭൂമിശാസ്ത്രം, ദേശീയ പ്രസ്ഥാനം എന്നിവയ്ക്കു പ്രാധാന്യം നൽകണം . കേരള വിവരങ്ങളിൽ കേരള നവോത്ഥാനത്തിനും അടിസ്ഥാന വിവരങ്ങൾക്കും ഊന്നൽ നൽകാം.

ഒരു കണക്കിന് രണ്ടു ശ്രമം
കടുത്ത മത്സരമുള്ള പരീക്ഷകളിൽ ഉദ്യോഗാർഥികളുടെ സമയം പരമാവധി കളയാൻ പിഎസ്‍സി ചില വിദ്യകൾ പ്രയോഗിക്കാറുണ്ട്. ഒന്നോ രണ്ടോ ചോദ്യത്തിന് ഓപ്ഷനിൽ മനഃപൂർവം ശരിയുത്തരം നൽകില്ല. കണക്കു ചെയ്തപ്പോൾ തെറ്റിയതാണെന്നു കരുതി ഉദ്യോഗാർഥികൾ വീണ്ടും ചെയ്തു നോക്കുന്നതോടെ സമയം പോകും. രണ്ടാം ശ്രമത്തിലും ഉത്തരം കിട്ടുന്നില്ലെങ്കിൽ അടുത്ത ചോദ്യത്തിലേക്കു പോകുക.

ശ്രദ്ധ വേണം ഭാഷയിൽ
മലയാളം മാതൃഭാഷയാണെങ്കിലും പിഎസ്‍സി പരീക്ഷയിൽ ഉത്തരങ്ങൾ തെറ്റിക്കുന്നവരാണ് ഏറെയും. ബിരുദ തല പരീക്ഷകളിൽ പദസമ്പത്തിനാണു (വൊക്കാബുലറി) പ്രാധാന്യം.

അതേസമയം ഇംഗ്ലിഷിൽ വൊക്കാബുലറിക്കും ഗ്രാമറിനും തുല്യമാർക്കിനാണ്. ഒരുമാസം കൊണ്ട് ഇംഗ്ലിഷിൽ പുലിയാകാൻ കഴിയില്ലെങ്കിലും സമ്പർക്കം വിട്ടുപോകാതെ ശ്രദ്ധിക്കുക. ‍

എളുപ്പം ഐടി
പരീക്ഷയിൽ ഏറ്റവും ചെറുതും മാർക്ക് സ്കോർ ചെയ്യാൻ എളുപ്പവുമുള്ള മേഖലയാണു കംപ്യൂട്ടർ സയൻസ്. കംപ്യൂട്ടർ ജനറേഷനുകൾ, ഇൻപുട്ട്–ഔട്ട്പുട്ട് ഉപകരണങ്ങൾ, സേർച് എൻജിൻ, സമൂഹമാധ്യമങ്ങൾ, പ്രധാന കണ്ടുപിടിത്തങ്ങളും അവയ്ക്കു പിന്നിലുള്ള വ്യക്തികളും, ഐടി ആൻഡ് സൈബർ ലോ, സൈബർ ക്രൈം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ ക്യാപ്സ്യൂളുകളായി പഠിച്ചുവച്ചാൽ മതി.

ജികെ മാർച്ച് വരെ
ആനുകാലിക വിവരങ്ങൾ പരീക്ഷയ്ക്കു മൂന്നു മാസം മുൻപു വരെയുള്ളതു പഠിച്ചാൽ മതി. 2018 ജനുവരി മുതൽ 2019 മാർച്ച് 31 വരെയുള്ള ആനുകാലിക വിവരങ്ങൾ കൃത്യമായി പഠിച്ചിരിക്കണം.

തലേ ദിവസം ഇങ്ങനെ
ദേശീയ, സംസ്ഥാന തലങ്ങളിലെ പ്രധാന പദവികൾ (കേന്ദ്ര മന്ത്രിസഭ വേണമെന്നില്ല), പ്രധാന ഗവേഷണ കേന്ദ്രങ്ങൾ, ദേശീയ, സംസ്ഥാന തലങ്ങളിലെ പ്രധാന പദ്ധതികൾ എന്നിവ പഠിക്കാം. സാമൂഹികനീതി വകുപ്പിന്റെ പദ്ധതികൾ, വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ, കുടുംബശ്രീ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.

നെഗറ്റിവ് മാർക്കിൽ തട്ടിവീഴരുത്
ഓരോ മാർക്കും നിർണായകം. നെഗറ്റീവ് മാർക്ക് വീഴാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. ചോദ്യം വായിച്ചാലുടൻ ചാടിക്കയറി ഓപ്ഷൻ നൽകേണ്ട. ഉത്തരമാണെന്ന് ഒറ്റനോട്ടത്തിൽ തെറ്റിദ്ധരിക്കാവുന്ന ഓപ്ഷൻ ഒന്നാമതായി നൽകാറുണ്ട്. അതുകൊണ്ട് ചോദ്യം വായിച്ച് രണ്ടു സെക്കൻഡ് മനസ്സിൽ വിലയിരുത്തി ഉത്തരം കറുപ്പിക്കുക. 

പേന കൊണ്ട് ഉത്തരം കറുപ്പിക്കാൻ അധികം സമയം കളയരുത് എന്നതും ഓർമ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com