ADVERTISEMENT

ജോലിക്കാരായ അമ്മമാരെ സൂപ്പർമോം എന്നു വിശേഷിപ്പിക്കാറുണ്ട്. ഈ സൂപ്പർ എന്ന മേൽവിലാസം ചുമതലകളെല്ലാംഒരാളിൽ കെട്ടിവയ്ക്കാനുള്ള പാട്രിയാർക്കൽ തന്ത്രമാണെന്ന് ചിലർ പറയാറുണ്ടെങ്കിലും സൂപ്പർ മോം എന്നു മനസ്സുതൊട്ട് വിളിക്കേണ്ട ഒരു കൂട്ടരുണ്ട്  സിംഗിൾ മദേഴ്സ്. ജോലിയും സ്വകാര്യജീവിതവും കുഞ്ഞുങ്ങളുടെ പരിപാലനവുമെല്ലാം കൃത്യമായി ബാലൻസ് ചെയ്ത് ഒരു ട്രപ്പീസു കളിക്കാരിയുടെ വൈദഗ്ധ്യത്തോടെ ജീവിതത്തെ മുന്നോട്ടുകൊണ്ടു പോകുമ്പോൾ ചില അപ്രതീക്ഷിത അനുഭവങ്ങൾ വിരുന്നെത്താറുണ്ട്. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് മുൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥ സുധ സുരേഷ്.

ഓർമകളിൽ പോലും ഞെട്ടൽ ഉളവാക്കുന്ന, ശ്വാസം പോലും നിലപ്പിച്ചു കടന്നുപോയ ഒരു ഭൂതകാല അനുഭവത്തെ സുധ ഓർത്തെടുക്കുന്നതിങ്ങനെ:

ഞാൻ ജോലി ചെയ്തിരുന്ന ഓഫിസിനു തൊട്ടടുത്തുള്ള സ്കൂളിലാണ്  എന്റെ  അഞ്ചുവയസ്സുകാരിയായ മൂത്ത മകൾ പഠിച്ചിരുന്നത്. ഇളയമകന് ഒന്നരവയസ്സ്. ഒരു ദിവസം ഉച്ചയ്ക്ക് മകളെ പിസിഎം സ്കോളർഷിപ് എഴുതിക്കാൻ സ്കൂളിൽ കൊണ്ടു പോയി വിടണമായിരുന്നു. ഓഫിസിൽനിന്നു ലീവ് എടുത്ത് കുഞ്ഞുമകനെയും കൂട്ടി സ്കൂളിൽ പോയി. അന്ന് സ്കോളർഷിപ് പരീക്ഷ എഴുതാൻ വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകളെ സ്കൂളിലാക്കി. പരീക്ഷ കഴിയാൻ സമയമൊരുപാടു ബാക്കിയുണ്ട്. സ്കൂളിനു തൊട്ടടുത്ത് ഒരു നഴ്സറി സ്കൂളുണ്ട്. മകൾ പരീക്ഷയെഴുതിത്തീരും മുൻപ് മടങ്ങാമല്ലോ എന്നുകരുതി നഴ്സറി സ്കൂളിലെ ശുചിമുറി ഉപയോഗിച്ചു. മകനെ ശുചിമുറിയുടെ പുറത്തു നിർത്തി ശുചിമുറി ഉപയോഗിച്ച ശേഷം വാതിൽ തുറക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ എത്രയൊക്കെ നോക്കിയിട്ടും തുറക്കാൻ പറ്റുന്നില്ല. അപ്പോഴാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്. ഒന്നരവയസ്സുകാരൻ പണിപറ്റിച്ചു. ഞാൻ ശുചിമുറിയിൽ കയറിയ ഉടൻ കക്ഷി വാതിൽ വെളിയിൽനിന്നു പൂട്ടിക്കളഞ്ഞു.

work-experience-sudha-suresh
Representative Image. Photo Credit : Teerawat Anothaistaporn/ Shutterstock.com

അവധി ആയതിനാൽ നഴ്സറി സ്കൂളിൽ ആരുമുണ്ടായിരുന്നില്ല. പുറത്തിറങ്ങാൻ ഒരു വഴിയുമില്ല. എന്റെ ഉള്ളൊന്നു കാളി. കുഞ്ഞ് വെളിയിൽനിന്ന് ഉറക്കെ കരയുന്നു. അമ്മ അകത്തു പെട്ടുപോയി, വാതിൽ തുറക്ക് എന്നൊന്നും പറഞ്ഞാൽ മനസ്സിലാകാനുള്ള വകതിരിവ് കുഞ്ഞിനില്ലല്ലോ എന്ന സങ്കടം ഒരു വശത്ത്. ഏറെ ഉയരത്തിൽ ഒരു വെന്റിലേഷൻ മാത്രമുള്ള ശുചിമുറിയിൽനിന്ന് എങ്ങനെ പുറത്തു കടക്കും എന്ന ഭീതി മറുവശത്ത്. എന്തുചെയ്യുമെന്ന് എത്തുംപിടിയും കിട്ടാതെ ഞാൻ ഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞുകൊണ്ട് ശുചിമുറിക്കുള്ളിൽ ഓടി നടന്നു.

എന്നെക്കാണാതെ പുറത്തു നിൽക്കുന്ന കു‍ഞ്ഞ് എങ്ങോട്ടെങ്കിലും ഓടിപ്പോകുമോ?, പരീക്ഷ കഴിഞ്ഞിറങ്ങുന്ന മകൾ ഞങ്ങളെ കാണാതെ ആധിപിടിച്ച് കരയില്ലേ എന്നൊക്കെയോർത്തപ്പോൾ എങ്ങനെയും പെട്ടെന്നു ശുചിമുറിക്കു പുറത്തെത്തണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു. ഒരു വിധത്തിൽ പൊങ്ങിച്ചാടി വെന്റിലേഷന്റെ കമ്പിയിൽ പിടുത്തം കിട്ടിയപ്പോൾ അതിൽ തൂങ്ങിക്കിടന്ന് വിടവിലൂടെ കൈ പുറത്തേക്കിട്ട് സഹായത്തിനായി ഉറക്കെ വിളിച്ചു കരഞ്ഞു. ദൈവം പറഞ്ഞയച്ചതുപോലെ കുറച്ചു കുട്ടികൾ അതുവഴി നടന്നുവരുകയും എന്റെ കരച്ചിൽ കേട്ട അവർ ഓഫിസിൽ പോയി കാര്യം അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ ഓഫിസ് സ്റ്റാഫെത്തി വാതിൽ തുറന്നു തന്നു. അവരോട് നന്ദിപറഞ്ഞ് ഞാനെന്റെ മകനെ തിരഞ്ഞു.

work-experience-sudha-suresh-002
Representative Image. Photo Credit : Sarah2 / Shutterstock.com

എന്നെ കാണാതെ പേടിച്ച കുഞ്ഞ് കരഞ്ഞു തളർന്ന് ശുചിമുറിക്കു മുന്നിൽ കിടക്കുന്നു. ഭയന്നുപോയ അവൻ ഇട്ടിരുന്ന വസ്ത്രത്തിനുള്ളിൽ മലമൂത്രവിസർജനം നടത്തിയിരുന്നു. അവന്റെ അവസ്ഥ കണ്ട് എനിക്ക് സങ്കടമടക്കാനായില്ല. അവനെ വാരിയെടുത്തപ്പോഴാണ് എന്റെ കൈയിൽനിന്നു ചോരയൊഴുകുന്നത് ശ്രദ്ധിച്ചത്. എങ്ങനെയും പുറത്തിറങ്ങാനുള്ള തത്രപ്പാടിൽ വെന്റിലേഷനുള്ളിലൂടെ കൈകടത്തിയ എന്റെ ഒരു കൈയിലെ തൊലിമുഴുവൻ അടർന്ന് ചോരവാർന്നതാണെന്ന് അപ്പോഴാണ് മനസ്സിലായത്. എന്റെയും മകന്റെയും അവസ്ഥകണ്ട സ്കൂൾ അധികൃതർ ഞങ്ങളെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി പ്രഥമ ശുശ്രൂഷ നൽകി. എന്റെ കൈയിലെ മുറിവൊക്കെ ഉണങ്ങി പൂർവസ്ഥിതിയിലാകാൻ ഒരുമാസത്തോളമെടുത്തതിനാൽ അത്രയും കാലം ലീവെടുക്കേണ്ടി വന്നു.

കാലം കുറേ കടന്നു. റിട്ടയർമെന്റ് കാലം ആസ്വദിക്കുന്ന ഈ സമയത്തും അന്നത്തെ അനുഭവം ഞെട്ടലോെടയും ഭയത്തോടെയും മാത്രമേ എനിക്ക് ഓർത്തെടുക്കാനാവുന്നുള്ളൂ. ഈശ്വരന്റെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രമാണ് എനിക്ക് അന്ന് അത്രയും ഉയരത്തിൽ ചാടി വെന്റിലേഷനിൽ പിടിക്കാനായതും ഞാൻ പുറത്തിറങ്ങാൻ വൈകിയപ്പോൾ പോലും എന്നെ തിരഞ്ഞ് എന്റെ മോൻ ആ പരിസരം വിട്ട് വെളിയിലേക്ക് ഇറങ്ങിപ്പോകാതിരുന്നതും.

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

 

Content Summary : Career Work Experience Series - Sudha Suresh Memoir

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com