ഫയർമാനിൽ നിന്ന് ഐഎഎസ് ഓഫിസർ: 6 വർഷം; ‘വേണ്ടത് വിഷയത്തിലെ അറിവല്ല, പ്രായോഗികത’
Mail This Article
എത്ര ആലോചിച്ചെടുക്കുന്ന തീരുമാനവും ചിലപ്പോൾ തെറ്റിപ്പോകാം. പെട്ടെന്നെടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തെ അടിമുടി മാറ്റിക്കളയുകയും ചെയ്യാം. അങ്ങനെ നോക്കുമ്പോൾ, നിറയെ ട്വിസ്റ്റുകളുള്ള ഒരു സസ്പെൻസ് ത്രില്ലർ പോലെയാണ് ആശിഷ് ദാസ് ഐഎഎസിന്റെ ജീവിതം. തെറ്റിപ്പോയ തീരുമാനങ്ങളിൽനിന്നു തിരിച്ചു നടക്കാൻ ചങ്കൂറ്റം കാട്ടിയപ്പോൾ അദ്ദേഹം സഫലമാക്കിയത് ആരും സ്വപ്നം കാണുന്ന സിവിൽ സർവീസ് എന്ന മോഹമാണ്. കൊല്ലം മുഖത്തല സ്വദേശിയായ ആശിഷ്, മുഖത്തല സെന്റ് ജൂഡ് സ്കൂളിലാണു പത്താം ക്ലാസ് വരെ പഠിച്ചത്. പ്ലസ്ടു കാഞ്ഞിരകോട് സെന്റ് ആന്റണീസ് സ്കൂളിൽ. 2009 ൽ ബെംഗളൂരുവിൽനിന്നാണ് ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പാസായത്. ആ ജോലി ഇണങ്ങുന്നതല്ലെന്നു തിരിച്ചറിഞ്ഞ് പിഎസ്‌സി പരീക്ഷയെഴുതി 2012ൽ അഗ്നിരക്ഷാ സേനയിൽ ജോലിക്കു കയറി. ആ ജോലിയിലിരിക്കെ ആരും കൊതിക്കുന്ന സിവിൽ സർവീസ് പരീക്ഷയെഴുതി. അഞ്ചാംതവണ 291–ാം റാങ്കോടെ ഐഎഎസ് സ്വന്തമാക്കി. പശ്ചാത്തലം ഏതുമായിക്കൊള്ളട്ടെ, കൃത്യമായ ലക്ഷ്യബോധവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ ഏതു വലിയ ലക്ഷ്യവും കൈപ്പിടിയിലൊതുക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്ന ആശിഷ് ദാസ് ഇപ്പോൾ മണിപ്പുർ കേഡറിൽ സബ് കലക്ടറാണ്. സിവിൽ സർവീസ് എന്ന വലിയ ലക്ഷ്യത്തിലേക്കു യാത്ര ചെയ്യുന്നവരോടും നിലവിലെ ജോലിയിൽ തൃപ്തിയില്ലാതെ കരിയർ മാറ്റം ആഗ്രഹിക്കുന്നവരോടും ആശിഷ് ദാസ് ഐഎഎസിന് പറയാനുള്ളതിതാണ്.