ADVERTISEMENT

പത്തുവര്‍ഷം മുന്‍പ്, പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഗുരു-ശിഷ്യ കൂട്ടായ്മയില്‍ ഉടലെടുത്ത ചില 'ഭ്രാന്തന്‍ ചിന്തകളുടെ' ഫലമായിരുന്നു അന്റോണിയന്‍ ക്ലബ്ബും പൂഞ്ഞാര്‍ ബ്ലോഗും. കുട്ടികളുടെ വ്യക്തിത്വ വികസനവും സാമൂഹ്യസേവനവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കിയാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍ അന്റോണിയന്‍ ക്ലബ്ബിന് രൂപം നല്‍കിയത്. സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തപ്പോള്‍, ഐ.ടിയിലും ജേര്‍ണലിസത്തിലുമുള്ള താത്പ്പര്യംമൂലമാണ്,കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്രദമായ വിവരങ്ങള്‍ പങ്കുവക്കുന്ന ഒരു ബ്ലോഗ് തുടങ്ങാന്‍ തീരുമാനിച്ചത്.

പത്രപ്രവത്തനത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കുവാനും കുട്ടികളുടെ കഴിവുകളും അഭിരുചികളും കണ്ടെത്തി വികസിപ്പിക്കുവാനും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍ നിന്നും 2007-ല്‍, 'അന്റോണിയന്‍' എന്ന പേരില്‍ ഒരു സ്കൂള്‍ പത്രം പുറത്തിറക്കിയിരുന്നു. വര്‍ഷത്തില്‍ ഒന്നു മാത്രമുള്ള ഈ പത്രം 2008-ലും പ്രസിധീകരിച്ചു. 2009-ല്‍ കുട്ടികള്‍ കണ്ടെത്തുന്ന നാടിന്റെ വാര്‍ത്തകള്‍കൂടി പ്രസിദ്ധീകരിക്കുന്ന ഒരു ത്രൈമാസ പത്രമായി അന്റോണിയന്‍ മാറി. 2010-ല്‍ അന്റോണിയന്‍ പത്രം ബ്ലോഗായി പരിണമിച്ചു.

'പൂഞ്ഞാര്‍ ന്യൂസ് ' എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ പൂഞ്ഞാര്‍ ബ്ലോഗ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. യു.പി, ഹൈസ്കൂള്‍ ക്ലാസുകളിലായി പഠിക്കുന്ന അറുപതോളം മിടുക്കരാണ് ഈ ന്യൂസ് ബ്ലോഗിനു പിന്നില്‍ അണിനിരന്നത്. പ്രധാനമായും സ്കൂള്‍ വാര്‍ത്തകളും അധ്യാപക-വിദ്യാര്‍ഥി-രക്ഷാകര്‍ത്തൃ സമൂഹത്തിന് ഉപകാരപ്രദമായ അറിവുകളുമാണ് ബ്ലോഗിലൂടെ നല്‍കിയിരുന്നത്. കുട്ടികള്‍, തങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ അടിസ്ഥാനമാക്കി പല ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുകയും പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ എന്ന നിലയില്‍ തങ്ങളുടെ പ്രദേശത്തെ നന്മ നിറഞ്ഞ വാര്‍ത്തകള്‍, ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരുടെയും പി.ടി.എ. അംഗങ്ങളുടെയും സഹായത്തോടെ കണ്ടെത്തുകയും ചെയ്തു.

വാർത്തകൾ തയാറാക്കുന്നതിലും എഡിറ്റിങ്ങിലും ലും കുട്ടികള്‍ക്ക് പ്രത്യേകപരിശീലനവും നല്‍കി. സ്കൂളില്‍ എത്തുന്ന വാര്‍ത്തകള്‍ അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് പ്രസിധീകരണയോഗ്യമാക്കുന്നു. എല്ലാ ദിവസവും സ്കൂള്‍ സമയത്തിനുശേഷവും അവധി ദിവസങ്ങളിലുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. 

പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ്, സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ സ്കൂള്‍ കലാമേളകള്‍ നടത്തുവാന്‍ തുടങ്ങിയ അതേവര്‍ഷംതന്നെ, ഈരാറ്റുപേട്ട ഉപജില്ലാ റിസല്‍ട്ടുകള്‍ ഓണ്‍ലൈനില്‍ നല്‍കിക്കൊണ്ട് പൂഞ്ഞാര്‍ ബ്ലോഗ് ശ്രദ്ധേയമായി. അന്നുതൊട്ട് ഇന്നുവരെ, ഉപജില്ലയിലെ എല്ലാ സ്കൂള്‍ മേളകളുടെയും റിസല്‍ട്ടുകള്‍ ഓണ്‍ലൈനില്‍ അറിയുവാന്‍ ഉപജില്ലയിലെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പൂഞ്ഞാര്‍ ബ്ലോഗ് ഉപയോഗപ്പെടുത്തുന്നു. ഇടയ്ക്ക്, ബ്ലോഗിനു ഫെയ്സ് ബുക്ക് പേജും ആരംഭിച്ചു.

ഇതൊക്കെയാണെങ്കിലും, ചില പോസ്റ്റുകളുടെ വ്യൂവേഴ്സിന്റെ എണ്ണം കാണുമ്പോള്‍ നിരാശതോന്നും. ഇന്റര്‍നെറ്റ് സേവനങ്ങളുമായി ജിയോ എത്തുന്നതിനു മുന്‍പുള്ള കാലമായതിനാല്‍, അന്ന് ഓണ്‍ലൈനില്‍ സജീവമായവര്‍ കുറവായിരുന്നു എന്നതാണ് പ്രധാന കാരണം. ബിസിനസോ പരസ്യലാഭങ്ങളോ ഒന്നും ലക്ഷ്യമായിരുന്നില്ല എന്നതിനാല്‍ കൂടുതല്‍ പബ്ലിസിറ്റിക്ക് ശ്രമിച്ചുമില്ല. ഹൈസ്കൂളിലേക്ക് പ്രമോഷന്‍ വന്നതോടെ സമയവും വില്ലനായി. ഔദ്യോഗിക സ്കൂള്‍ സമയത്തിനു മുന്‍പും ശേഷവും, കൂടാതെ ശനിയാഴ്ച്ചകളിലുമൊക്കെ പത്താം ക്ലാസിന് സ്പെഷ്യല്‍ ക്ലാസുകള്‍, അതും കുട്ടികളുടെ ഭികര വിഷയമായ 'കണക്ക് ' കൈകാര്യം ചെയ്യേണ്ടി വന്നതോടെ, സമയക്കുറവുമൂലം പല പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളും നിര്‍ത്തേണ്ടി വന്നു. 

ബ്ലോഗ് ഏതാണ്ട് നിര്‍ജ്ജീവ അവസ്ഥയിലായപ്പോള്‍, പ്രവര്‍ത്തനം അവസാനിപ്പിച്ചാലോ എന്നായി ആലോചന. പത്തുവര്‍ഷത്തോളം, ദിവസവും അനേക മണിക്കൂറുകള്‍ ചെലവഴിച്ച് വളര്‍ത്തിക്കൊണ്ടുവന്ന പ്രസ്ഥാനം ഇല്ലാതാകുന്ന സങ്കടം മറുവശത്ത്. ബ്ലോഗ് പേജുകള്‍ എല്ലാം ഡിലിറ്റ് ചെയ്തു. ബ്ലോഗ് ഡിലിറ്റാക്കുന്നതിനു മുന്‍പ്, ഫെയ്സ്ബുക്ക് പേജ് ഡിലിറ്റ് ചെയ്യാന്‍ നോക്കിയപ്പോള്‍, ഇന്‍ബോക്സില്‍ അരമണിക്കൂര്‍ മുന്‍പ് ഒരു മെസേജ് വന്നിരിക്കുന്നു. ഒരു തൃശൂര്‍ക്കാരനാണ്. റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ആളെ തൃശൂരിലുള്ള ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നു. പൂഞ്ഞാറുകാരന്‍ എന്ന സംശയത്താല്‍ നെറ്റില്‍ പൂഞ്ഞാര്‍ എന്നു സേര്‍ച്ച് ചെയ്തപ്പോള്‍ പൂഞ്ഞാര്‍ ബ്ലോഗിന്റെ ഫേസ് ബുക്ക് പേജാണ് പെട്ടെന്ന് ലഭിച്ചത്. 

അതിലേക്ക് ആളുടെ ഫോട്ടോ സഹിതം വിവരങ്ങള്‍ അയച്ചിരിക്കുന്നു. കണ്ടതേ ആളേ മനസിലായി. സ്കൂളിലെ കുട്ടിയുടെ രക്ഷിതാവാണ്. പെട്ടെന്ന് വിവരങ്ങള്‍ കൈമാറി. രാത്രിതന്നെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും തൃശൂരെത്തി ആളെ ഏറ്റെടുക്കാന്‍ സാധിച്ചു. ഇപ്പോഴും ചികിത്സ തുടരുന്നു.

പൂഞ്ഞാര്‍ ബ്ലോഗിനും പുതുജീവന്‍ പകര്‍ന്ന സംഭവമായിരുന്നു ഇത്. സാമൂഹ്യ സേവനത്തിനായി ആരംഭിച്ച ബ്ലോഗ് ഞങ്ങളുടെ സ്കൂളിലെ രക്ഷിതാവിനുതന്നെ താങ്ങായിരിക്കുന്നു. ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാനുള്ള ചിന്ത ഒരു നിമിഷംകൊണ്ട് ഉപേക്ഷിച്ചു. എല്ലാ ദിവസവും അപ്ഡേഷനുകള്‍ നടത്തുന്നില്ലെങ്കിലും, കുട്ടികളുടെ ടീം രൂപീകരിക്കാനും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്രദമായ അറിവുകള്‍ പങ്കുവയ്ക്കുന്ന ഒരിടമായി ബ്ലോഗിനെ നിലനിര്‍ത്താനും തീരുമാനമായി.

Antonian News എന്ന പേരില്‍ കുട്ടികളുടെ യു-ട്യൂബ് ചാനലും ഇതോടനുബന്ധിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് 19 പകര്‍ച്ചവ്യാധിക്കെതിരെയുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ശേഖരിച്ച് ബ്ലോഗിലൂടെ നല്‍കിക്കൊണ്ടിരിക്കുന്നു. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍നിന്നും പൂഞ്ഞാര്‍ പിഎച്ച്സി.യില്‍നിന്നുമുള്ള അറിയിപ്പുകള്‍ അതാത് സമയങ്ങളില്‍ ഓണ്‍ലൈന്‍ ചെയ്യുന്നു. കൂടാതെ, ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ വീട്ടിലിരുന്ന് പുതിയ ആശയങ്ങള്‍ കണ്ടെത്തി യു-ട്യൂബ് ചാനലിലൂടെ അവതരിപ്പിച്ചു തുടങ്ങിക്കഴിഞ്ഞു. അതെ.. ഞങ്ങളുടെ ഭ്രാന്തന്‍ ചിന്തകള്‍ക്ക് വീണ്ടും ചിറകുമുളയ്ക്കുകയാണ്..

പൂഞ്ഞാര്‍ ബ്ലോഗിന്റെ വിലാസം : www.poonjarblog.blogspot.com

ബ്ലോഗിന്റെ ഫേസ് ബുക്ക് പേജ് : www.facebook.com/poonjarblog

യു-ട്യൂബ് ചാനല്‍ : www.youtube.com/channel/UCts18mQXt1stldhqPRkADGg

ടോണി തോമസ് പുതിയാപറമ്പില്‍

അധ്യാപക കോ-ഓര്‍ഡിനേറ്റര്‍

സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പൂഞ്ഞാര്‍.

ഫോൺ- 9895871371

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com