പ്ലസ് വൺ പ്രവേശനം: 7 ജില്ലകളില്‍ സീറ്റ് വർധന

Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വണ്ണിന് 10% അധിക മാർജിനൽ സീറ്റുകൾ കൂടി അനുവദിക്കാൻ നീക്കം. നിലവിൽ അനുവദിച്ച 20% മാർജിനൽ സീറ്റിനു പുറമേയാണിത്. അധിക മാർജിനൽ സീറ്റ് വേണ്ട അടിസ്ഥാന സൗകര്യമുള്ള എയ്ഡഡ് സ്കൂളുകൾ നാളെ മുതൽ 24ന് വൈകിട്ട് 4 വരെ ഏകജാലക സംവിധാനത്തിലൂട അപേക്ഷിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ നിർദേശിക്കുന്നു. ഇതോടെ ഈ സ്കൂളുകളിലും 30% മാർജിനൽ സീറ്റുകളാകും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എയ്ഡഡ് സ്കൂളുകൾക്കാണ് ബാധകം. ഈ ജില്ലകളിലെ സർക്കാർ സ്കൂളുകൾക്ക് 30% മാർജിനൽ സീറ്റുകൾ നേരത്തെ അനുവദിച്ചിരുന്നു. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെയും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെയും എല്ലാ സ്കൂളുകളിലും 20% മാർജിനൽ സീറ്റും അനുവദിച്ചു.
3,09,033
പ്ലസ് വൺ പ്രവേശനത്തിന് ഇന്നലെ വൈകിട്ട് 5 വരെ ലഭിച്ചത് 3,09,033 അപേക്ഷകൾ. മലപ്പുറം(47431), പാലക്കാട്(30680), കോഴിക്കോട്(27853) ജില്ലകളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചത്.