ADVERTISEMENT

യുനെസ്കോ പൈതൃക പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള മധ്യപ്രദേശിലെ ഭിംബേധ്ക ഗുഹകളിൽ സന്ദർശനം നടത്തിയ ഗവേഷകർ അബദ്ധത്തിൽ കണ്ടെടുത്തത് അപൂർവമായ ജീവി ഫോസിൽ. അതിപുരാതന ജീവിയായ ഡിക്കിൻസോന്യ എന്ന ജീവിയുടെ ഫോസിലാണ് കണ്ടെത്തിയത്. 57 കോടി വർഷങ്ങൾ മുൻപു ജീവിച്ചിരുന്നതാണ് ഈ ജീവി ലോകത്തിലെ ഏറ്റവും ആദ്യത്തെ മൃഗമെന്നു പേരുള്ളതാണ്. ഇന്ത്യയിൽ കണ്ടെടുത്ത ഫോസിലുകളിൽ ഏറ്റവും പഴക്കമുള്ളതാണ് ഭിംബേധ്കയിൽ കണ്ടെടുത്തത്.ആദ്യമായാണ് ഡിക്കിൻസോന്യയുടെ ഫോസിൽ ഇന്ത്യയിൽ കണ്ടെത്തുന്നത്. 

ഭിംബേധ്ക ഇന്ത്യയിലെ അതിപുരാതനമായ സ്ഥലങ്ങളിൽ ഒന്നാണ്.പ്രാചീനമായ ഗുഹാചിത്രങ്ങളും മറ്റു കലാനിർമിതികളും ഇവിടെയുണ്ട്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നുള്ള രണ്ട് ശാസ്ത്രജ്ഞർ ഭിംബേധ്കയിൽ നടക്കാനിരിക്കുന്ന ഒരു കോൺഫറൻസിന്റെ ഭാഗമായി ഇവിടം സന്ദർശിച്ചപ്പോഴാണ് പാറക്കെട്ടുകളിൽ പറ്റിപ്പിടിച്ചിരുന്ന പരന്ന ഇല പോലെയുള്ള ഫോസിൽ കണ്ടത്. ആദ്യം ഗുഹകളിലെ ചിത്രങ്ങളിൽ ഒന്നായിരിക്കുമെന്ന് കരുതിയ ഇവർ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് ഡിക്കിൻസോന്യയുടെ ഫോസിലാകാമെന്നു സംശയം തോന്നിയത്. തുടർന്ന് കൂടുതൽ ചിത്രങ്ങളെടുക്കുകയും ത്രിമാന പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു. 

Discovered in Bhimbetka, India’s lone fossil of world’s oldest animal

∙ ഡിക്കിൻസോന്യ 

ഭൂമിയിൽ അറിയാവുന്നതിൽ ഏറ്റവും പഴക്കമുള്ള ജീവിയെന്നു ഖ്യാതിയുള്ള ഡിക്കിൻസോന്യയെക്കുറിച്ചുള്ള വിവരങ്ങൾ വരെ പരിമിതമാണ്. പരന്ന വലിയ ഒരു ചപ്പാത്തി പോലെ രൂപമുള്ള ഇവയ്ക്ക് നാലടി വരെ വ്യാസമുണ്ടാകും. എന്നാൽ മധ്യപ്രദേശിൽ കണ്ടെത്തിയതിനു 17 ഇഞ്ചാണ് വലുപ്പം. ഓസ്ട്രേലിയ, റഷ്യ, യുക്രൈയ്ൻ തുടങ്ങിയ രാജ്യങ്ങളിൽ മാത്രമാണ് ഡിക്കിൻസോന്യയെ നേരത്തെ കണ്ടെത്തിയിട്ടുള്ളത്. കടലിലും കരയിലും ഇവ ജീവിച്ചിരുന്നെന്നാണു പൊതുവെയുള്ള അനുമാനം. ഫംഗസ്, പ്രോട്ടോസോവ തുടങ്ങിയവയുടെ വകഭേദമാണ് ഇവയെന്നും വാദമുണ്ടെങ്കിലും മൃഗങ്ങളാണെന്നു തന്നെയാണ് പല ശാസ്ത്രജ്ഞരും പറയുന്നത്. ഏകകോശജീവികളിൽ നിന്ന് ഇന്നത്തെ നിലയിലുള്ള വൈവിധ്യത്തിലേക്കുള്ള മൃഗവംശത്തിന്റെ വളർച്ചയിൽ ഇവ നിർണായകമായ ഒരു കണ്ണിയായിരിക്കാമെന്നും കരുതപ്പെടുന്നു. 

1947ൽ ഓസ്ട്രേലിയയിലാണ് ഇവയുടെ ആദ്യ ഫോസിൽ കണ്ടെത്തിയത്. തുടർന്ന് ഇവയെ പറ്റിയുള്ള പഠനം ഊർജിതപ്പെട്ടു. ആദ്യകാലത്ത് മൃഗങ്ങളായി ഇവയെ ആരും കണക്കാക്കിയിരുന്നില്ല. എന്നാൽ കുറച്ചു വർഷങ്ങൾക്കു മുൻപ് ഇവയുടെ ഫോസിലുകൾ രാസപഠനത്തിനു വിധേയമാക്കുകയും ഇവയുടെ ശരീരത്തിൽ മൃഗക്കൊഴുപ്പിൽ കാണുന്ന വസ്തുക്കൾ ധാരാളമടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് ഇവയെ മൃഗങ്ങളായി പരിഗണിച്ചു തുടങ്ങിയത്. സൂക്ഷ്മജീവികളായിരിക്കാം ഇവയുടെ ആഹാരം. അന്നത്തെ കാലത്ത് മറ്റ് ജീവികളോ ശത്രുക്കളോ ഇല്ലാത്തതിനാൽ ഇവയെ ആരും പിടിക്കുകയോ കൊല്ലുകയോ ചെയ്തിട്ടില്ല.

Discovered in Bhimbetka, India’s lone fossil of world’s oldest animal
Image Credit: ImagesofIndia/Shutterstock

∙ഭിംബേധ്ക ഗുഹകൾ 

മധ്യപ്രദേശിലെ പ്രശസ്തമായ ചരിത്രസ്ഥലമാണ് ഭിംബേതക.മഹാഭാരതത്തിൽ പാണ്ഡവരിലെ രണ്ടാമനായ ഭീമനു വനവാസകാലത്ത് അഭയം കൊടുത്ത സ്ഥലം എന്ന നിലയിലാണു ഭിംബേധ്ക എന്ന പേര് ഗുഹകൾക്ക് വന്നത്. രണ്ടു ലക്ഷം വർഷത്തിലേറെയായി മനുഷ്യവാസം ഇവിടെയുണ്ടായിരുന്നെന്നാണു കരുതപ്പെടുന്നത്. മധ്യപ്രദേശ് തലസ്ഥാനം ഭോപാലിൽ നിന്ന് 57 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഭിംബേധ്ക വീണ്ടും കണ്ടെത്തപ്പെട്ടത് 1957ലാണ്. 

ചരിത്രഗവേഷകനായ ഡോ.വി.എസ് വാകൻകർ വളരെ ആകസ്മികമായാണ് ഭിംബേധ്ക കണ്ടെത്തിയത്. വിന്ധ്യ പർവതമേഖലയിൽ നിലകൊള്ളുന്ന ഭിംബേധ്കയിലെ 760 ഗുഹകളിൽ 500 എണ്ണത്തിലും കമനീയമായ ഗുഹാചിത്രങ്ങളുണ്ട്.ശിലായുഗകാലത്തു വരച്ചതെന്നു കരുതപ്പെടുന്ന ഇവയിൽ വിവിധ മൃഗങ്ങൾ, മുതൽ യുദ്ധങ്ങളുടെയും വേട്ടയുടെയും വരെ ചിത്രങ്ങൾ ഉൾപ്പെടുന്നു.

English Summary: Discovered in Bhimbetka, India’s lone fossil of world’s oldest animal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com