ഉറക്കം പോലും പറക്കുന്നതിനിടയിൽ; ചിത്താരിയിൽ വിരുന്നെത്തിയത് കറുത്ത കടലാള
Mail This Article
കേരളത്തിൽ അപൂർവമായെത്തുന്ന കടൽപക്ഷിയായ കറുത്ത കടലാള (സോട്ടി ടേൺ)യെ കാസർകോട് ചിത്താരി കടപ്പുറത്തു കണ്ടെത്തി. പക്ഷികളെക്കുറിച്ചുള്ള ശാസ്ത്രീയ നിരീക്ഷങ്ങൾ രേഖപ്പെടുത്തുന്ന ഇ–ബേഡ് ആപ്പിലെ വിവരങ്ങൾ പ്രകാരം കാസർകോട് ജില്ലയിൽ രണ്ടാമതു മാത്രമാണ് ഈ പക്ഷിയെ കണ്ടെത്തുന്നത്. ലാരിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന കടൽ പക്ഷിയാണിത്. പ്രധാനമായും ഉഷ്ണ മേഖലാ സമുദ്രങ്ങളിൽ കാണപ്പെടുന്നു. പനത്തടി സ്വദേശി അനൂപ് കെ.മോഹനനാണു പക്ഷിയെ കണ്ടെത്തിയത്.
2019ൽ പനയാലിൽ ഇതേ പക്ഷിയെ കണ്ടെത്തിയിരുന്നു. എന്നാൽ പരുക്കേറ്റ് അവശ നിലയിലായിരുന്ന ഇതിനെ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ചിത്താരി അഴിമുഖത്തിനു വടക്കു ഭാഗത്താണ് കഴിഞ്ഞ ദിവസം വൈകിട്ട് കറുത്ത കടലാളയെ കണ്ടത്. ഇവ തീരത്ത് അപൂർവമായേ എത്താറുള്ളു. ശരാശരി 30 വർഷമാണ് ഇവയുടെ ആയുസ്. തുടർച്ചയായി ഏറെ സമയം പറക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഉറക്കം പോലും പറക്കലിനിടെയാണ്. തലച്ചോറിന്റെ ഒരു ഭാഗത്തിനു വിശ്രമം കൊടുത്താണ് ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ഇത്തരത്തിലുള്ള ഉറക്കം സാധ്യമാകുന്നത്.
ജനവാസം കുറഞ്ഞ ദ്വീപുകളിലെ പാറക്കെട്ടുകളാണ് പ്രജനന കാലത്ത് മുട്ടയിടാൻ തിരഞ്ഞെടുക്കുക. പൂർണ വളർച്ചയെത്തുമ്പോൾ ശരീരത്തിന്റെ മുകൾ ഭാഗത്തു കറുപ്പും ശരീരത്തിനടിയിലും തലയിലും വെളുപ്പ് നിറവുമാണ്. എന്നാൽ ഇവയുടെ കുഞ്ഞിന് കൂടുതൽ ഇരുണ്ട നിറമാണ്. കടലിന്റെ ഉപരിതലത്തിലെ മത്സ്യങ്ങളാണ് പ്രധാന ആഹാരം. ചിറകുകൾ നനയുമെന്നതിനാൽ ഇവ മുങ്ങി മീൻ പിടിക്കാറില്ല. 200 ഗ്രാമാണു ശരാശരി ഭാരം. ഈ വർഷം ജൂലൈ മാസത്തിൽ മലപ്പുറം മഞ്ചേരിയിൽ ഈ പക്ഷിയെ കണ്ടെത്തിയിരുന്നു.
English Summary: Sighting of the Sooty Tern near Kasaragod