ന്യൂയോർക്കിൽ കടും ചുവപ്പ് നിറത്തിൽ സൂര്യൻ; വിചിത്ര പ്രതിഭാസത്തിനു പിന്നിൽ?
Mail This Article
ന്യൂയോർക്കിൽ കഴിഞ്ഞ തിങ്കളാഴ്ച വിചിത്രമായൊരു ആകാശക്കാഴ്ച ഉടലെടുത്തു. കടുംചുവപ്പ് നിറത്തിലാണ് അന്ന് നഗരത്തിലെ മാനത്ത് സൂര്യൻ ഉദിച്ചത്. ന്യൂയോർക്കിൽ മാത്രമല്ല, വടക്കൻ യുഎസ് മേഖലകളിലും തെക്കൻ കാനഡ പ്രദേശങ്ങളിലും ഇതേ വിചിത്രമായ ദൃശ്യമാണ് ആകാശത്ത് കണ്ടത്.
സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെ ശാസ്ത്രീയവും അല്ലാത്തതുമായ വിശദീകരണങ്ങൾ ഇതിനു നൽകാൻ പലരും മുന്നോട്ടുവന്നു. ഒടുവിൽ വിലയിരുത്തലുകൾക്ക് ശേഷം ഈ വിചിത്ര പ്രതിഭാസത്തിന്റെ കാരണം ഗവേഷകർ വെളിപ്പെടുത്തി.
കാനഡയിലെ ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, സസ്‌കാച്ചവൻ എന്നീ പ്രവിശ്യകളിൽ സംഭവിച്ച കാട്ടുതീകളാണ് ഇതിനു വഴിവച്ചത്. നൂറുകണക്കിന് ഒറ്റപ്പെട്ട കാട്ടുതീകളാണ് ഈ മേഖലയിൽ കത്തിക്കൊണ്ടിരിക്കുന്നത്. 20 ലക്ഷം ഏക്കറിൽ കൂടുതൽ വനഭൂമി കാട്ടുതീയിൽ കത്തിനശിച്ചെന്നാണ് വിലയിരുത്തൽ. പതിനായിരക്കണക്കിന് ആളുകളെ വീടൊഴിപ്പിക്കുന്നതിനും ഇതു കാരണമായി.ഇത്തരത്തിൽ ശക്തമായി കത്തിക്കൊണ്ടിരിക്കുന്ന തീയിൽ നിന്നുള്ള പുകപടലങ്ങൾ ആകാശത്തു നിറയുകയും ഇവ കാറ്റിൽപെട്ട് രണ്ടായിരത്തിലധികം കിലോമീറ്റർ സഞ്ചരിച്ച് യുഎസിൽ എത്തുകയും ചെയ്തു. ഇവ ചെറിയ തരംഗദൈർഘ്യമുള്ള പ്രകാശരശ്മികളെ ചിതറിക്കുകയും ചുവപ്പ്, ഓറഞ്ച് തുടങ്ങിയ രശ്മികൾ ആകാശത്തു കൂടുതൽ മിഴിവോടെ കാണാൻ അവസരമൊരുക്കുകയും ചെയ്തു. ഇതാണ് ചുവന്ന നിറത്തിലുള്ള സൂര്യനു വഴിവച്ചത്.
പതിവിൽ നിന്നു വിപരീതമായി കടുത്തനിലയിൽ വരണ്ട വസന്തകാലവും തീവ്രമായ താപതരംഗങ്ങളുമാണ് കാനഡയിൽ ഇത്രയധികം കാട്ടുതീകൾക്ക് വഴിവച്ചതെന്നാണ് കരുതപ്പെടുന്നത്. മേഖലയ്ക്കടുത്തുള്ള യുഎസ് സംസ്ഥാനങ്ങളായ മൊണ്ടാന, കൊളറാഡോ തുടങ്ങിയിടങ്ങളിൽ ആളുകൾ വീടുകളിൽ തന്നെ കഴിയണമെന്നുള്ള നിർദേശവും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.ഈ വിഷയം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല വശങ്ങളെ അടയാളപ്പെടുത്തുന്ന സംഗതിയാണെന്നും ഉടനടി നടപടികൾ വേണമെന്നും ഗവേഷകരവും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെടുന്നുണ്ട്.
English Summary: Here's Why the Sun Rose Red Over NYC Monday