ADVERTISEMENT

ഭക്ഷണം മറ്റുള്ളവർ തട്ടിക്കൊണ്ടു പോകാതെ ഒളിപ്പിക്കുന്നവരുണ്ട്. മറ്റൊരാൾ തന്റെ ഭക്ഷണം എടുക്കാതിരിക്കാൻ അതിൽ തുപ്പി വയ്ക്കുന്നതു പോലെയുള്ള കോമഡി രംഗങ്ങൾ ചലച്ചിത്രങ്ങളിലും നമ്മൾ കണ്ടിട്ടുണ്ട്. ഇതിൽ നിന്നെല്ലാം ഒരു പടികൂടി കടന്ന്, ഭക്ഷണം മറ്റാർക്കും കിട്ടാതിരിക്കാൻ അതിൽ മൂത്രമൊഴിച്ചു വയ്ക്കുന്ന ഒരു കൂട്ടരുണ്ട് അങ്ങ് നമീബിയയിൽ. പുറത്ത് കറുത്ത രോമങ്ങളുള്ള ബ്ലാക്ക് ബാക്ക്ഡ് ജക്കാൾസ് എന്നറിയപ്പെടുന്ന കുറുനരികളാണ് ഈ കടന്ന കൈ പ്രയോഗിക്കുന്നത്. കുറുനരികളായതുകൊണ്ട് മാംസാഹാരത്തിനു വേണ്ടിയാണ് ഈ കരുതൽ എന്നു കരുതിയെങ്കിൽ തെറ്റി. നമീബിയൻ മരുഭൂമിയിൽ വളരുന്ന ഒരിനം തണ്ണിമത്തനു വേണ്ടിയാണ് ഈ പരാക്രമം.

നമീബിയയിലെ മരുഭൂമിയിൽ ഗവേഷണം നടത്തുന്ന സൈമ ഷിക്കേഷോ എന്ന ശാസ്ത്രജ്ഞയാണ് ബ്ലാക്ക് ബാക്ക്ഡ് കുറുനരികളുടെ ഈ വിചിത്ര സ്വഭാവം കണ്ടെത്തിയത്. നാര എന്നറിയപ്പെടുന്ന സസ്യത്തിൽ ഉണ്ടാവുന്ന മധുരമുള്ള തണ്ണിമത്തനാണ് ഈ കുറുനരികൾക്ക് ഏറെ പ്രിയം. അവയിൽ ഒന്ന് പാകമായ പരുവത്തിൽ കണ്ടെത്തിയാൽ അത് തന്റേതാണെന്ന ആധിപത്യം സ്ഥാപിക്കാനായി കുറുനരികൾ അതിനു മുകളിൽ മൂത്രം ഒഴിച്ചു വയ്ക്കും. തണ്ണിമത്തൻകണ്ട് ഭക്ഷിക്കാൻ എത്തുന്ന മറ്റു മൃഗങ്ങൾ അതിനരികിൽ എത്തുന്നതോടെ ഗന്ധം തിരിച്ചറിഞ്ഞ് പിന്മാറും.

(Photo: X/@TonyJohnstone56)
(Photo: X/@TonyJohnstone56)

നമ്മുടെ നാട്ടിൽ കണ്ടുവരുന്ന തണ്ണിമത്തനുകൾ പോലെ, വലുപ്പത്തിൽ ഉരുണ്ട ആകൃതിയിലുള്ളവയാണ് ഈ തണ്ണിമത്തനുകളും. പുറന്തോടിൽ നിറയെ മുള്ളുകൾ ഉണ്ടെന്നതു മാത്രമാണ് വ്യത്യാസം. മരുഭൂമിയിലെ മൃഗങ്ങളെ നിരീക്ഷിക്കാൻ പല ഇടങ്ങളിലായി സ്ഥാപിച്ച ക്യാമറ ട്രാപ്പുകൾ പരിശോധിക്കുന്നതിനിടെയാണ് കുറുനരികളുടെ ഈ വിചിത്ര സ്വഭാവം സൈമയുടെ ശ്രദ്ധയിൽ പെട്ടത്. പഴുത്തു തുടങ്ങിയ തണ്ണിമത്തന്റെ ഗന്ധം മറ്റു മൃഗങ്ങൾ തിരിച്ചറിയാതിരിക്കാനാണ് ഈ സൂത്രവിദ്യ. എന്നാൽ ഇഷ്ട ഭക്ഷണം സൂക്ഷിക്കുക എന്നതിലുപരി മരുഭൂമിയിലെ ചില ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ പ്രാധാന്യത്തിലേക്കു കൂടി ഈ വിചിത്ര സ്വഭാവം വെളിച്ചം വീശുന്നുണ്ട്. 

(Photo: Clint Ralph /x)
(Photo: Clint Ralph /x)

Read Also: ഒറ്റവേരിൽ നിന്ന് അരലക്ഷം മരങ്ങൾ; പടർന്നുകിടക്കുന്നത് 106 ഏക്കറിൽ!

മാൻ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഓറിക്സ്, കന്നുകാലികൾ, കഴുതകൾ എന്നിങ്ങനെ മറ്റു ചില മൃഗങ്ങളുടെയും ഇഷ്ടപ്പെട്ട ഭക്ഷണമാണ് ഈ തണ്ണിമത്തനുകൾ. എന്നാൽ അവ പഴം അപ്പാടെ ചവച്ചരച്ച് ഭക്ഷിക്കുകയാണ് ചെയ്യുന്നത്. ശക്തമായ പരന്ന അണപ്പല്ലുകൾ ഉള്ളതു മൂലം തണ്ണിമത്തന്റെ കുരുവും ഇത്തരത്തിൽ അവ ചവച്ചരയ്ക്കും. എന്നാൽ കുറുനരികൾ ഇത് ഭക്ഷിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. അവയുടെ അണപ്പല്ലുകൾ തണ്ണിമത്തന്റെ കുരു ചവച്ചരയ്ക്കാൻ പര്യാപ്തമല്ല. അതിനാൽ കുരു അതേ രൂപത്തിൽ തന്നെ കുറുനരികളുടെ വയറ്റിൽ എത്തും. പിന്നീട് വിസർജ്യത്തിനൊപ്പം അവ പുറത്തുവരികയും ചെയ്യും.

ഇത് ഉറപ്പുവരുത്താനായി കുറുനരികളുടെ വിസർജ്യങ്ങളും സൈമ പരിശോധിച്ചിരുന്നു. യാതൊരു കോട്ടവും സംഭവിക്കാത്ത 200 തണ്ണിമത്തൻ കുരുക്കളാണ് അവയിൽനിന്നു കണ്ടെടുക്കാനായത്. അതായത്, ഈ പ്രക്രിയ നാര സസ്യം മരുഭൂമിയുടെ പല ഭാഗങ്ങളിലായി വളർന്നുവരുന്നതിന് സഹായിക്കുന്നു. പഴുത്ത തണ്ണിമത്തനിൽനിന്നു നേരിട്ട് കൊഴിഞ്ഞു വീഴുന്ന കുരുക്കളെക്കാൾ കുറുനരികളുടെ വിസർജ്യത്തിൽനിന്നു പുറത്തുവരുന്ന കുരുക്കൾക്കാണ് മുളയ്ക്കാനുള്ള സാധ്യത കൂടുതലൊന്നും കണ്ടെത്തിയിട്ടുണ്ട്.

കുറുനരി (Photo: X/@priyaranjannath)
കുറുനരി (Photo: X/@priyaranjannath)

കുറുനരികളും നാര സസ്യങ്ങളും തമ്മിലുള്ള ഈ അപൂർവ ബന്ധം നമീബിയൻ മരുഭൂമിയിലെ ആവാസവ്യവസ്ഥയിൽത്തന്നെ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. കഠിനമായ കാലാവസ്ഥയുള്ള നമീബിയൻ മരുഭൂമിയിൽ ജീവിക്കുന്ന വിവിധതരം മൃഗങ്ങൾക്കും മനുഷ്യർക്കും ഭക്ഷണത്തിനുള്ള മാർഗം ഇതിലൂടെ ഒരുങ്ങുന്നു. പ്രകൃതിയിലെ ഓരോന്നും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നത് കണ്ടെത്താൻ ഇനിയും മനുഷ്യർ ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുമെന്ന സൂചനയാണ് ഈ പഠനം നൽകുന്നത്. ജേണൽ ഓഫ് സുവോളജിയിലാണ് പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

English Summary:

Jackals may urinate on their favourite fruit to deter thieves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com