ചെറുമീനുകളെ പിടിക്കാൻ വലയിട്ടു; നദിയിൽ നിന്ന് കിട്ടിയത് 125 കിലോയുള്ള ഭീമൻ മത്സ്യം
Mail This Article
തോട്ടിലും പുഴയിലും വലയിട്ട് മീൻ പിടിക്കുന്നത് പതിവ് കാഴ്ചയാണ്. ചെറുമീനുകളെയാണ് സാധാരണ ലഭിക്കാറുള്ളത്. എന്നാൽ ബിഹാറിലെ രണ്ട് സുഹൃത്തുക്കൾക്ക് ലഭിച്ചത് 125 കിലോയുള്ള ഒരു മീന്‍! മധുബൻ ജഞ്ജർപുരിലുള്ള നദിയിൽ നിന്നാണ് ഹരികിഷോർ സാഹ്നി, സുധൻ സാഹ്നി എന്നീ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ഭീമൻ മത്സ്യത്തെ ലഭിച്ചത്.
നദിയുടെ അസാധാരണ ഒഴുക്ക് കണ്ടപ്പോൾ വലിയ മീൻ ഉണ്ടെന്ന് ഇരുവർക്കും മനസ്സിലായി. വലയിട്ടശേഷം സഹായത്തിനായി സമീപത്തുണ്ടായിരുന്ന ബോട്ടുകാരെ കൂടി കൂട്ടി. വല കരയിലേക്ക് കയറ്റിയപ്പോഴാണ് കുടുങ്ങിയത് തങ്ങൾ ചിന്തിച്ചതിനേക്കാൾ വലിയ മത്സ്യമാണെന്ന് മനസ്സിലായത്. പിന്നീട് ഇതിനെ തൂക്കി നോക്കിയപ്പോഴാണ് 125 കിലോയോളം ഭാരമുണ്ടെന്ന് വ്യക്തമായത്. ആദ്യം മീനിനെ കണ്ടപ്പോൾ ഭയന്നതായി ഹരികിഷോറും സുധനും പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ സുധന്റെ വീട്ടിലെ ബാത്ത് ടബ്ബിലാണ് മത്സ്യത്തെ സൂക്ഷിച്ചിരിക്കുന്നത്. ലേലത്തിൽ വച്ച് മീൻ വിൽപന നടത്താനാണ് ഇരുവരുടെയും തീരുമാനം. ഇത് ഏതിനം മത്സ്യമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.