മഡഗാസ്കറിലെ വിചിത്രമരം; 40 പേർക്കുവരെ താമസിക്കാം: വിത്ത് വഹിക്കുന്നത് എലികൾ!
Mail This Article
ആഫ്രിക്കൻ ദ്വീപായ മഡഗാസ്കറിലും ആഫ്രിക്കൻ വൻകരയിലും ഓസ്ട്രേലിയയിലുമൊക്കെ കാണപ്പെടുന്ന മരമാണ് ബോബാബ്. ജീവന്റെ മരമെന്നും തലകുത്തിനിൽക്കുന്ന മരങ്ങളെന്നുമൊക്കെ ഇവ അറിയപ്പെടുന്നു. മഡഗാസ്കറിലെ മരങ്ങളാണ് ഏറ്റവും പ്രശസ്തം. മഡഗാസ്കറിലെ മോറെൻഡാവ നഗരത്തിനു സമീപം അവന്യു ഓഫ് ബോബാബ്സ് എന്ന പേരിൽ ബോബാബ് മരങ്ങൾ വഴിയരികിൽ നിൽപ്പുണ്ട്. എന്നാൽ ഈ മരങ്ങൾ ഇന്ന് വംശനാശഭീഷണി നേരിടുന്ന അവസ്ഥയിലാണ്. ഇതിനൊരു കാരണമുണ്ട്. ഇവയുടെ കട്ടിയേറിയ പഴങ്ങളിൽ നിന്നുള്ള വിത്തുകൾ ചവച്ചുതുപ്പിയിരുന്ന വലിയ മൃഗങ്ങൾ കാലക്രമേണ മഡഗാസ്കറിൽ നിന്ന് അപ്രത്യക്ഷമായതാണ് ഇത്.
എന്നാൽ ഇവയുടെ വിത്തുവിതരണം സംബന്ധിച്ച് ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനത്തിൽ മറ്റൊരു കാര്യം ശ്രദ്ധയിൽപ്പെട്ടു. ബോബാബ് മരങ്ങളുടെ വിത്തുകൾ ഇന്നും വിതരണം ചെയ്യപ്പെടുന്നുണ്ട്. ഒരുകൂട്ടം എലികളാണ് ഇതിനു കാരണം. ബോബാബ് പഴങ്ങൾ താഴെ വീഴുമ്പോൾ പുറന്തോട് പൊട്ടിച്ചിതറും. തുടർന്ന് എലികൾ ഇവ തുരന്ന് വിത്തുകൾ എടുക്കും. ഈ വിത്തുകളിൽ ചിലത് എലികൾ ഉപേക്ഷിക്കുകയോ മണ്ണിൽ കുഴിച്ചുവച്ച ശേഷം മറക്കുകയോ ചെയ്യുമത്രേ. ഇത്തരത്തിൽ ഇവയുടെ വിത്തുകൾ ദൂരേക്ക് വ്യാപിക്കപ്പെടും.
ആയിരക്കണക്കിന് വർഷങ്ങൾ ജീവിക്കുന്ന മരമാണ് ബോബാബ്. വരണ്ടനാളുകൾക്കായി ധാരാളം വെള്ളം തടിക്കുള്ളിൽ ശേഖരിക്കുന്നത് ഈ മരത്തിന്റെ പ്രത്യേകതയാണ്. ഈ മരങ്ങളിൽ നിന്നുള്ള ഇലകളും പഴങ്ങളും ആഹാരമാക്കാറുണ്ട്. പഴങ്ങളിലെ കുരുക്കൾ എണ്ണയുൽപാദനത്തിനും ഉപയോഗിക്കും. 20 മുതൽ 100 അടി വരെ ഉയരം വയ്ക്കുന്ന മരങ്ങളാണ് ഇവ. സിംബാബ്‌വെയിലുള്ള ഉള്ളുപൊള്ളയായ ഒരു ബോബാബ് മരത്തിൽ 40 പേർക്ക് താമസിക്കാമത്രേ. ആഫ്രിക്കയിൽ വീടായും താമസകേന്ദ്രമായും മറ്റുമൊക്കെ ബോബാബ് റോളുകൾ വഹിച്ചിട്ടുണ്ട്.
ബോബാബ് മരങ്ങളിൽ 8 സ്പീഷീസുകളുണ്ട്. ഇതിൽ ആറെണ്ണം മഡഗാസ്കറിലാണു കാണപ്പെടുന്നത്. ഒരെണ്ണം ഓസ്ട്രേലിയയിലും ഒരെണ്ണം ആഫ്രിക്കയിലും. ഇന്നു ലോകത്ത് പലയിടങ്ങളിലും ബോബാബ് കൊണ്ടുപോയി വളർത്തിയിട്ടുണ്ട്. അപൂർവങ്ങളിൽ അത്യപൂർവങ്ങളായ സസ്യ-ജീവി വർഗങ്ങളും സീലക്കാന്ത് തുടങ്ങിയ ലിവിങ് ഫോസിൽ ഗണത്തിലെ അപൂർവ മത്സ്യങ്ങളും അധിവസിക്കുന്ന മഡഗാസ്‌കർ ലോകപരിസ്ഥിതി ഭൂപടത്തിന്റെ തിലകമാണ്. ജൈവവൈവിധ്യം മൂലം എട്ടാമത്തെ ഭൂഖണ്ഡമെന്നുപോലും പ്രതീകാത്മകമായി ദ്വീപ് വിശേഷിപ്പിക്കപ്പെടാറുണ്ട്.