ADVERTISEMENT

ലോകത്തിലെ അപകടകാരിയായ വിഷപ്പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. ഈ രാജവെമ്പാലയെ വെറും കൈകൊണ്ട് പിടികൂടുന്ന പാമ്പു വിടുത്ത വിദഗ്ധന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒഡിഷയിലെ ഉപേക്ഷിക്കപ്പെട്ട ഒരു വീടിനുള്ളിലാണ് പാമ്പ് പതുങ്ങിയിരുന്നത്. പാമ്പുപിടുത്ത വിദഗ്ധനായ മുരളിവാലെ ഹോസ്‌ലയാണ് മുറിക്കുള്ളിൽ പതുങ്ങിയിരുന്ന കൂറ്റൻ രാജവെമ്പാനലയെ പിടികൂടിയത്. ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് പാമ്പ് ഭിത്തിയിലെ വിടവിനുള്ളിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്.

 

പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇത് പല തവണ പാമ്പുപിടുത്തക്കാരനെ കൊത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഓരോ തവണയും വഴുതിമാറിയാണ് മുരളിവാലെ പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ഇത്രയും വലിയ രരാജവെമ്പാലയെ പിടികൂടുന്നത് ഇതാദ്യമാണെന്ന് മുരളിവാലെ ഹോസ്‌ല വ്യക്തമാക്കി. പിടികൂടിയ പാമ്പിനെ പിന്നീട് സുരക്ഷിതമായി വനപ്രദേശത്ത് തുറന്നുവിട്ടു.

 

20 വർഷം വരെയാണു രാജവെമ്പാലകളുടെ ശരാശരി ആയുസ്സ്. പ്രായപൂർത്തിയായ പാമ്പിന് 18 മുതൽ 20 കിലോ വരെ ഭാരമുണ്ടാകും. ഇതിനനുസരിച്ചു വിഷസഞ്ചിയും വലുതായിരിക്കും. ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന മൂർഖനും ശംഖുവരയനും പോലുള്ള പാമ്പുകളെ അപേക്ഷിച്ചു രാജവെമ്പാല വിഷത്തിന്റെ തീവ്രത കുറവാണ്. എന്നാൽ, മൂർഖൻ പാമ്പ് കടിച്ചാൽ 0.25 മില്ലിഗ്രാം വിഷം ശരീരത്തിൽ കയറുന്ന സ്ഥാനത്ത് രാജവെമ്പാലയുടെ ഒറ്റക്കടിയിൽ 5 മുതൽ 7 മില്ലിഗ്രാം വരെ വിഷം ശരീരത്തിലെത്തും. 20 പേരെ കൊല്ലാനുള്ള ശക്തിയുണ്ട് ഈ അളവ് വിഷത്തിന്. ഇതാണു രാജവെമ്പാലയെ കൂടുതൽ അപകടകാരിയാക്കുന്നത്.

 

അതേസമയം, കടിക്കുമ്പോൾ മനഃപൂർവം വിഷം കയറ്റാതിരിക്കാനുള്ള കഴിവും (ഡ്രൈ ബൈറ്റ്) കുറച്ചു വിഷം മാത്രം കുത്തിവയ്ക്കാനുള്ള കഴിവും മറ്റു വിഷപ്പാമ്പുകളെപ്പോലെ രാജവെമ്പാലയ്ക്കുമുണ്ട്. രാജവെമ്പാലയുടെ കടിയേറ്റവരിൽ 40% പേരുടെ ശരീരത്ത് വിഷം കയറുന്നില്ലെന്നാണു കണക്ക്. ഇരയെ ദഹിപ്പിക്കാനാണു സാധാരണ വിഷം കുത്തിവയ്ക്കുന്നത്. തികച്ചും ശാന്ത സ്വഭാവമുള്ള രാജവെമ്പാല പൊതുവേ മനുഷ്യരെ ആക്രമിക്കാറില്ല. താൻ അപകടത്തിലാണെന്നു പാമ്പിനു തോന്നിയാൽ മാത്രമേ സാധാരണ ഗതിയിൽ ഉപദ്രവിക്കൂ. അതേസമയം, മുട്ടയിട്ട് അടയിരിക്കുന്ന സമയത്ത് രാജവെമ്പാലയുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലം പാമ്പിന് അങ്ങേയറ്റം രൗദ്രസ്വഭാവമായിരിക്കും. ഈ സമയത്ത് പരിസരത്തെത്തുന്ന എന്തിനെയും ആക്രമിക്കും.

 

p>ഉൾവനത്തിലും തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിലുമാണു പൊതുവേ രാജവെമ്പാലകളുടെ വാസം. മനുഷ്യരുമായി സമ്പർക്കം തീരെക്കുറവ്. എന്നാൽ, സമീപകാലത്ത് ജനവാസ കേന്ദ്രങ്ങളിൽ കൂടുതലായി കാണപ്പെടുന്നുണ്ട്. മറ്റു പാമ്പുകളും ഉടുമ്പുമാണു പ്രധാന ഭക്ഷണം. തരംകിട്ടിയാൽ മറ്റു രാജവെമ്പാലകളെയും ഭക്ഷണമാക്കും. ഭക്ഷണലഭ്യത കുറയുന്നതാണ് ഇവ നാട്ടിലിറങ്ങാൻ പ്രധാന കാരണമെന്നു വിലയിരുത്തപ്പെടുന്നു.

 

English Summary: Man narrowly escapes while catching the ‘longest’ King Cobra of his career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com