ജീപ്പ് റാംഗ്ലറിന്റെ കോപ്പിയടി, മഹീന്ദ്ര റോക്സർ വിൽപന നിരോധിച്ച് യുഎസ് ട്രേഡ് കമ്മിഷൻ
Mail This Article
യുഎസ് വിപണിയിൽ റോക്സർ വിൽക്കുന്നതിനെതിരെ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ (എഫ്സിഎ) നൽകിയ കേസിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എംആൻഡ്എം)യ്ക്ക് തിരിച്ചടി. ജീപ്പ് റാംഗ്ലറിന്റെ രൂപകൽപനയെ മഹീന്ദ്ര യുഎസ് വിപണിക്കായി വികസിപ്പിച്ച എസ്‌യുവി റോക്സർ അനുകരിക്കുന്നെന്ന് ആരോപിച്ചായിരുന്നു പരാതി. ഈ പരാതി അംഗീകരിച്ചുകൊണ്ടാണ് ഐടിസി റോക്സറിന്റെ വിൽപന യുഎസിൽ നിരോധിച്ചത്. എന്നാൽ പബ്ലിക് പോളിസിയുടെ അടിസ്ഥാനത്തിൽ നിരോധനത്തെ നീക്കം ചെയ്യാൻ പ്രസിഡന്റിന് അധികാരമുണ്ടെന്നും ഐടിസി അറിയിച്ചു. യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷനാണ് പരാതി പരിഗണിച്ചത്.
കേസിന് ആധാരമായ റോക്സറിന്റെ പുതിയ മോഡൽ കഴിഞ്ഞ ജനുവരിയിൽ വിപണിയിലെത്തിയെന്നും മിലിറ്ററി ശൈലിയിലൂള്ള ഓപ്പൺ ടോപ്പ്, ബോക്സ് ടൈപ്പ് വാഹനങ്ങളുടെ ഇറക്കുമതിയിലും വിൽപനയിലും ഫീയറ്റ് കുത്തക സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് എന്നാണ് മഹീന്ദ്ര പറയുന്നത്.
ഇന്ത്യൻ വിപണിയിലെ ഥാർ അടിസ്ഥാനമാക്കി യുഎസിനു വേണ്ടി മഹീന്ദ്ര വികസിപ്പിച്ച എസ്യുവിയാണ് റോക്സർ. റോഡിൽ ഓടിക്കാൻ അനുമതിയില്ലാത്ത സൈഡ് ബൈ സൈഡ് ക്യാറ്റഗറിയിലാണ് മഹീന്ദ്ര റോക്സറിന് വിൽക്കുന്നത്. ഇന്ത്യയിൽ നിന്നു കിറ്റ് ഇറക്കുമതി ചെയ്ത് മഹീന്ദ്ര ഓട്ടമോട്ടീവ് നോർത്ത് അമേരിക്കയാണു റോക്സർ അസംബ്ൾ ചെയ്യുന്നത്.
English Summary: Mahindra Roxor imports blocked in the US