എന്‍റെ ‘25 ലക്ഷ’ത്തിന്റെ ക്വാളിസ്; എത്ര കിട്ടിയാലും കൊടുക്കാനില്ല; വിഡിയോ
Mail This Article
ഗണേഷ്കുമാറിന്‍റെ വലിയ ഇഷ്ടങ്ങളിലൊന്ന്. നമ്മുടെ റോഡുകളില്‍ നിന്ന് പതിയെ എണ്ണം കുറയുമ്പോഴും ഗണേഷ് വിടാതെ കൂടെ ചേര്‍ക്കുന്ന ആ നീല ക്വാളിസ്. കഴിഞ്ഞ 20 വർഷമായി താൻ ഉപേയോഗിക്കുന്ന ടൊയോട്ട ക്വാളിസ് കാറിനെ പറ്റിയും തന്റെ വാഹന വിശേഷങ്ങളും നടനും പത്തനാപുരം എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാർ പങ്കുവയ്ക്കുന്നു.
മണിയൻ പിള്ളയുടേത് കണ്ട് വാങ്ങി
2001ൽ പത്താനാപുരത്ത് മൽസരിക്കാൻ തീരുമാനിക്കും മുൻപാണ് ഈ ക്വാളിസ് സ്വന്തമാക്കുന്നത്. നടനും അടുത്ത സുഹൃത്തുമായ മണിയൻ പിള്ള രാജു ആ കാലത്ത് വാങ്ങിയ ക്വാളിസ് കണ്ടിട്ടാണ് ഞാൻ വാങ്ങാൻ തീരുമാനിച്ചത്. രൂപഭംഗിയേക്കാൾ അതിലെ യാത്രാസുഖമാണ് വണ്ടിയിലേക്ക് ആകർഷിച്ചത്. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പത്തനാപുരത്ത് എത്തിയപ്പോൾ എതിരാളികൾ പ്രചരിപ്പിച്ചത് 25 ലക്ഷത്തിന്റെ വാഹനമാണന്നാണ്. അന്ന് 6-7 ലക്ഷം മുടക്കിയാണ് ഇത് വാങ്ങുന്നത്. ആ കാലഘട്ടത്തിൽ പത്തനാപുരത്ത് ഈ വണ്ടി പലസ്ഥലങ്ങളിലും എത്തില്ലായിരുന്നു. അങ്ങനെ അച്ഛന്റെ ജീപ്പിലായിരുന്നു ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം. ഇന്ന് ഈ വണ്ടി പത്തനാപുരത്തിന്റെ ഏതുവഴിയിലും എത്തും.
എംഎൽഎ ബോർഡ് വേണ്ട
എന്നെ പോലെ പത്തനാപുരത്തുകാർക്ക് ഈ വണ്ടിയും സുപരിചിതമാണ്. ഒരു കുഞ്ഞിന് പോലും ഈ വണ്ടി കണ്ടാൽ തിരിച്ചറിയാം. ഇതിൽ ഇരുന്നാൽ എല്ലാവർക്കും എന്നെ കാണാനും എനിക്ക് അവരോട് സംസാരിക്കാനും എളുപ്പമാണ്. ഒരിക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അടുത്തുള്ള വീട്ടിൽ ഞാൻ എത്തി. വാഹനത്തിൽ ബോർഡ് വച്ചിരുന്നില്ല. അന്ന് എതിർ വിഭാഗത്തിന്റെ ആവശ്യം എംഎൽഎയുടെ കാർ ഇവിടെ നിന്നും മാറ്റണമെന്നായിരുന്നു. ഈ വണ്ടി കണ്ടാൽ ആളുകൾ എംഎൽഎ ഇവിടെ ഉണ്ടെന്ന് മനസിലാക്കി അദ്ദേഹത്തിന്റെ പാനലിന് അനുകൂലമായി വോട്ട് ചെയ്യാൻ സാധ്യത ഉണ്ടെന്ന് എതിർ വിഭാഗം പൊലീസിൽ പരാതി നൽകി.
4 തിരഞ്ഞെടുപ്പിലും സഹയാത്രികൻ
കഴിഞ്ഞ 4 തവണ പത്തനാപുരത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഒപ്പം ഈ നീല ക്വാളിസും ഉണ്ടായിരുന്നു. സന്തോഷത്തിലും, ദുഖത്തിലും ഒപ്പമുണ്ടായിരുന്ന ഈ വാഹനം എത്ര രൂപ തരാമെന്ന് പറഞ്ഞാലും കൊടുക്കാനില്ല.
ഈ 'ചെറുപ്പത്തിന്റെ' രഹസ്യം
വണ്ടികളെ ജീവനുള്ള വസ്തുവിനെ പോലെയാണ് പരിഗണിക്കുന്നത്. മനുഷ്യന് കുഴിയിൽ വീഴുമ്പോൾ വേദനിക്കുന്ന പോലെ വാഹനങ്ങൾക്കും വേദനിക്കും. അത് കൊണ്ട് തന്നെ വാഹനങ്ങള്‍ മോശമായി ഉപയോഗിക്കാറില്ല. വണ്ടി വാങ്ങിയപ്പോൾ ഉള്ള അതേ പെയിന്റ് തന്നെയാണ് ഇപ്പോഴും ഉള്ളത്. കൃത്യമായി സർവീസ് ചെയ്യുന്നത് കൊണ്ട് ഇതുവരെ വലിയ പണികൾ ഒന്നും വന്നിട്ടില്ല.
86,000 കി.മീ ഓടിയ ടയറുകൾ
വാഹനം നന്നായി ഉപേയോഗിക്കുന്നതിന്റെ ഉദാഹരണമാണ് എന്റെ ടൊയോട്ട ഫോര്‍ച്യുണര്‍ കാറിന്റെ ടയർ 86,000 കി.മീ കഴിഞ്ഞും ഉപയോഗിക്കാൻ കഴിയുന്നത്. ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ഇത് ആദ്യമായിട്ടാകും. ടയർ ഉണ്ടാക്കിയ കമ്പനിക്ക് പോലും വിശ്വാസിക്കാന്‍ പ്രയാസമാകും ഇത്. ഇനിയും 4000 കിലോ മീറ്റർ ഓടാൻ അതിന് കഴിയും.
ചില ശാപം കിട്ടിയ വണ്ടികൾ
കോടികൾ ചിലവാക്കി വണ്ടി വാങ്ങിയാലും ഉപയോഗിക്കുന്നയാൾ ശരിയല്ലെങ്കിൽ വാഹനത്തിന് ഗതികേടായിരിക്കും. ചില വണ്ടികൾ കണ്ടാൽ ശാപം കിട്ടിയതാണന്ന് തോന്നും. മലയാളത്തിലെ ഒരു നടന്റെ വാഹനം കണ്ട് ഞാന്‍ ദുഖിച്ചു. ഈ വണ്ടി കണ്ട പലരും പറഞ്ഞത് ജാതക ദോഷമുള്ള വണ്ടിയാണിതെന്നാണ്. ചിലർ സ്കൂട്ടർ ഓടിക്കുന്നത് ആക്സിലേറ്റർ മുഴുവന്‍ നൽകിയാണ്. കണ്ടാൽ തോന്നും ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന്.
ആന്റണി പറയും, ലാലേട്ടൻ വാങ്ങും
സിനിമയിൽ വാഹനങ്ങളോട് ഭ്രമമുള്ളത് മമ്മൂക്കയ്ക്കാണ്. അദ്ദേഹത്തിന്റെ ഡ്രൈവറാണ് ഏറ്റവും ഭാഗ്യം ചെയ്തത്. വണ്ടി തിരിച്ചിടുക, കഴുകുക തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ജോലി. വാഹനങ്ങളെ പറ്റി നല്ല അറിവും നല്ല വണ്ടികൾ വാങ്ങുകയും ചെയ്യുന്നയാളാണ് മമ്മുക്ക. ലാലേട്ടൻ നല്ല വണ്ടി എതാണന്ന് ചോദിക്കും. അപ്പോൾ ആന്റണി പറയും ഇത് കൊള്ളാമെന്ന്. എന്നാൽ അത് ഒരണ്ണം വാങ്ങാമെന്ന് പറയും. ലാലേട്ടനും നന്നായി വാഹനമോടിക്കും. മുകേഷ് നന്നായി വാഹനങ്ങള്‍ കൊണ്ട് നടക്കും. മണിയൻപിള്ള രാജു എല്ലാം മനസിലാക്കി വാഹനം വാങ്ങുന്നയാളാണ്.
സ്നേഹത്തോടെ ഓടിച്ച് നടക്കുന്ന മാത്യു.ടി തോമസ്
രാഷ്ട്രീയത്തിൽ വാഹനങ്ങളോട് ഏറ്റവും ഇഷ്ടം അച്ഛന് തന്നെയാകും. അദ്ദേഹത്തിന് എല്ലാ കാലത്തും വണ്ടികൾ ഉണ്ടാകും. വര്‍ഷാവർഷം ഫിയറ്റും അംബാസിഡറും മാറി മാറി വാങ്ങും. ഒരു വർഷമേ ഒരു വണ്ടി ഉപയോഗിക്കാറുള്ളു. പിന്നെ സ്നേഹത്തോടെ വാഹനം ഓടിച്ച് നടക്കുന്ന ഒരാളെ കണ്ടത് തിരുവല്ല എംഎൽഎ മാത്യു.ടി.തോമസിനെയാണ്. വണ്ടിക്കളെ കുറിച്ച് അദ്ദേഹം സംസാരിക്കാറുണ്ട്. അദ്ദേഹം തനിയെ ഓടിച്ച് തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരും. അദ്ദേഹത്തിന് അത് ഇഷ്ടമാണ്.
പിരിമുറുക്കും കൂട്ടുന്ന ഡ്രൈവിങ്
പണ്ട് വാഹനമോടിച്ച് കഴിയുമ്പോള്‍ മന്സിലെ പിരിമുറുക്കം കുറയുമായിരുന്നു. ഇന്ന് നേർ വിപരീത അനുഭവമാണ്. അത് കൊണ്ട് തന്നെ ഡ്രൈവിങ് കൂടുതലും രാത്രിയിലാക്കി.
English Summary: K B Ganesh Kumar About His Toyota Qualis