ADVERTISEMENT

ടാറ്റ മോട്ടോഴ്സിന്റെ ചെറു ഹാച്ച്ബാക്കായ ‘ടിയാഗൊ എൻ ആർ ജി’ നേപ്പാളിലും വിൽപ്പനയ്ക്കെത്തി. പങ്കാളിയായ സിപ്രാഡി ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് നേപ്പാൾ വിപണിയിൽ അവതരിപ്പിച്ച കാറിന് 33.75 ലക്ഷം നേപ്പാളി രൂപ(ഏകദേശം 21.14 ലക്ഷം ഇന്ത്യൻ രൂപ) മുതലാണു വില. ഗ്ലോബൽ എൻ സി എ പി സുരക്ഷാ പരിശോധനയിൽ മുതിർന്നവർക്കു നാലു നക്ഷത്ര റേറ്റിങ് നേടിയ കാർ ഫോറസ്റ്റ് ഗ്രീൻ, ഫയർ റെഡ്, സ്നോ വൈറ്റ്, ക്ലൗഡി ഗ്രേ നിറങ്ങളിലാണു നേപ്പാളിൽ ലഭ്യമാവുകയെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. സിപ്രാഡി ട്രേഡിങ്ങിന്റെ ഷോറൂമുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ടിയാഗൊ എൻ ആർ ജി രാജ്യവ്യാപകമായി ടെസ്റ്റ് ഡ്രൈവിനും ലഭ്യമാണെന്ന് കമ്പനി വ്യക്തമാക്കി.

പ്രീമിയം സവിശേഷതകളായ പുഷ് സ്റ്റാർട് ബട്ടൻ, റിയർ പാർക്കിങ് കാമറ, സ്വയം അടയുന്ന ഔട്ടർ റിയർ വ്യൂ മിറർ തുടങ്ങിയവ സഹിതമാണ് എൻആർജിയുടെ വരവ്. 1.2 ലീറ്റർ റെവൊട്രോൺ പെട്രോൾ എൻജിൻ കരുത്തേകുന്ന കാർ മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എ എം ടി) ഗീയർബോക്സുകളോടെ ലഭ്യമാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ടിയാഗൊ എൻആർജി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത്; 6.57 ലക്ഷം രൂപയാണു കാറിന്റെ ഇന്ത്യയിലെ ഷോറൂം വില.

ഹാച്ച്ബാക്ക് വിഭാഗത്തിൽ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങൾക്കു സമാനമായ സവിശേഷതകൾ ലഭ്യമാക്കാനുള്ള പ്രവണതയാണ് ‘ന്യൂ ഫോറെവർ’ ശ്രേണിയിലെ പുതുമുഖമായ ‘ടിയാഗൊ എൻ ആർ ജി’യെ വ്യത്യസ്തമാക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ഇന്റർനാഷനൽ ബിസിനസ് വിഭാഗം മേധാവി മയങ്ക് ബാൽഡി അഭിപ്രായപ്പെട്ടു. നേപ്പാളിലെ ഉപയോക്താക്കൾക്ക് സ്പോർട്ടിയും സാഹസികവും ആഹ്ലാദകരവുമായ യാത്ര സമ്മാനിക്കാൻ ‘ടിയാഗൊ എൻ ആർ ജി’ക്കാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 

നേപ്പാൾ വിപണിയെ സംബന്ധിച്ചിടത്തോളം സവിശേഷവും ആവേശകരവുമായ സ്ഥാനമാണ് ‘ടാറ്റ എൻ ആർ ജി’ക്കുള്ളതെന്ന് സിപ്രാഡി ട്രേഡിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ രാജൻ ബാബു ശ്രേഷ്ഠ അഭിപ്രായപ്പെട്ടു. ടാറ്റ മോട്ടോഴ്സുമായുള്ള പങ്കാളിത്തത്തിലെ നിർണായക നാഴികക്കല്ലാണ് ഈ കാറിന്റെ അവതരണമെന്നും അദ്ദേഹം വിലയിരുത്തി. 

English Summary: Tata Motors launches the all-new NRG in Nepal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com