ഇടിച്ച് തോൽപിക്കാനാവില്ല, സുരക്ഷ മുഖ്യം! ക്രാഷ് ടെസ്റ്റിലെ സൂപ്പർതാരങ്ങൾ ഇവർ

Mail This Article
പുതിയ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് നിബന്ധനകള്‍ നിലവില്‍ വന്നിട്ട് ഒരു വര്‍ഷത്തിലേറെയായി. വാഹനം ഇടിച്ചുള്ള പരിശോധനക്കൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, കാല്‍നടയാത്രക്കാരുടെ സുരക്ഷ, വശങ്ങളിലെ ആഘാതം, സീറ്റ്ബെല്‍റ്റ് മുന്നറിയിപ്പ് എന്നിങ്ങനെയുള്ളവയും വിജയകരമായി മറികടന്നാലേ പുതിയ പരിശോധനയില്‍ വാഹനങ്ങള്‍ക്ക് 5 സ്റ്റാര്‍ ലഭിക്കുകയുള്ളൂ. ഇതുവരെ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് 13 ഇന്ത്യന്‍ നിര്‍മിത കാറുകള്‍ ഈ ക്രാഷ് ടെസ്റ്റ് നടത്തി. അതില്‍ ഏറ്റവും മികച്ച പ്രകടനവും നടത്തിയ അഞ്ചു കാറുകളെ അറിയാം.

ടാറ്റ ഹാരിയര്‍/സഫാരി- 33.05 പോയിന്റ് (5 സ്റ്റാർ)
ടാറ്റ മോട്ടോഴ്സിന്റെ ഫ്ളാഗ്ഷിപ്പ് എസ്യുവികളായ ഹാരിയറും സഫാരിയും സുരക്ഷാ പരിശോധനയിലും മോശമാക്കിയില്ല. സാധ്യമായ 34ല്‍ 33.05 എന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയാണ് മുതിര്‍ന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ ടാറ്റയുടെ വാഹനങ്ങള്‍ മുന്നിലെത്തിയത്. വശങ്ങളില് നിന്നുള്ള ആഘാതത്തിന്റെ പരിശോധനയില്‍ യാത്രികരുടെ തല, നെഞ്ച്, വയര്‍, ഇടുപ്പ് എന്നീ ഭാഗങ്ങള്‍ക്കെല്ലാം മികച്ച സംരക്ഷണമുള്ള വാഹനങ്ങളാണ് ഇവയെന്നും തെളിഞ്ഞു. കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 45 പോയിന്റുമായാണ് ഹാരിയറും സഫാരിയും 5 സ്റ്റാര്‍ നേടിയത്. 6 എയര്‍ബാഗ്, ഇഎസ്പി, മുന്നറിയിപ്പ് സംവിധാനമുള്ള 3 പോയിന്റ് സീറ്റ് ബെല്‍റ്റ്, എബിഎസ്, ഇബിഡി, ടയര്‍ പ്രഷര്‍ മോണിറ്റര്‍ എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങളുമായാണ് ഈ ടാറ്റ എസ്യുവികള് വിപണിയിലെത്തുന്നത്.

ഫോക്സ്വാഗണ് വെര്‍ട്യൂസ്/സ്കോഡ സ്ലാവിയ- 29.71 പോയിന്റ് (5 സ്റ്റാർ)
ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയാണ് വെര്‍ട്യൂസും സ്ലാവിയയും സുരക്ഷ തെളിയിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 34 പോയിന്റില്‍ 29.71 പോയിന്റുകള്‍ ഈ കാറുകള്‍ നേടി. സൈഡ് ഇംപാക്ട് ടെസ്റ്റില്‍ 17ല്‍ 14.2 പോയിന്റു നേടിയ ഈ കാറുകള്‍ UN 127, GTR9 പെഡസ്ട്രിയന്‍ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 42 പോയിന്റുമായി 5 സ്റ്റാറും വെര്‍ട്യൂസും സ്ലാവിയയും നേടിയിട്ടുണ്ട്.

ഫോക്സ്വാഗണ് ടൈഗൂണ്‍/സ്കോഡ കുഷാക്- 29.64 പോയിന്റ് (5 സ്റ്റാർ)
ഒരേ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കപ്പെട്ട ഈ രണ്ട് മിഡ് സൈസ് എസ്യുവികള്‍ക്കും ഒരേ സ്കോറാണ് ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 34 പോയിന്റില്‍ 29.64 പോയിന്റുകള്‍ നേടിക്കൊണ്ട് ടൈഗൂണും കുഷാക്കും 5 സ്റ്റാര്‍ സുരക്ഷ ഉറപ്പിച്ചു. രണ്ട് എസ്.യു.വികളുടേയും രണ്ട് എയര്‍ ബാഗുള്ള മോഡലുകളാണ് ഗ്ലോബല്‍ എന്‍സിഎപി ടെസ്റ്റിന് ഉപയോഗിച്ചത്. അതേസമയം സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റിനായി ആറ് എയര്‍ബാഗുള്ള മോഡലും ഉപയോഗിച്ചു. ഗ്ലോബല്‍ എന്‍സിഎപിയില്‍ 17ല്‍ 14.5 പോയിന്റും സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റില്‍ 'OK' റേറ്റിങും രണ്ടു കാറുകള്‍ക്കും ലഭിച്ചു. UN 127 പെഡസ്ട്രിയന്‍ സേഫ്റ്റി നോംസ് പാലിക്കുന്ന വാഹനങ്ങളാണ് ഇതു രണ്ടും. കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 42 പോയിന്റ് നേടിയാണ് ഈ എസ്.യു.വികള്‍ 5 സ്റ്റാര്‍ നേടിയത്.

മഹീന്ദ്ര സ്കോര്‍പിയോ എന്‍- 29.25 പോയിന്റ് (5 സ്റ്റാർ)
മുതിര്‍ന്ന യാത്രികരുടെ സുരക്ഷയില്‍ സാധ്യമായ 34 പോയിന്റില്‍ സ്കോര്‍പിയോ എന്‍ 29.25 പോയിന്റുകള്‍ നേടിയാണ് 5 സ്റ്റാര്‍ സ്വന്തമാക്കിയത്. സൈഡ് ഇംപാക്ട് ടെസ്റ്റില്‍ 17ല്‍ 16 പോയിന്റുകള്‍ ഈ വാഹനം നേടി. കുട്ടികളുടെ സുരക്ഷയില്‍ മൂന്നു സ്റ്റാറാണ് ലഭിച്ചത്. 49ല്‍ 28.93 പോയിന്റ്. കാല്‍നടയാത്രികരുടെ സുരക്ഷ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങള്‍ സ്കോര്‍പിയോ എന്നിലുണ്ട്.

ഹ്യുണ്ടേയ് വെര്‍ന-28.18 പോയിന്റ് (5 സ്റ്റാർ)
ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ നേടിക്കൊണ്ട് മികച്ച പ്രകടനമാണ് ഹ്യുണ്ടേയുടെ വെര്‍ന നടത്തിയത്. മുതിര്‍ന്ന യാത്രികരുടെ സുരക്ഷയില്‍ 34ല്‍ 28.18 പോയിന്റ് വെര്‍ന നേടി. വശങ്ങളില് നിന്നുള്ള ആഘാത പരിശോധനയില്‍ OK റേറ്റിങാണ് വെര്‍ന നേടിയത്. 6 എയര്‍ബാഗുകള്‍, ഇഎസ്സി, ISOFIX മൗണ്ട്സ്, എല്ലാ സീറ്റിലും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയൊക്കെയുള്ള മോഡലാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. കുട്ടികളുടെ സുരക്ഷയിലും വെര്‍ന മികച്ച പ്രടനം നടത്തി. 49ല്‍ 42 പോയിന്റാണ് കുട്ടി സുരക്ഷയില്‍ വെര്‍ന നേടിയത്.