ADVERTISEMENT

ഏഥറിന്റെ പുതിയ വൈദ്യുത സ്‌കൂട്ടര്‍ മോഡലായ റിസ്തയുടെ ആദ്യ ബാച്ച് പുറത്തിറങ്ങിയെന്ന് ഏഥര്‍ എനര്‍ജി. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള ഫാക്ടറിയിലാണ് ഏഥര്‍ റിസ്ത നിര്‍മിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ പുറത്തിറങ്ങിയ റിസ്തക്ക് 1.10 ലക്ഷം രൂപ മുതലാണ് വില. മൂന്നു വകഭേദങ്ങളില്‍ ഏഴു നിറങ്ങളില്‍ റിസ്ത എത്തും. 

ഏഥര്‍ സഹസ്ഥാപകന്‍ തരുണ്‍ മേത്തയാണ് തന്റെ എക്‌സ് അക്കൗണ്ടില്‍ റിസ്തയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. റിസ്തയുടെ നിര്‍മാണം പൂര്‍ത്തിയായ മോഡലിന്റെ ചിത്രം സഹിതമാണ് തരുണിന്റെ ട്വീറ്റ്.  2013ല്‍ സ്ഥാപിതമായ ഏഥര്‍ എനര്‍ജി അതിവേഗത്തിലാണ് ഇന്ത്യന്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ സ്വാധീനം നേടിയത്. ഏഥര്‍ 450എസ്, ഏഥര്‍എക്‌സ്, ഏഥര്‍ അപെക്‌സ് തുടങ്ങിയ മോഡലുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. 

മെലിഞ്ഞ സ്‌പോര്‍ടി മോഡലുകളില്‍ നിന്നും വ്യത്യസ്തമായി വീതിയേറിയ സീറ്റും ബോക്‌സി ഡിസൈനുമായി എത്തുന്ന റിസ്തയുടെ ലക്ഷ്യം കുടുംബങ്ങളുമായി ബന്ധം സ്ഥാപിക്കുകയാണ്. റിസ്തയുടെ പിന്‍ഭാഗം വീതി കൂടിയതും ഉയരം കുറഞ്ഞതുമാണ്. ഇത് യാത്രികര്‍ക്ക് എളുപ്പം പിന്‍സീറ്റിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കുന്നു. സീറ്റിന്റെ ഉയരം 780എംഎം. ഗ്രൗണ്ട് ക്ലിയറന്‍സ് 165എംഎം. കൂടുതല്‍ മെലിഞ്ഞ ഏഥര്‍ 450എക്‌സിനെ അപേക്ഷിച്ച് 8 കിലോഗ്രാം മാത്രം കൂടുതലേ റിസ്തക്കുള്ളൂ(119കിഗ്രാം). 

എസ്, സെഡ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളാണ് റിസ്തക്കുള്ളത്. എസില്‍ 2.9kWh ബാറ്ററി പാക്ക് മാത്രമാണെങ്കില്‍ Z മോഡലില്‍ 2.9kWh, 3.7kWh ബാറ്ററികള്‍ ലഭ്യമാണ്. 2.9kWh പാക്കില്‍ 105 കിമിയും 3.7kWh ബാറ്ററി പാക്കില്‍ 125 കിമിയുമാണ് ഏഥര്‍ വാഗ്ദാനം ചെയ്യുന്ന റേഞ്ച്. പരമാവധി വേഗത മണിക്കൂറില്‍ 80 കിമി. 

34 ലീറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ്. മുന്നിലെ 22 ലീറ്ററിന്റെ സ്‌റ്റോറേജ് കൂടി ചേര്‍ക്കുമ്പോള്‍ ഇത് 56 ലീറ്ററാവും. സീറ്റിനടിയിലെ മള്‍ട്ടി പര്‍പസ് ചാര്‍ജര്‍ ഉപയോഗിച്ച് മറ്റ് ഉപകരണങ്ങളും ചാര്‍ജു ചെയ്യാനാവും. ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറാണ് റിസ്ത. ഇന്‍ട്രൊഡക്ടറി ഓഫറായാണ് ഏഥര്‍ റിസ്തയുടെ വില പ്രഖ്യാപിച്ചിരിക്കുന്നത്. 2.9 കിലോവാട്ട് ബാറ്ററിയുള്ള എസ് മോഡലിന് 1.10 ലക്ഷം രൂപയും 2.9 കിലോവാട്ട് ബാറ്ററിയുള്ള ദ മോഡലിന് 1.25 ലക്ഷം രൂപയും 3.7 കിലോവാട്ട് ബാറ്ററിയുള്ള ദ മോഡലിന് 1.45 ലക്ഷം രൂപയുമാണ് വില. ഭാവിയില്‍ വില കൂടാന്‍ സാധ്യതയുണ്ട്. 

ഏഥര്‍ 450എസിലേതിനു സമാനമായ ഡീപ് വ്യൂ എല്‍സിഡി ഡാഷ് തന്നെയാണ് റിസ്ത എസിലുമുള്ളത്. ഉയര്‍ന്ന വകഭേദമായ ദ ല്‍ 450എക്‌സിലെ ടിഎഫ്ടി ഡാഷ് നല്‍കിയിരിക്കുന്നു. രണ്ട് റൈഡിങ് മോഡുകള്‍, കൂടുതല്‍ റേഞ്ചിനായി സിപ്, മികച്ച പ്രകടനത്തിന് സ്മാര്‍ട്ട്ഇകോ. റിവേഴ്‌സ്, ഹില്‍ ഹോള്‍ഡ്, മാജിക് ട്വിസ്റ്റ് എന്നീ ഫീച്ചറുകളും റിസ്തയിലുണ്ട്. ടിവിഎസ് ഐക്യൂബ്, ഒല എസ് 1 എയര്‍ എന്നീ ഇവികളും ഹോണ്ട ആക്ടിവ, ടിവിഎസ് ജുപിറ്റര്‍ തുടങ്ങിയ സ്‌കൂട്ടറുകളുമാണ് ഏഥര്‍ റിസ്തയുടെ പ്രധാന എതിരാളികള്‍. പരമ്പരാഗത രൂപകല്‍പ്പനയിലെത്തുന്ന റിസ്ത കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് ഏഥറിന്റെ പ്രതീക്ഷ.

English Summary:

Ather Energy Launches Rista: India's First Electric Scooter with Traction Control System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com