ADVERTISEMENT

ഇന്ത്യൻ നിരത്തിൽ ഒടുവിലെത്തിയ സിട്രോണിന്റെ ബസാൾട്ടിന് ഇടി പരീക്ഷയിലും നക്ഷത്ര തിളക്കം. ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം എന്ന പേരിൽ പുറത്തിറങ്ങിയ ഈ കൂപ്പെ എസ് യു വി ഉയർന്ന സുരക്ഷയും ഉറപ്പാക്കുന്ന ഒന്നാണെന്ന് തെളിയിച്ചിരിക്കുന്നു. ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ നാല് സ്റ്റാറാണ് ബസാൾട്ടിന് ലഭിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും 4 സ്റ്റാർ സുരക്ഷ വാഹനം ഉറപ്പാക്കുന്നുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 26.19 പോയിന്റും കുട്ടികളുടേതിൽ 49 ൽ 35.90 പോയിന്റും നേടിയാണ് ബസാൾട്ട് ഇടി പരീക്ഷയിൽ 4 സ്റ്റാർ കരസ്ഥമാക്കിയത്.

നാച്വറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനിൽ യു, പ്ലസ് എന്നീ വേരിയന്റുകൾ ഇടി പരീക്ഷയ്ക്കിറങ്ങിയപ്പോൾ ടർബോ എൻജിൻ പതിപ്പിൽ പ്ലസ്, മാക്സ് വേരിയന്റുകളാണ് ക്രാഷ് ടെസ്റ്റിന് എത്തിയത്. നേരത്തെ ടാറ്റയുടെ ഹാരിയർ, പഞ്ച്, സഫാരി എന്നീ വാഹനങ്ങൾ ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടിയിരുന്നു. 

കഴിഞ്ഞ ഓഗസ്റ്റിലാണ് സിട്രോണിന്റെ ബസാൾട്ട് ഇന്ത്യയിലെത്തിയത്. ഇന്ത്യയ്ക്കായുള്ള സി ക്യൂബ്ഡ് പ്രോഗ്രാം പ്രകാരം സിട്രോണ്‍ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലാണിത്. എ3 എയര്‍ക്രോസുമായി ഏറെ സാമ്യതയുള്ള വാഹനമാണ് സിട്രോണ്‍ ബസാള്‍ട്ട്. എസ്‌യുവിയുമായി ഏറെ സാമ്യതയുള്ള മുന്‍ഭാഗമുള്ള വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപം വ്യത്യസ്തമാണ്. പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റൂഫ് ലൈനും പുത്തന്‍ അലോയ് വീലുകളും റീഡിസൈന്‍ഡ് എല്‍ഇഡി ടെയില്‍ ലാംപുകളും ഡ്യുവല്‍ടോണ്‍ റിയര്‍ ബംപറും ബസാള്‍ട്ടിലുണ്ട്. പോളാര്‍ വൈറ്റ്, പ്ലാറ്റിനം ഗ്രേ, കോസ്‌മോ ബ്ലൂ, ഗാര്‍നെറ്റ് റെഡ്, സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകള്‍. വെള്ള, ചുവപ്പ് നിറങ്ങളില്‍ ബ്ലാക്ക് റൂഫും ലഭ്യമാണ്. സി3 എയര്‍ക്രോസിന്റെ ഡാഷ് ബോര്‍ഡാണ് ബസാള്‍ട്ടിലും. പിന്‍സീറ്റിലെ യാത്രാ സുഖം വര്‍ധിപ്പിക്കാന്‍ അഡ്ജസ്റ്റബിള്‍ തൈ സപ്പോര്‍ട്ട്. ഇത് സെഗ്മെന്റില്‍ തന്നെ ആദ്യമായാണ് എത്തുന്നത്. 470 ലീറ്റര്‍ ബൂട്ട് സ്‌പേസ്.

ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാവുന്ന 10.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പിന്നില്‍ എസി വെന്റ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. സുരക്ഷക്കായി ആറ് എയര്‍ ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് കാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നീ ഫീച്ചറുകള്‍.

82 എച്ച്പി 115 എന്‍എം നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍. ടര്‍ബോ പെട്രോള്‍ എന്‍ജിനാണെങ്കില്‍ കരുത്ത് 110 എച്ച്പിയിലേക്കും പരമാവധി ടോര്‍ക്ക് 190 എൻ എമ്മിലേക്ക് ഉയരും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്കുമായി ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ മാത്രം.

English Summary:

Citroen Basalt scores 4 stars in BNCAP crash tests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com