ADVERTISEMENT

ക്ലാസിക് ശ്രേണിയിലെ ‘ജാവ 42’ മോട്ടോർ സൈക്കിളിന്റെ പുതിയ പതിപ്പ് വിൽപനയ്ക്കെത്തി; ‘ജാവ 2.1’ എന്നു വിശേഷിപ്പിക്കുന്ന ബൈക്കിന് 1,83,942 രൂപയാണു ഡൽഹി ഷോറൂമിൽ വില.  ഓറിയോൺ റെഡ്, സിരിയസ് വൈറ്റ്, ഓൾസ്റ്റാർ ബ്ലാക്ക് എന്നീ പുതുവർണങ്ങളിലും ‘ജാവ 2.1’ വിൽപ്പനയ്ക്കുണ്ട്. മൂന്നു വർഷം മുമ്പ് 2018ലായിരുന്നു ‘ജാവ’യുടെ രണ്ടാം വരവ്; തുടർന്നുള്ള വർഷങ്ങളിൽ കാഴ്ചയിൽ മാത്രമല്ല സാങ്കേതികവിഭാഗത്തിലും മാറ്റങ്ങളോടെയാണു മോട്ടോർ സൈക്കിൾ വിൽപ്പനയിൽ തുടരുന്നത്. 

കഴിഞ്ഞ വർഷം ബൈക്കുകളുടെ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) പതിപ്പുകളാണ് അവതരിപ്പിച്ചതെന്നു ‘ജാവ’ നിർമാതാക്കളായ ക്ലാസിക് ലെജൻഡ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആശിഷ് സിങ് ജോഷി അനുസ്രമിച്ചു. ഇത്തവണയാവട്ടെ കൂടുതൽ പുതുമകളും പരിഷ്കാരങ്ങളുമൊക്കെയായി ‘ജാവ 2.1’ ആണു പുറത്തിറക്കിയിരിക്കുന്നത്. മോട്ടോർ സൈക്കിളിന്റെ ശബ്ദം കൂടുതൽ ആകർഷമാക്കിയതിനൊപ്പം പ്രകടനം മെച്ചപ്പെടുത്താനായി ക്രോസ് പോർട്ട് എൻജിൻ ട്യൂണിങ് പരിഷ്കരിക്കുകയും കൂടുതൽ യാത്രാസുഖത്തിനായി സീറ്റിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ടെന്നു ജോഷി വിശദീകരിച്ചു. 

‘ജാവ 42’ മോട്ടോർ സൈക്കിളിനു കരുത്തേകുന്നത് 293 സി സി, ലിക്വിഡ് കൂൾഡ്, ഫ്യുവൽ ഇഞ്ചക്റ്റഡ് ഫോർ സ്ട്രോക്ക് എൻജിനാണ്; 27.33 പി എസ് വരെ കരുത്തും 27.02 എൻ എമ്മോളം കരുത്തുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ക്രോസ് പോർട്ട് സാങ്കേതികവിദ്യയുടെ പിൻബലമുള്ള ആദ്യ സിംഗിൾ സിലിണ്ടർ എൻജിനാണിതെന്നും ‘ജാവ’ നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്. മോട്ടോർ സൈക്കിളിനായി പ്രത്യേക വികസിപ്പിച്ച 13 സ്പോക്ക് അലോയ് വീലും ട്യൂബ്രഹിത ടയറും സഹിതമാണ് ‘ജാവ 2.1’ എത്തുന്നത്. ഹാൻഡിൽ ബാറിന്റെ അഗ്രത്തിൽ മിററും ഓൾ ബ്ലാക്ക് ഫിനിഷുമുള്ള ബൈക്കിൽ ഇപ്പോൾ ട്രിപ് മീറ്ററും ഘടിപ്പിച്ചിട്ടുണ്ട്.

സീറ്റ് പാൻ രൂപകൽപ്പന പരിഷ്കരിച്ചതിനൊപ്പം കുഷ്യനിലും മാറ്റം വരുത്തിയാണു ബൈക്കിലെ യാത്രാസുഖം മെച്ചപ്പെടുത്തിയത്. ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിക്കാനും റൈഡ് നിലവാരം ഉയർത്താനുമായി സസ്പെൻഷനും ഫ്രെയിം സെറ്റപ്പും റീ ട്യൂൺ ചെയ്തിട്ടുണ്ട്. കൂടാതെ ഫ്ളൈ സ്ക്രീനും ഹെഡ്‌ലാംപ് ഗ്രില്ലും ഓപ്ഷനൽ വ്യവസ്ഥയിലും ലഭ്യമാക്കുന്നുണ്ട്. ‘ജാവ 42’ ബൈക്കിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത സാഡ്ൽ ബാഗുകൾ ഡീലർഷിപ്പുകളിൽ വിൽപ്പനയ്ക്കുണ്ട്. ഇന്ത്യൻ വിപണിയിൽ ഹോണ്ട ‘ഹൈനസ് സി ബി 350’, റോയൽ എൻഫീൽഡ് ‘ക്ലാസിക് 350’ തുടങ്ങിയവരാണ് ‘ജാവ 42’ ബൈക്കിന്റെ എതിരാളികൾ.

English Summary: New Jawa 42 Version 2.1 launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com