പുതിയ നെക്സോൺ വന്നു, കണ്ടതെല്ലാം പുതുമ
Mail This Article
ആറു കൊല്ലം മുമ്പ് ആദ്യമായി കാണുമ്പോഴും പുതുപുത്തൻ ആടയാഭരണങ്ങളിൽ ഇന്നലെ വീണ്ടും കണ്ടപ്പോഴും നിന്നെപ്പറ്റി ഒന്നേ പറയാനുള്ളൂ; കാലത്തിനു മുമ്പേ ഓടുന്നവൾ. നിനക്ക് ഓർമയുണ്ടാകുമോ? മൂന്നാറിലായിരുന്നു നമ്മുടെ ആദ്യ സമാഗമം. ടാറ്റാ മോട്ടോഴ്സിന്റെ പ്രഥമ ചെറു എസ്‌യുവി നെക്സോൺ മാധ്യമ ഡ്രൈവ് അവിടെയായിരുന്നല്ലോ. ഇന്ത്യയുടെ പല ഭാഗത്തു നിന്നുമെത്തിയ പത്രക്കാർക്കൊപ്പം ഞാനുമുണ്ടായിരുന്നു; നെക്സോൺ എന്ന നിന്നെ അടുത്തറിയാൻ...
കാലാതീതം
വെറുതെയങ്ങു പുകഴ്ത്തിയതല്ല. കാലത്തിന് അതീതമായി നിൽക്കുന്ന രൂപമാണ് എന്നും നെക്സോണിന്. 2017 ൽ ആദ്യം ഇറങ്ങിയപ്പോൾ കുറച്ചധികം രുപകൽപന ചെയ്തു പോയോ എന്ന സംശയം തോന്നിപ്പിക്കുന്ന പിൻവശവും മൊത്തത്തിലുള്ള ചന്തവും ‘ഫ്യൂച്ചറിസ്റ്റിക്’ തന്നെയായിരുന്നു. ഇപ്പോഴിതാ ആറു വർഷവും ആറു ലക്ഷത്തോളം കാറുകളും പിന്നിട്ടിട്ടും നിറയൗവനത്തിൻറെ പ്രതീകമെന്നോണം പുതു രൂപത്തിൽ പുതിയ നെക്സോൺ. ഇപ്പോഴും ഓരോ അണുവിലും ‘ഫ്യൂച്ചറിസ്റ്റിക്’ തന്നെ. എങ്ങനെ എന്നും ഈ യുവത്വം എന്നു ചോദിച്ചാൽ ടാറ്റാ എൻജിനീയർമാരുടെ മറുപടി: ‘‘നിങ്ങൾക്കെന്താണോ വേണ്ടത് അതിലധികം ഞങ്ങൾ തരും. അതാണ് നെക്സോൺ...’’
പുതു കാലം, പുതു രൂപം
പുതിയ നെക്സോൺ കാലത്തിനനുസരിച്ചുള്ള മാറ്റമാണ്. പഴയ മോഡലുമായി വിദൂര സാദൃശ്യമുണ്ടെങ്കിൽ, കാരണം വലിയ മാറ്റങ്ങൾ വന്നിട്ടില്ലാത്ത വശങ്ങളായിരിക്കണം. ഡോർ പാനലുകൾ നിലനിർത്തിക്കൊണ്ട് ബാക്കിയൊക്കെ അടിമുടി മാറി. പ്രത്യേകിച്ച് മുൻ, പിൻ വശങ്ങൾ. ഫെൻഡറുകളും വീൽ ആർച്ചുകളും ഇലക്ട്രിക് വാഹനങ്ങളെ അനുസ്മരിപ്പിക്കുന്ന അലോയ് വീലുകളും വശങ്ങളിലെ പ്രത്യേകതകളാണ്.
വാലിട്ടെഴുതിയ കടക്കണ്ണുകൾ ഭാവസാന്ദ്രം...
മുൻവശം അത്യാധുനികമായി. തീരെച്ചെറിയ ഹെഡ് ലാംപുകൾക്കു മുകളിലായി വാലിട്ടു കണ്ണെഴുതിയതുപോലെയുള്ള ഇൻഡിക്കേറ്റർ, ഡേ ടൈം റണ്ണിങ് ലാംപ് ക്ലസ്റ്റർ. പിൻവശത്തുമുണ്ട് വശങ്ങളിൽനിന്നു വശങ്ങളിലേക്കു നീളുന്ന ഇത്തരമൊരു എൽഇഡി കോംബിനേഷൻ ലാംപ്. വാഹനം സ്റ്റാർട്ടാക്കുമ്പോഴും നിർത്തുമ്പോഴും വെൽക്കം, ഗുഡ്ബൈ ആനിമേഷനുകളായി വിവിധ ഭാവങ്ങൾ ഈ വിളക്കുകളിൽ മിന്നിമറയും. നിലവിലുള്ള മോഡലിനെക്കാൾ കുറച്ചുകൂടി ലളിതമാക്കിയ പിൻഭാഗത്തെ സ്പോയ്‌ലറിൽ സുരക്ഷിതമായി ഉൾക്കൊള്ളിച്ചിരിക്കുന്ന റിയർ വൈപ്പർ പുതുമയാണ്. കാഴ്ചയിൽ ന്യൂനതകളൊന്നും കണ്ടുപിടിക്കാനാവാത്ത നല്ലൊരു ഡിസൈൻ.
ഉള്ളാണെങ്കിൽ ‘ടെക്കി’
ടാറ്റയുടെ കളി മുഴുവൻ ഉള്ളിലാണ്. ഇല്ലാത്ത സൗകര്യങ്ങളില്ല. മനോഹരമായ ലെതറൈറ്റ് സീറ്റുകൾ പുനർരൂപകൽപനയാണ്. മുൻ സീറ്റുകൾ രണ്ടിനും ഉയരക്രമീകരണമുണ്ട്. കൊടും ചൂടിലും ആശ്വാസമേകുന്ന വെൻറിലേറ്റഡ് സീറ്റുകളാണ് ഡ്രൈവർക്കും കോ ഡ്രൈവർക്കും. പിൻ സീറ്റുകളിലും ലെഗ് റൂം ആവശ്യത്തിനുണ്ട്. നല്ല സപ്പോർട്ട് എല്ലാത്തരത്തിലും നൽകുന്ന സീറ്റുകൾ. ഡിക്കി ഇടം ധാരാളം, 382 ലീറ്റർ. ഡാഷ് ബോർഡ് അടക്കം പുതിയ രൂപകൽപന. പ്ലാസ്റ്റിക് നിലവാരം ലോകോത്തരം.
സാങ്കേതികതയുടെ അതിപ്രസരം
നിറഞ്ഞു തുളുമ്പുന്ന സാങ്കേതികത ഇതൊക്കെ: വണ്ടി സ്റ്റാർട്ടാക്കിയാൽ മാത്രം തെളിയുന്ന ടാറ്റാ ലോഗോയുള്ള രണ്ടു സ്പോക്ക് സ്റ്റിയറിങ്; ഇലൂമിനേറ്റഡ് ലോഗോ വേറെ അധികം വണ്ടികളിൽ കണ്ടിട്ടില്ല. ഡാഷിനു നടുവിലും സ്റ്റിയറിങ് കൺസോളിലുമായി രണ്ട് 10.25 ഇഞ്ച് ഡിസ്പ്ലേകൾ. ഇവയിൽ മാറി മാറി ഡിസ്പ്ലേകൾ സിലക്ട് ചെയ്യാം. എന്നു വച്ചാൽ മാപ്പ് സ്റ്റിയറിങ് കൺസോളിൽ ഡിസ്പ്ലേ ചെയ്യും. ഡ്രൈവിങ്ങിൽ അതാണല്ലോ സൗകര്യം. മാപ്പ് വരുമ്പോൾ സ്പീഡോ മീറ്ററും മറ്റും ചെറുതായി വശങ്ങളിലേക്ക് ഒതുങ്ങും. 9 സ്പീക്കർ ഹർമൻ ഓഡിയോ സിസ്റ്റം.
തീർന്നില്ല, ഇനിയുമുണ്ട്...
‘ഹലോ ടാറ്റാ’ എന്നു പറഞ്ഞിട്ട് ആജ്ഞാപിച്ചാൽ അനുസരിക്കുന്ന വോയ്സ് അസിസ്റ്റ് സിസ്റ്റം. ‘അലക്സ’ എന്നു പറഞ്ഞാലും വിളി കേൾക്കും. ആറു ഭാഷകളിൽ ആജ്ഞകൾ നൽകാം. മലയാളികളുടെ ഇഷ്ട കാറാണെങ്കിലും മലയാളം എത്തിയിട്ടില്ല. ടാറ്റയുടെ കുഴപ്പമല്ല, ഭാഷ കംപ്യൂട്ടറിനു വഴങ്ങാത്തതുകൊണ്ടാണ്, ശരിയാകും. മിഴിവുള്ള 360 ക്യാമറ. ഇൻഡിക്കേറ്ററിട്ടാൽ ക്യാമറയിൽ വശങ്ങളിലെ കാണാക്കാഴ്ചകൾ തെളിയും. ടച്ച് നിയന്ത്രണങ്ങളാണെല്ലാം. എസിയുടെ ഫാനും ടെംപറേച്ചറും മാത്രമേയുള്ളൂ ടച്ച് അല്ലാത്ത സ്വിച്ച്. കണക്ടഡ് ടെക്നോളജി ഉപയോഗിച്ച് കാർ സ്റ്റാർട്ടാക്കാം, എ സി ഓണാക്കി തണുപ്പിക്കാം. പറഞ്ഞാൽ തുറക്കുന്ന സൺ റൂഫ്. ഓട്ടമാറ്റിക് ഹെഡ് ലാംപ്, വൈപ്പർ, വയർലെസ് ചാർജർ...
പെട്രോളും ഡീസലും ഇലക്ട്രിക്കും
പെട്രോൾ, ഡീസൽ ഡ്രൈവാണ് ആദ്യഘട്ടത്തിൽ ടാറ്റ ഒരുക്കിയത്. ഇലക്ട്രിക് ഒപ്പം ഇറങ്ങുന്നുണ്ട്, പിന്നീട് ഓടിക്കാനവസരം ലഭിക്കും. 82 കിലോവാട്ടുള്ള ടർബോ പെട്രോൾ, 84.5 കിലോവാട്ടിന്റെ ഡീസൽ എന്നിവ പണ്ടേയുണ്ട്. വന്ന പ്രധാന മാറ്റം പെട്രോളിന് അത്യാധുനിക 7 സ്പീഡ് ഡിസിടി ഓട്ടമാറ്റിക് ഗിയറെത്തി എന്നതാണ്. എല്ലാ മോഡലിനും 6 സ്പീഡ് മാനുവലും എഎംടി ഓട്ടമാറ്റിക്കുമുണ്ട്. ഇക്കോ, സിറ്റി, സ്പോർട്സ് മോഡുകൾ. പഴയ മോഡലിന് ലീറ്ററിന് 17 കി.മീ മുതൽ 24 കി.മീ വരെ, പുതിയതിന് അതിൽ കൂടുതൽ പ്രതീക്ഷിക്കാം.
‘ഹലോ ടാറ്റാ’: ഓടിച്ചിട്ട് എങ്ങനുണ്ട്?
സുഖകരം. ഡിസിടിയാണ് താരം. ഡ്രൈവിങ് രീതിക്കനുസരിച്ച് സ്വയം പഠിച്ച് പ്രവർത്തിക്കുന്ന സംവിധാനം ഓരോ ഡ്രൈവറിന്റെയും ഡ്രൈവിങ് രീതിയനുസരിച്ച് പ്രതികരിക്കും. പാഡിൽ ഷിഫ്റ്റ് പ്രവർത്തനം രസകരമത്രെ. യാത്രയും ഹാൻഡ്‌ലിങ്ങും കുറച്ചു കൂടി മെച്ചപ്പെട്ടു. 208 മി.മി. ഗ്രൗണ്ട് ക്ലിയറൻസ് ഏതു പാതയിലൂടെ പോകാനും ധൈര്യമേകും. ഡീസൽ മോഡലും ഒട്ടും മോശമല്ലാത്ത ഡ്രൈവിങ് നൽകുന്നു. ശബ്ദവും വിറയലും ക്യാബിനിൽ തീരെ ഇല്ലാതായി എന്നതാണൊരു മികവ്.
സുരക്ഷ തുടർക്കഥ
ഇന്ത്യയിൽ നിർമിച്ച വാഹനങ്ങളിൽ ആദ്യമായി എൻസിഎപി ആഗോള പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ച നെക്സോൺ അതേ മികവ് തുടരുന്നു. പുറമെ കാലികമായ ആറ് എയർ ബാഗുകൾ, എല്ലാ യാത്രക്കാർക്കും ത്രീ പോയിന്റഡ് സീറ്റ് ബെൽറ്റ്, ഇഎസ്പി, എമർജൻസിക്കും ബ്രേക്ക്ഡൗണിനും ഒറ്റ ബട്ടനിൽ വിളിക്കാനാവുന്ന ഇ കോൾ, ബി കോൾ സംവിധാനങ്ങൾ എന്നിവയെത്തി. 360 ക്യാമറയും കാണാമറയത്തുള്ള കാഴ്ചയും മുൻ പാർക്കിങ് സെൻസറുകളും ഓട്ടോഡിമ്മിങ് ലൈറ്റുകളും പ്രഷർ മോണിട്ടറും ഫ്രണ്ട് ഫോഗ് ലാംപ് കോർണറിങ് സംവിധാനവും പിൻ ക്യാമറയുമൊക്കെ കൂടുതൽ സുരക്ഷയേകുന്നു.
നാലു വ്യക്തിത്വങ്ങൾ...
വേരിയന്റുകളായല്ല, വ്യക്തിത്വങ്ങളായാണ് തരം തിരിവ്. ഓരോ വ്യക്തിയുടെയും സ്വഭാവ ഗുണമറിഞ്ഞ് ഫിയർലെസ്, ക്രിയേറ്റിവ്, പ്യുർ, സ്മാർട് എന്നിങ്ങനെ നാലു വേരിയന്റുകൾ എന്ന വ്യക്തിത്വങ്ങൾ. പുതിയ നിറങ്ങളുമുണ്ട്. വില പ്രഖ്യാപനം വരുന്നതേയുള്ളൂ. നിലവിലുള്ള മോഡലിനെക്കാൾ വലിയ വർധന പ്രതീക്ഷിക്കേണ്ട.
English Summary: Tata Nexon Test Drive Report