ഇലക്ട്രിക്കിൽ താരം നെക്സോൺ.ഇവി: റേഞ്ച് 465

Mail This Article
അര ലക്ഷം നെക്സോൺ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയൊട്ടാകെ ഇറങ്ങിയെങ്കിൽ അതിൽ പതിനായിരത്തിലധികം കേരളത്തിലാണോടുന്നത്. ടാറ്റ കേരളത്തിന്റെ സ്വന്തം കാറാണെന്ന പരസ്യപ്രചരണങ്ങൾ എത്ര സത്യസന്ധം. നെക്സോൺ ഇലക്ട്രിക് പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ നെക്സോൺ.ഇവി എന്ന പേരിൽ പുനർജനിക്കുമ്പോൾ ഈ സ്നേഹം അധികരിക്കാനാണു സാധ്യത. കാരണം അത്രയ്ക്ക് മനോഹരമാണ് പുതിയ അവതാരം.
‘ഇവി’ക്കൊത്ത ചേല്...
ഫ്യൂച്ചറിസ്റ്റിക് രൂപം. ഒരു ‘ടെസ്‌ല ലുക്ക്’. കാലത്തിനനുസരിച്ചുള്ള എല്ലാ മാറ്റങ്ങളും ഇവിയിലും എത്തി. ഡോർ പാനലുകൾ നിലനിർത്തി ബാക്കിയൊക്കെ അടിമുടി മാറിയിരിക്കയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ സ്വതസിദ്ധമായ അലോയ് വീൽ രൂപകൽപന പെട്രോൾ, ഡീസൽ മോഡലുകളിൽ എത്തിയത് ഇലക്ട്രിക്കിൽ നിന്ന് ഉൾക്കൊണ്ടാവണം. ഗ്രില്ലിലെ ചെറിയ മാറ്റങ്ങൾ ഭംഗി കൂട്ടുന്നു. മനോഹരമായ പുതു നിറങ്ങൾ. ഇതിൽ ശ്രദ്ധേയം പ്രിസ്റ്റീൻ വൈറ്റ് എന്ന മെറ്റാലിക് വെളുപ്പ്. ഫിയർലെസ് പർപിൾ, ക്രിയേറ്റിവ്ഓഷൻ എന്നീ പേരുകളിൽ ടാറ്റ വിളിക്കുന്ന നിറങ്ങളും ഗംഭീരം. ഡ്യുവൽ ടോൺ ഫിനിഷുമുണ്ട്. കാഴ്ചയിൽ ഇവിയ്ക്ക് 100 മാർക്ക്.

നിറഞ്ഞു തുളുമ്പുന്ന ‘ഇവി’യഴക്...
തീരെച്ചെറിയ ഹെഡ് ലാംപുകൾക്കു മുകളിലുള്ള നീണ്ട ലാംപ് ക്ലസ്റ്ററിനു പരിഷ്കാരമുണ്ടായി. ഇവിയിൽ മുൻ വശം മുഴുവൻ നിറഞ്ഞു നിൽക്കയാണ് ഈ ലാംപ്. വാഹനം സ്റ്റാർട്ടാക്കുമ്പോഴും നിർത്തുമ്പോഴും വെൽക്കം, ഗുഡ്ബൈ ആനിമേഷനുകളെത്തുന്നതിനു പുറമെ ചാർജ് ചെയ്യുമ്പോൾ മധ്യത്തിൽ ഗ്രില്ലിനു മുകളിലായുള്ള ഭാഗം തെളിഞ്ഞു നിൽക്കും. ദൂരെ നിന്ന് ചാർജിങ് യഥാവിധം നടക്കുന്നുണ്ടോ എന്നറിയാം. നിലവിലുള്ള മോഡലിനെക്കാൾ കുറച്ചുകൂടി ലളിതമാക്കിയ പിൻഭാഗത്ത് സ്പോയ്‌ലറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നറിയർ വൈപ്പർ ഇവിക്കുമുണ്ട്. പിന്നിലെ വശങ്ങളിൽ നിന്നു വശങ്ങളിലേക്കു നീളുന്ന എൽ ഇ ഡി കോംബിനേഷൻ ലാംപ് രൂപകൽപനയിലും മാറ്റമില്ല.

അകത്തേക്ക് കടന്നാലും ‘ഇവി’
ഡ്യുവൽ ടോൺ സ്റ്റീയറിങ് വീലും 12.3 ഇഞ്ച് ഡാഷ്ബോർഡ് ഡിസ്പ്ലേയുമാണ് ഉള്ളിലെ പ്രധാന വ്യത്യാസങ്ങൾ. പൂർണമായും ഡിജിറ്റലായ കോക് പിറ്റ്. മനോഹരമായ ലെതറൈറ്റ് സീറ്റുകളിൽ സീറ്റ് ഹൈറ്റ് അഡ്ജസറ്ററും വെന്റിലേഷനും മുൻ നിരയിലുണ്ട്. സ്റ്റാർട്ടാക്കിയാൽ മാത്രം തെളിയുന്ന ടാറ്റാ ലോഗോയുള്ള രണ്ടു സ്പോക്ക് സ്റ്റിയറിങ്, സ്റ്റിയറിങ് കൺസോളിലെ 10.25 ഇഞ്ച് ഡിസ്പ്ലേ എന്നിവ നിലനിർത്തി.

തിയറ്റർ.ഇവി...
9 സ്പീക്കർ ജെ ബി എൽ ഓഡിയോ സിസ്റ്റം മെച്ചപ്പെട്ടു. കാരണം വലിയ 12.3 ഇഞ്ച് ഡിസ്പ്ലേയും ആർക്കേഡ് എന്ന സംവിധാനവും. യൂട്യൂബും ഒടിടി അടക്കമുള്ള ഏത് ആപ്പും ഡൗൺലോഡ് ചെയ്ത് ആസ്വദിക്കാനുള്ള സംവിധാനമാണ് ആർക്കേഡ്. മനോഹരമായ വലിയ ഡിസ്പ്ലേയും ഹോം തിയറ്ററുകളെ വെല്ലുന്ന ശബ്ദക്രമീകരണങ്ങളും ഇന്ത്യയിലിന്ന് അധികം കാറുകളിലില്ല. നിർത്തിയിടുമ്പോൾ മാത്രം പ്രവർത്തിക്കുന്ന വിധത്തിലാണ് വിഡിയോ സംവിധാനം.

ഇവി.സൗകര്യങ്ങൾ
പെട്രോൾ, ഡീസൽ മോഡലുകളിലെ സൗകര്യങ്ങളെല്ലാം നിലനിർത്തി. ‘ഹലോ ടാറ്റാ’ എന്നു പറഞ്ഞിട്ട് ആജ്ഞാപിച്ചാൽ അനുസരിക്കുന്ന വോയ്സ് അസിസ്റ്റ് സിസ്റ്റം. ‘അലക്സ’ എന്നു പറഞ്ഞാലും വിളി കേൾക്കും. ആറു ഭാഷകളിൽ ആജ്ഞകൾ നൽകാം. മലയാളികളുടെ ഇഷ്ട കാറാണെങ്കിലും മലയാളം എത്തിയിട്ടില്ല. ടാറ്റയുടെ കുഴപ്പമല്ല, ഭാഷ കംപ്യൂട്ടറിനു വഴങ്ങാത്തതുകൊണ്ടാണ്, ശരിയാകും. മിഴിവുള്ള 360 ക്യാമറ. ഇൻഡിക്കേറ്ററിട്ടാൽ ക്യാമറയിൽ വശങ്ങളിലെ കാണാക്കാഴ്ചകൾ തെളിയും. ടച്ച് നിയന്ത്രണങ്ങളാണെല്ലാം. എ സിയുടെ ഫാനും ടെംപറേച്ചറും മാത്രമേയുള്ളൂ ടച്ച് അല്ലാത്ത സ്വിച്ച്. കണക്ടഡ് ടെക്നോളജി ഉപയോഗിച്ച് കാർ സ്റ്റാർട്ടാക്കാം, എ സി ഓണാക്കി തണുപ്പിക്കാം. പറഞ്ഞാൽ തുറക്കുന്ന സൺ റൂഫ്. ഓട്ടമാറ്റിക് ഹെഡ് ലാംപ്, വൈപ്പർ, വയർലെസ് ചാർജർ...

ഇവി, ഒരു ഇലക്ട്രിക് താരം
എൽആർ എന്ന ലോങ് റേഞ്ച്, എംആർ എന്ന മീഡിയം റേഞ്ച് എന്നിങ്ങനെ രണ്ടു വേരിയന്റുകൾ. നിലവിലെ മാക്സ് മോഡലാണ് എൽആറിനു തുല്യം. ബാറ്ററിയിലും മോട്ടറിലുമൊന്നും വലിയ ഭേദഗതി വരുത്താതെ 7 ശതമാനം റേഞ്ച് ഉയർത്താൻ സാധിച്ചിട്ടുണ്ട്. 465 കീ.മിയാണ് എൽ ആർ മോഡലിന്റെ റേഞ്ച്. എം ആറിന് 325 കീ.മി. രണ്ടു മോഡലിലും പവർ ട്രെയിൻ കാലിക മാറ്റങ്ങൾക്ക് വിധേയമായി. പൂജ്യത്തിൽ നിന്ന് നൂറിലെത്താൻ ഇപ്പോൾ 8.9 സെക്കൻഡ് മതി എൽ ആറിന്. എം ആറിന് 9.2 സെക്കൻഡിൽ നൂറിലെത്താം. മൂന്നു മോഡുകളിൽ ക്രമീകരിക്കാവുന്ന റീജെൻ സംവിധാനം ഓട്ടത്തിൽ സ്വയം ചാർജ് ചെയ്ത് റേഞ്ച് കൂട്ടും.
ഇവി.ഡ്രൈവിങ്

ശക്തിയും റേഞ്ചും അധികമുള്ള എൽആർ മോഡലാണ് ഡ്രൈവ് ചെയ്തത്. പുതിയ പരിഷ്കാരങ്ങൾ ഡ്രൈവിങ് സുഖവും നിയന്ത്രണവും ഉയർത്തുന്നു. പഴയ മോഡലിനെക്കാൾ സ്മൂത്ത് ഡ്രൈവിങ്. ശക്തി അനിയന്ത്രിതമായി തോന്നുന്ന അവസ്ഥയും പൂർണമായി മാറി. ഇക്കോ, സിറ്റി , സ്പോർട്ട് മോഡുകളിൽ മൂന്നിലും ആവശ്യത്തിലധികം ശക്തി കിട്ടും. പാഡിൽ ഷിഫ്റ്ററുകൾ ഡ്രൈവിങ് ആവേശം പതിന്മടങ്ങ് ഉയർത്തും. ഒരു തവണയെങ്കിലും ഇലക്ട്രിക് ഓടിച്ചവർക്കറിയാം സ്പോർട്സ് കാറുകളെ വെല്ലുന്ന ഇലക്ട്രിക് പെർഫോമൻസ്.

വീടിനു കറന്റ് ‘ഇവി’ തരും
ഇവികൾക്കു മുഖ്യം ചാർജിങ്ങാണല്ലോ. പല തരം ചാർജിങ് സംവിധാനങ്ങളുണ്ട്. 7.2 കിലോവാട്ട് ഹോം വാൾബോക്സ് ചാർജർ എം ആർ 4.3 മണിക്കൂറിലും എൽ ആർ 6 മണിക്കൂറിലും ചാർജാക്കും. സാധാരണ എസി ഹോം വാൾ ചാർജറിന് 10.5 മണിക്കൂറും 15 മണിക്കൂറും എടുക്കുമ്പോൾ ചാർജിങ് സ്റ്റേഷനുകളിലുള്ള ഡി സി ഫാസ്റ്റ് ചാർജറിന് 56 മിനിറ്റിൽ രണ്ടു മോഡലിനും 80 ശതമാനം ചാർജ് കൊടുക്കാനാവും. യാത്രകളിൽ ഉപകരിക്കുന്ന 15 ആംപ് പോർട്ടബിൾ ചാർജറിന് പൂർണ ചാർജിങ്ങിന് 10.5, 15 മണിക്കൂർ ആവശ്യമുണ്ട്. വാഹനത്തിൽ നിന്നു വാഹനത്തിലേക്കും തിരിച്ചും ചാർജിങ്ങാകാം. കോഫി മേക്കറടക്കമുള്ള ചെറു ഉപകരണങ്ങൾക്കു മാത്രമല്ല കറന്റ് പോയാൽ ഇൻവർട്ടർ പോലെ വീടുകൾക്ക് തിരിച്ചു ചാർജ് നൽകാനും ഇവിക്കാകും.

ഇവി.സുരക്ഷ
ബാറ്ററി സുരക്ഷയ്ക്കായുള്ള ശക്തിപ്പെടുത്തലുകൾ ബോഡിയിൽ വരുത്തിയിട്ടുണ്ട്. വെള്ളം കയറിയാലും നശിക്കാത്ത ലിക്യുഡ് കൂൾഡ് ബാറ്ററിക്ക് ഐ പി 67 റേറ്റിങ്ങുണ്ട്. ഇന്ത്യയിൽ നിർമിച്ച വാഹനങ്ങളിൽ ആദ്യമായി എൻസിഎപി ആഗോള പഞ്ച നക്ഷത്ര റേറ്റിങ് ലഭിച്ച നെക്സോൺ അതേ മികവ് തുടരുന്നു. പുറമെ ആറ് എയർ ബാഗുകൾ, എല്ലാ യാത്രക്കാർക്കും ത്രീ പോയിന്റഡ് സീറ്റ് ബെൽറ്റ്, ഇഎസ്പി, എമർജൻസിക്കും ബ്രേക്ക് ഡൗണിനും ഒറ്റ ബട്ടനിൽ വിളിക്കാനാവുന്ന ഇ കോൾ, ബി കോൾ സംവിധാനങ്ങൾ എന്നിവയെത്തി. 360 ക്യാമറയും കാണാമറയത്തുള്ള കാഴ്ചയും മുൻ പാർക്കിങ് സെൻസറുകളും ഓട്ടോഡിമ്മിങ് ലൈറ്റുകളും ടയർ പ്രഷർ മോണിട്ടറും ഫ്രണ്ട് ഫോഗ് ലാംപ് കോർണറിങ് സംവിധാനവും പിൻ ക്യാമറയുമൊക്കെ കൂടുതൽ സുരക്ഷയേകുന്നു.

ഇവി.വ്യക്തിത്വം
സാദാ നെക്സോണിനെപ്പോലെ വേരിയന്റുകളായല്ല വ്യക്തിത്വങ്ങളായാണ് തരം തിരിവ്. ഓരോ വ്യക്തിയുടെയും സ്വഭാവ ഗുണമറിഞ്ഞ് ഫിയർലെസ്, ക്രിയേറ്റിവ്, എം പവേർഡ് എന്നിങ്ങനെ നാലു വേരിയന്റുകൾ എന്ന വ്യക്തിത്വങ്ങൾ.
English Summary: Tata Nexon EV Test Drive